തിരുവനന്തപുരം: കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ തീരുമാനം എടുത്തത്. ഈ തീരുമാനമറിഞ്ഞ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നഴ്‌സുമാർ സന്തോഷ നൃത്തം ചവിട്ടി. എന്നാൽ, ആ നൃത്തം ഇഷ്ടപ്പെടാത്ത നേതാക്കൾ സിപിഎമ്മിൽ പോലും ഉണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയിൽ വിശ്വസിച്ച് യുഎൻഎ സ്വന്തം നിലപാടുമായി മുന്നോട്ടു പോയി. മുഖ്യമന്ത്രി വാക്കു നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും സംസ്ഥാനത്തെ മികച്ച സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാരുടെ അവസ്ഥ മാറിയില്ല. ചില ആശുപത്രികൾ ശമ്പളം വർദ്ധിപ്പിച്ചു നല്കിയപ്പോൾ മറ്റു ചില പ്രമുഖ ആശുപത്രികൾ കടുംപിടുത്തം തുടർന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് നഴ്‌സുമാരുടെ ശമ്പള കാര്യത്തോടെ മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം മുഖം തിരിച്ചു നടന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് സൈബർ ലോകത്തുണ്ടായത്.

എല്ലാം ശരിയാക്കാം എന്നു പറഞ്ഞ എൽഡിഎഫ് സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇതാണോ എന്നതാണ് ഉയർന്ന വിമർശനം. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ച നഴ്‌സുമാർക്ക് അനുകൂലമായി നിലപാട് കൈക്കൊണ്ടിരിക്കായാണ് സർക്കാർ. നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതും വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും ത്രിപുര തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിലെ ഞെട്ടലും ചേർന്നപ്പോഴാണ് നഴ്‌സുമാരുടെ വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ഇടപെട്ടത്. ഇതോടെ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു.

മാർച്ച് 31ന് മുമ്പായി ശമ്പള വർദ്ധനവിൽ സർക്കാർ ഉത്തരവിറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, അവിടെയും വെല്ലുവിളിയായി നഴ്‌സിങ് മാനേജ്‌മെന്റുകളുണ്ട്. നഴ്‌സുമാർക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ മിനിമം ശമ്പളം നൽകാനാവില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. എന്നാൽ, വിഷയത്തിൽ മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. സർക്കാർ ഉത്തരവിറക്കിയാൽ അതിനെ നിയമപരമായി മാനേജ്‌മെന്റ് ചോദ്യം ചെയ്താൽ സർക്കാർ തന്നെ അതിനെ പ്രതിരോധിക്കും. മുഖ്യമന്ത്രി മുൻകൈയെടുത്ത് നൽകിയ ഉറപ്പു പാലിക്കാൻ രംഗത്തെത്തുമെന്നാണ് നഴ്‌സുമാർക്ക് ലഭിച്ച ഉറപ്പ്.

 മാർച്ച് 31ന് മുമ്പ് നഴ്‌സുമാരുടെ ശമ്പള വർദ്ധനവ് പ്രാബല്യത്തിലെന്ന മുഖ്യമന്ത്രിയുടെ വാക്കിനെ വിശ്വസിക്കുന്നതായി യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷായും വ്യക്തമാക്കി. 2009ൽ തന്നെ നഴ്‌സിങ് മേഖലയിൽ മിനിമം വേതനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും യുഎൻഎ അധ്യക്ഷൻ വ്യക്തമാക്കി. ആശുപത്രികൾ നിറഞ്ഞ അവസ്ഥയിൽ കൂടിയാണ് സമരം മാറ്റുന്നതെന്ന് ജാസ്മിൻ പറയുന്നത്. പൊതു സമൂഹത്തിൽ നിന്നും നിരവധി പേരുടെ പിന്തുണ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വാക്കു പാലിക്കേണ്ട ചുമതല സർക്കാറിന് തന്നെയാണ്. വിവിധ സർക്കാർ വെബ്‌സൈറ്റുകളിൽ അടക്കം ഉത്തരവിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ജാസ്മിൻ വ്യക്തമാക്കി.

അതേസമയം ചെങ്ങന്നൂരിൽ നഴ്‌സിങ് സമൂഹം നിർണായകമാണെന്ന തിരിച്ചറിവുള്ളതു കൊണ്ട് കൂടിയാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതെന്നാണ് ഒരു കാര്യം. യുഎൻഎ നിലവിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഈ സർക്കാർ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം നഴ്‌സിങ് സമൂഹത്തിൽ നിന്നും ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ട് ഉറപ്പുകൾ നൽകിയ സാഹചര്യത്തിൽ നാളെ മുതൽ നടത്താൻ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറിയതെന്ന് യുഎൻഎ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിൽ തന്നെയാണ്.

സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്‌സുമാർ ആറിന് തുടങ്ങുന്ന പണിമുടക്കിൽ പങ്കെടുക്കുമെന്ന് യുഎൻഎ വെള്ളിയാഴ്ച അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ നടന്ന ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 ആയി നിശ്ചയിച്ചത്. പിന്നീട് മിനിമം വേജ് ബോർഡ് ഇത് സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം നൽകിയെങ്കിലും ശമ്പളവർധനവ് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഇതേതുടർന്നാണ് യുഎൻഎ സമരം പ്രഖ്യാപിച്ചത്.

ചേർത്തല കെവി എം ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, സംസ്ഥാന സർക്കാർ നിശ്ചയിച്ച 20000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, നേരത്തെ സമരം നടത്തിയതിന്റെ പേരിൽ സ്വകാര്യആശുപത്രി മാനേജ്മെന്റുകൾ നടത്തുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ നഴ്സുമാർ സമരം പ്രഖ്യാപിച്ചത്. സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ അടിസ്ഥാന ശമ്പളമായി നൽകുന്ന ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കാതെ ജോലിയിൽ പ്രവേശിക്കുമെന്നും യുഎൻഎ അറിയിച്ചിരുന്നു.

നേരത്തെ മാർച്ച് അഞ്ച് മുതലായിരുന്നു അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആശുപത്രി മാനേജ്മെന്റുകൾ ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. തുടർന്ന് ആറാം തീയതി മുതൽ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായതും സമരം പിൻവലിക്കാൻ യുഎൻഎ തീരുമാനിച്ചതും.