തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച സർക്കാർ പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കാതെ സർക്കാർ തന്നെ ഒളിച്ചുകളിക്കുന്നു. നഴ്സുമാരുടെ പുതുക്കിയ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ വാദം പുരോഗമിക്കവേ മുട്ടാന്യായങ്ങൾ പറഞ്ഞ് ശമ്പള പരിഷ്‌ക്കരണം വൈകിപ്പിക്കുകയാണ് സ്വകാര്യ ആശുപത്രികൾ. ഈ ആശുപത്രികൾക്ക് അനുകൂലമായ വിധത്തിലാണ് ഇപ്പോൾ സർക്കാറിന്റെ നിലപാടും. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആശുപത്രികൾ നഴ്‌സുമാർക്ക് ശമ്പളം വർദ്ധിപ്പിക്കേണ്ട സമയായി. എന്നാൽ, സർക്കാർ തീരുമാനം നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് ലേബർ ഓഫീസർമാർക്ക് നഴ്‌സുമാർ പരാതി നൽകിയാൽ അതിൽ ഉടനടി നടപടി എടുക്കേണ്ടെന്ന നിർദ്ദേശമാണ് തൊഴിൽ വകുപ്പ് നൽകിയിരിക്കുന്നത്. ഇത് ആശുപത്രി മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

ഇക്കാര്യത്തിൽ സർക്കാറിന്റെ മെല്ലപ്പോക്ക് നയം സർക്കാറിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് ആശുപത്രി മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിൽ കോടതി അന്തിമ വിധി പറയാനിരിക്കേയാണ്. ഉത്തരവ് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്ന് കോടതി വാദത്തിന്റെ വേളയിൽ പറഞ്ഞത് നഴ്‌സുമാർക്ക് ആശ്വാസമായിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ ആശുപത്രി മാനേജ്‌മെന്റുകൾ നൽകിയ ഹർജി തള്ളിക്കളയാനുള്ള സാധ്യത കൂടുതലാണ്. യുഎൻഎയും ഈ പ്രതീക്ഷയിലാണ്. അങ്ങനെ വന്നാൽ ഹൈക്കോടതിയിൽ യുഎൻഎയുടെ നേത്യത്വത്തിൽ നടക്കുന്ന നിയമ പോരാട്ടം നാളെ അവസാനിക്കും.

മാനേജ്‌മെന്റ്കൾ നൽകിയ ഹർജികൾ നാളെ തള്ളിക്കളയും എന്ന് പ്രതീക്ഷിക്കുന്നുതെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം വെട്ടിചുരുക്കിയ അവൻസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട ഹർജിയും നാളെ കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്. ഈ രണ്ട് കേസിലും സർക്കാറും, യുഎൻഎയും മാത്രമാണ് കക്ഷി ചേർന്നിട്ടുള്ളത്. യുഎൻഎ വിരുദ്ധർ പോലും അലവൻസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരെ യുഎൻഎ നിയമ പോരാട്ടത്തെ അംഗീകരിക്കേണ്ടി വന്നുവെന്നും ജാസ്മിൻ വ്യക്തമാക്കി. അന്ധമായ യുഎൻഎ വിരോധം പ്രഖ്യാപിച്ചവർക്ക് നേഴ്‌സിങ് സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കാത്തതിന്റെ ഭാഗമായിട്ടാണ് യുഎൻഎ നടത്തുന്ന നിയമ പോരാട്ടത്തിന്റെ പേരിൽ സമരങ്ങൾ പിൻവലിക്കാൻ പ്രേരിതമായതെന്നും ജാസ്മിൻ പറഞ്ഞു.

മെയ് 31 നകം പുതുക്കിയ ശമ്പളം നൽകണം എന്നതാണ് യുഎൻഎയുടെ ആവശ്യം. ആശുപത്രി ഉടമകൾ ശമ്പള പരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കുന്നുവെന്നും നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കുന്നു. എന്നാൽ, ഹൈക്കോടതിയിൽ നിന്നും അനകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സംഘടനകളുടെ തീരുമാനം. സുപ്രീം കോടതിയിലെ തലമുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മുതലാളിമാർക്ക് വേണ്ടി കളത്തിലിറങ്ങാനും സാധ്യതയുണ്ട്. സുപ്രീംകോടതിയിൽ മുൻപുള്ള കേസുകളിൽ യുഎൻഎക്കു വേണ്ടി ഹാജരായിരുന്നത് ഇപ്പോഴത്തെ അറ്റോർണി ജനറലായ കെ കെ വേണുഗോപാലായിരുന്നു.

