തിരുവനന്തപുരം: മുഖ്യന്റെ വാക്കും പഴഞ്ചാക്ക് എന്ന സ്ഥിതിയിലാണ് കേരളത്തിലെ നഴ്‌സുമാരുടെ അവസ്ഥ. രണ്ടു മാസങ്ങൾക്ക് മുമ്പ് കേരള മുഖ്യമന്ത്രി നൽകിയ ഉറപ്പിന്മേലാണ് നഴ്‌സുമാർ കേരളത്തിൽ അങ്ങോളം ഇങ്ങോളം നടത്തിപ്പോന്ന സമരം അവസാനിപ്പിച്ചത്. എന്നാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം കൂട്ടാൻ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ ഇതുവരെയും നടപ്പായില്ല. ഇതോടെ സംസ്ഥാന വ്യപകമായി വീണ്ടും സമരത്തിനിറങ്ങാൻ ഒരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടന.

സ്വകാര്യ ആശുപത്രി മാനേജുമെന്റുകളിൽ നിന്നും തരംതാഴ്‌ത്തൽ അടക്കം കടുത്ത പ്രതികാര നടപടികളാണ് സമരം ചെയ്ത നഴ്‌സുമാർ നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി തെരുവിലേക്കിറങ്ങാൻ നഴ്‌സുമാരെ പ്രേരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളെ പ്രതിസന്ധിയിലാക്കി നഴ്‌സുമാരുടെ സമരം പുരോഗമിക്കവേയാണ് കഴിഞ്ഞ ജുലൈ 20ന് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം കൂട്ടാൻ ആശുപത്രി മാനേജ്‌മെന്റുകളുമായി ധാരണയിലെത്തി.

മുഖ്യമന്ത്രിയുടെ ഉറപ്പിൽ സമരം പിൻവലിച്ച നഴ്‌സുമാർക്ക് നാളിതുവരെയായി ശമ്പളം കൂട്ടി കിട്ടിയില്ല. ധാരണ പ്രകാരമുള്ള ശമ്പള വർദ്ധനവ് ഐആർസി എന്ന വ്യവസായ ബന്ധസമിതിയിൽ മാനേജ്‌മെന്റുകൾ എതിർത്തു. സർക്കാർ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങളും യൂണിയൻ ഭാരവാഹികളും അംഗങ്ങളായ സമിതി ഇതിനിടെ ഒരു തവണ യോഗം ചേർന്നെങ്കിലും ഒന്നും നടന്നില്ല. ഐആർസിയും പിന്നാലെ മിനിമം വേജസ് ബോർഡും അംഗീകരിച്ചാലേ ശമ്പളം പരിഷ്‌കരിച്ചുള്ള സർക്കാർ ഉത്തരവിറങ്ങു. ശമ്പള വർദ്ധനയിൽ ചർച്ച തുടരുകയാണെന്നാണ് ഇപ്പോഴും സർക്കാർ വിശദീകരണം.

സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള മിനിമം വേതനം തങ്ങൾക്കും ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാർ തെരുവിലിറങ്ങിയത്. ഇതോടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയായി നിജപ്പെടുത്തുമെന്നും മുഖ്യ മന്ത്രി ഉറപ്പു നൽകി. എന്നാൽ സമരം അവസാനിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെ ശമ്പളം കൂട്ടി നൽകുന്നതിൽ തീരുമാനം ഒന്നും ആയില്ല.

അതേസമയം കടുത്ത പ്രതികാര നടപടികളാണ് മാനേജ്‌മെന്റിൽ നിന്നും സമരം ചെയ്ത നഴ്‌സുമാർ നേരിടേണ്ടി വരുന്നത്. ഉയർന്ന തസ്തികകളിൽ നിന്ന് നഴ്‌സുമാരെ തരംതഴ്‌ത്തുകയുംആറും ഏഴും വർഷം പ്രവർത്തി പരിചയം ഉള്ള നഴ്‌സുമാരെ പിരിച്ചുവിടുകയും അടക്കമുള്ള നടപടികളാണ് മാനേജ്‌മെന്റുകൾ സ്വീകരിക്കുന്നത്. എന്നിട്ടും സർക്കാറിന് അനക്കമില്ല.

ശമ്പള വർദ്ധനയിൽ ചർച്ചകൾ തുടരുകയാണെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ വർധന അതേപടി അംഗീകരിച്ചാൽ ചികിൽസ ചെലവ് ഉൾപ്പെടെ കൂടുമെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. ശമ്പള പരിഷ്‌കരണ റിപ്പോർട്ട് നൽകിയ വിദഗ്ധ സമിതിയുടെ ശുപാർശകൾ 5ന് ചേരുന്ന വ്യവസായ ബന്ധ സമിതി വീണ്ടും. ചർച്ച ചെയ്യും അന്നും തീരുമാനമില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും നഴ്‌സിങ് സംഘടനകളായ ഐഎൻഎയും യുഎൻഎയും വ്യക്തമാക്കി.