തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച് ഇന്ന് ചേർന്ന അഡ്വസൈറി ബോർഡ് യോഗത്തിൽ അതിവേഗം നടപടികൾ പൂർത്തിയാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതോടെ അന്തിമ വിജ്ഞാപനം സംബന്ധിച്ച ഉത്തരവ് മാർച്ച് 31 വരെ കാത്തു നിൽക്കാതെ കൂടുതൽ വേഗത്തിൽ പുറത്തിറക്കാനാണ് നീക്കം. ഇക്കാര്യത്തിൽ തൊഴിൽ വകുപ്പും അഡൈ്വസറി ബോർഡും വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം ഇന്ന് ചേർന്ന അഡൈ്വസറി ബോർഡിന്റെ യോഗത്തിൽ യുഎൻഎയുടെ ആവശ്യം ഒറ്റയടിക്ക് അംഗീകരിക്കുന്നതിൽ തൊഴിലാളി യൂണിയൻ അമർഷം രേഖപ്പെടുത്തി. മുമ്പൊന്നുമില്ലാത്ത വിധത്തിൽ അതിവേഗത്തിലാണ് നഴ്‌സുമാരുടെ ശമ്പള കാര്യം നീങ്ങുന്നതെന്നാണ് സിഐടിയു യൂണിയൻ പരാതി പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്നായിന്നു യൂണിയന്റെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദേശമുണ്ടെന്ന് വ്യക്തമാക്കിയ ലേബർ കമ്മീഷണർ മാർച്ച് 31ന് മുമ്പ് ശമ്പള വർദ്ധനവിലെ ഉത്തരവ് പുറത്തിറങ്ങുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി.

മുഖ്യമന്ത്രി നിർദേശിച്ചതു പ്രകാരം അഡൈ്വസറി ബോർഡ് യോഗം ഉടൻ ചേരാനും നിർദേശിച്ചിട്ടുണ്ട്. ലഭിച്ച 460 ൽ അധികം പരാതികൾ 3 യോഗം വിളിച്ച് കേൾക്കുവാനാണ് നിർദേശിച്ചത്. ഇതിൽ തൊഴിലാളികളുടെ പരാതി കേൾക്കാൻ മാർച്ച് 13ന് യോഗം വിളിക്കും. 16, 17 തീയ്യതികളിൽ ആശുപത്രി മുതലാളിമാരുടെ പരാതികളും കേട്ട ശേഷം നിയമപരമായ എല്ലാ നടപടികളും തീർത്ത ശേഷം മാർച്ച് 31ന് മുൻപായി തന്നെ ഉത്തരവ് ഇറക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായാണ് യോഗങ്ങൾ നടക്കുന്നത്. ഇപ്പോഴത്തെ നിലയിൽ മാർച്ച് 26ഓടെ ഉത്തരവിറങ്ങിയേക്കുമെന്നും സൂചനയുണ്ട്.

സാധാരണ ഗതിയിൽ അഡൈ്വസറി ബോർഡ് യോഗം ചേരുന്നത് കമ്മിറ്റിയുടെ സൗകര്യം അനുസരിച്ചാണ്. എന്നാൽ, നഴ്‌സുമാരുടെ വിഷയത്തിൽ താൻ ഉറപ്പു നൽകിയിട്ടും തീരുമാനം ഉത്തരവായി പുറത്തുവരാൻ വൈകിയതിൽ പിണറായിക്ക് കടുത്ത അമർഷമുണ്ട്. ഇക്കാര്യം അദ്ദേഹം തൊഴിൽ വകുപ്പിനും അഡൈ്വസറി ബോർഡിനോടും പ്രകടിപ്പിക്കുകയും ചെയ്തു. യുഎൻഎയെ യോഗത്തിന് വിളിക്കാത്തതാണ് ഇക്കാര്യത്തൽ സർക്കാർ അനാവശ്യമായി പഴി കേൾക്കേണ്ടി വന്നതെന്നാണ് പിണറായിയുടെ വിലയിരുത്തൽ. തന്റെ മുമ്പിൽ, ശമ്പളകാര്യത്തിലെ ആവശ്യം ഉന്നയിച്ചു വന്നത് നഴ്‌സുമാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതുകൊണ്ട് അവർക്ക് നീതി കിട്ടണമെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചു.

ശമ്പളപരിഷ്‌കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബർ 16-നാണ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ എത്രയുംവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രതിമാസ മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പുവരുത്തിക്കൊണ്ടാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്.

നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകുന്ന കാര്യത്തിൽ തുടക്കം മുതൽ എതിർപ്പുമായി ചില ആശുപത്രികളുണ്ട്. ഇക്കൂട്ടർ ഇപ്പോഴും എതിർപ്പ് തുടരുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ തീരുമാനം എടുത്തത്. മുഖ്യമന്ത്രിയിൽ വിശ്വസിച്ച് യുഎൻഎ സ്വന്തം നിലപാടുമായി മുന്നോട്ടു പോയി. മുഖ്യമന്ത്രി വാക്കു നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും സംസ്ഥാനത്തെ മികച്ച സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാരുടെ അവസ്ഥ മാറിയില്ല. ചില ആശുപത്രികൾ ശമ്പളം വർദ്ധിപ്പിച്ചു നല്കിയപ്പോൾ മറ്റു ചില പ്രമുഖ ആശുപത്രികൾ കടുംപിടുത്തം തുടർന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് നഴ്‌സുമാരുടെ ശമ്പള കാര്യത്തോടെ മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം മുഖം തിരിച്ചു നടന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് സൈബർ ലോകത്തുണ്ടായത്.

എന്തായാലും മുഖ്യമന്ത്രി പിണറായി വിജയൻ നഴ്സുമാരെ അനുകൂലിക്കുന്ന നിലപാടുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതും വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും ത്രിപുര തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിലെ ഞെട്ടലും ചേർന്നപ്പോഴാണ് നഴ്‌സുമാരുടെ വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ഇടപെട്ടത്. ഇതോടെയാണ് സമരം പിൻവലിക്കപ്പെടുന്നതും. അതേസമയം സർക്കാർ ഉത്തരവിറക്കിയാൽ അതിനെ നിയമപരമായി മാനേജ്‌മെന്റ് ചോദ്യം ചെയ്താൽ സർക്കാർ തന്നെ അതിനെ പ്രതിരോധിക്കും.