ഇപ്പോൾ കേന്ദ്രസർക്കാറിന്റെ ഭാഗമായി അദ്ദേഹം യുഎൻഎയുടെ കേസുകൾ വളരെ കാര്യക്ഷമമായി വാദിച്ച വ്യക്തിയായിരുന്നു. നഴ്‌സുമാർക്ക് ഇരുപതിനായിരം രൂപ മിനിമം ശമ്പളം നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഇത് കൂടാതെ നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകണമെന്ന കേന്ദ്രസർക്കാറിന്റെ നിർദ്ദേശവും നിലവിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി മാറുമെന്നാണ് യുഎൻഎയും കരുതുന്നത്. കേന്ദ്രസർക്കാറിന്റെ നിലപാടും അറ്റോർണി ജനറലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാറിനെ വിഷയത്തിൽ കക്ഷി ചേർക്കണമെന്ന് വാദിക്കാനാണ് യുഎൻഎയുടെ നീക്കം. അങ്ങനെ വരുമ്പോൾ അത് നഴ്‌സുമാർക്ക് അനുകൂലമായി മാറുമെന്നാണ് പൊതു വിലയിരുത്തൽ.

അതേസമയം പുതുക്കിയ ശമ്പളം നൽകാതിരിക്കാൻ കടുംപിടുത്തവുമായി നീങ്ങാനാണ് സ്വകാര്യ ആശുപത്രികളുടെ നീക്കം. ഏപ്രിൽ 23 ന് ആണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.കുറഞ്ഞ ശമ്പളം 20000 രൂപയാക്കി ഉയർത്തിയായിരുന്നു ഉത്തരവ്. എന്നാൽ ആശുപത്രി മാനേജ്‌മെന്റുകൾ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് യുഎൻഎ യുടെ ആരോപണം.

സർക്കാർ ഉത്തരവിനെതിരെ ആശുപത്രി മാനേജ്‌മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് കോടതി സ്റ്റേ ചെയ്താൽ നഴ്‌സുമാരെ അണിനിരത്തി തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് നടത്തും. ചേർത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാൻ മുൻകയ്യെടുക്കുന്ന മുന്നണിയെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സഹായിക്കുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി. ആരും സഹായിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് യുഎൻഎ യുടെ ആഹ്വാനം.

വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകുന്നത് അപ്രായോഗികമാണെന്നും അതിനാൽ സ്റ്റേ ചെയ്യണമെന്നമാകും സുപ്രീംകോടതിയിലും നഴ്‌സുമാരുടെ വാദം. സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് നഴ്‌സുമാരുടെ ശമ്പളം ഇങ്ങനെ:- 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ- 20000 രൂപ, 50 മുതൽ 100 കിടക്കൾ വരെ- 24400 രൂപ, 100 മുതൽ 200 കിടക്കകൾ വരെ- 29400 രൂപ, 200ന് മുകളിൽ കിടക്കകളുള്ള ആശുപത്രികളിൽ- 32400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ശമ്പളം.വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാർക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറൽ, ബിഎസ്സി നഴ്‌സുമാർക്ക് ഈ ശമ്പളം ലഭിക്കും. പത്തു വർഷം സർവീസുള്ള എഎൻഎം നഴ്‌സുമാർക്കും 20,000 രൂപ വേതനമായി ലഭിക്കും.

ഡിഎ, ഇൻക്രിമെന്റ്, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോർട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ അലവൻസുകൾ ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് നിരക്കിലും ഇരട്ടിയലധികം വർധനവ് വന്നിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റുകളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കി തീരുമാനം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന നയമാണ് സർക്കാരിനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 16,000 രൂപയും സ്റ്റാഫ് നഴ്സുമാർ ഉൾപ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്ടെക്നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി വിജ്ഞാപനത്തിൽ പിണറായി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.