തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാർക്ക് ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ വീണ്ടും അവസരം ഒരുങ്ങുന്നു. സർക്കാർ നിശ്ചയിച്ച മിനിമം വേതനം അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ നിയമപോരാട്ടത്തിന് ഇറങ്ങിയ ആശുപത്രി മുതലാളിമാർക്ക് തിരിച്ചടിയേക്കുന്ന കോടതി വിധി വന്നതോടെ ശമ്പളം കൂട്ടുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന് നിലയിലാണ് ഇവർ. സുപ്രിം കോടതി വിധി നിലനിൽക്കെ തന്നെയാണ് സംസ്ഥാന സർക്കാർ ശമ്പളം വർദ്ധിപ്പിച്ചു കൊണ്ട് ഔദ്യോഗികമായി ഉത്തരവിറക്കിയത്. യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ ലോങ് മാർച്ച് പ്രഖ്യാപിച്ചതോടെയാണ് ഈ നടപടി വന്നത്. എന്നാൽ, സർക്കാർ നീക്കത്തെയും വെല്ലുവിളിച്ചാണ് മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചത്.

ഇന്നത്തെ കോടതി വിധി എല്ലാ അർത്ഥത്തിലും മുതലാളിമാർക്കേറ്റ പ്രഹരമാണ്. ശമ്പള വർദ്ധന ഉത്തരവ് മരവിപ്പിക്കാനോ സ്‌റ്റേ ചെയ്യാനോ ഹൈക്കോടതി തയ്യാറായില്ല. ഇതോടെ പതിനായിര കണക്കിന് വരുന്ന കേരളത്തിലെ നഴ്‌സിങ് സമൂഹം വലിയ പ്രതീക്ഷയിലാണ്. ഹൈക്കോടതിയെ സമീപിച്ച മുതലാളിമാർ സ്വയം കുഴിയിൽ ചാടിയ അവസ്ഥയിലാണ് ഇപ്പോൾ. ഇനി ശമ്പളം വർദ്ധിപ്പിക്കാനാവില്ലെന്ന ന്യായം എങ്ങനെ പറയും എന്നറിയാത്ത അവസ്ഥയിലാണിവർ. മാത്രമല്ല, സുപ്രിം കോടതി നിയമിച്ച പ്രത്യേക സമിതി നിർദ്ദേശിച്ചതിനേക്കാളും കുറഞ്ഞ ശമ്പളമാണ് പല ആശുപത്രികളും നൽകുന്നതെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ഇതോടെ സുപ്രിം കോടതി വിധി നടപ്പിൽ വരുത്താൻ സർക്കാർ നടപടി കൈക്കൊണ്ടെങ്കിൽ ആശുപത്രികൾ തടസം നിൽക്കുന്നു എന്ന അവസ്ഥയിലായി. ഇത് കോടതി അലക്ഷ്യത്തിന്റെ പരിഗണയിൽ വരുന്ന കാര്യമാണെന്ന് യുഎൻഎയുടെ നിയമ വൃത്തങ്ങളും വ്യക്തമാക്കുന്നു.

നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചപ്പോൾ അലവൻസുകൾ വെട്ടിക്കുറക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. ഇങ്ങനെ അലവൻസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരെ യുഎൻഎ നൽകിയ കേസും ഇന്ന് കോടതി പരിഗണിക്കുകയുണ്ടായി. ശമ്പള വർധനവിനെതിരായ കേസിൽ മാനേജ്‌മെന്റ്കളുടെ വാദം കേൾക്കാൻ വിസമ്മതിച്ച ഹൈക്കോടതി യുഎൻഎ നൽകിയ കേസും, മാനേജ്‌മെന്റ്കളുടെ ഹർജിയും ഒരുമിച്ച് ഒരു മാസത്തിന് ശേഷം ഒരുമിച്ച് പരിഗണിക്കാമെന്നാണ് അഭിപ്രായപ്പെട്ടത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് കേസ് പരിഗണിച്ചത്. സ്റ്റേ അനുവദിക്കാതിരുന്നതോടെ മാനേജ്‌മെന്റ്കൾക്ക് അടിയന്തിരമായി സർക്കാർ നിശ്ചയിച്ച ശമ്പളം നൽകേണ്ട അവസ്ഥലാണ്. ഇത സംബന്ധിച്ച സർക്കാറുകൾക്കു നടപടി കൈക്കൊള്ളാൻ സാധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. ഇന്നുണ്ടായ കോടതി വിധി നഴ്‌സുമരുടെ അവകാശ പോരാട്ടങ്ങൾക്കായുള്ള യുഎൻഎയുടെ നിയമ പോരാട്ടത്തിന്റെ വിജയമാണെന്നാണ് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ അഭിപ്രായപ്പെട്ടത്.

അലവൻസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരെ യുഎൻഎ ഫയൽ ചെയ്ത കേസിന്റെ വിജയം കൂടിയാണ് ഇന്ന് മാനേജ്‌മെന്റ്കളുടെ ഹർജി ഹൈക്കോടതി പരിഗണിക്കാതിരുന്നതെന്ന് ജാസ്മിൻ വ്യക്തമാക്കി. ഇരു കേസുകളും ഒരുമിച്ച് പരിഗണിക്കാൻ തീരുമാനിച്ചതു നഴ്‌സുമാർക്ക് നേട്ടമായതെന്ന് യുഎൻഎ അധ്യക്ഷൻ പറഞ്ഞു. കേസ് പരിഗണിച്ച ശേഷം ഹൈക്കോടതിയും നഴ്‌സുമാർക്ക് അനുകൂലമായി വിധിച്ചാൽ ശമ്പള പരിഷ്‌ക്കരണത്തിന്റെ വേഗം കൂടുമെന്നത് ഉറപ്പാണ്. കൂടാതെ മറ്റൊരു കോടതി വിധി കൂടി അനുകൂലമായി മാറുമെന്നതും പ്രതീക്ഷക്ക് വക നൽകുന്ന കാര്യമാണെന്ന് നഴ്‌സുമാർ കണക്കു കൂട്ടുന്നു.

അന്തിമ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മന്റെ് അസോസിയേഷനായിരുന്നു. 23 -ാം തിയതി വൈകുന്നേരമാണ് സ്വകാര്യനഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിക്കൊണ്ടുള്ള ശമ്പള വർധവ് സംബന്ധിച്ച വിജ്ഞാപനം സർക്കാർ തിടുക്കപ്പെട്ട് പുറത്തിറക്കിയത്. പുതിയ വിജ്ഞാപനപ്രകാരം കിടക്കകളുടെ എണ്ണമനുസരിച്ച് 2000 മുതൽ 10000 രൂപ വരെ അധിക അലവൻസും ഡിഎ, വാർഷിക ഇൻക്രിമെന്റ്, സർവീസ് വെയ്‌റ്റേജ് എന്നിവയും നഴ്‌സുമാർക്ക് ലഭിക്കുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ വിജ്ഞാപനം പുറത്തിറക്കിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് നിരക്കിലും ഇരട്ടിയലധികം വർധനവ് വന്നിട്ടുണ്ട്. ആശുപത്രി മാനേജ്‌മെന്റുകളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കി തീരുമാനം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന നയമാണ് സർക്കാരിനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 16,000 രൂപയും സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്‌ടെക്‌നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി വിജ്ഞാപനത്തിൽ പിണറായി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.

കിടക്കകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയത്. നഴ്‌സിങ് ജീവനക്കാർക്ക് കിടക്കകളുടെ അടിസ്ഥാനത്തിൽ 2000 മുതൽ 10,000 രൂപ വരെ അധികഅലവൻസ് ലഭിക്കും. വാർഷികഇൻക്രിമെന്റ്, സർവ്വീസ് വെയിറ്റേജ്, ഡിഎ എന്നിവയും നഴ്‌സിങ് ജീവനക്കാർക്ക് ലഭിക്കും. മറ്റ് ജീവനക്കാർക്കും ഈ അധിക അലവൻസുകൾ ലഭിക്കും. എന്നാൽ ബെഡുകളുടെ കണക്കെടുത്തുള്ള ശമ്പള വർദ്ധന മൂലം സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശം അട്ടിമറിക്കപ്പെട്ടു. ചെറുതായെങ്കിലും കാര്യങ്ങൾ അവർക്കും അനുകൂലമായി. അപ്പോഴും ലോങ് മാർച്ച് എന്ന പ്രഖ്യാപനത്തിലൂടെ അതിവേഗ തീരുമാനം സർക്കാരിനെ കൊണ്ട് എടുപ്പിക്കാൻ യുഎൻഎയ്ക്കായി. ഇതാണ് നേട്ടമായി മാറിയത്.

ഏതായാലും ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്‌സുമാർക്ക് 56 മുതൽ 86 ശതമാനത്തിന്റേയും വരെയും എഎൻഎം വിഭാഗത്തിന് 50 മുതൽ 99 ശതമാനത്തിന്റേയും നഴ്‌സസസ് മാനേജർ തസ്തികയിലുള്ളവർക്ക് 68 മുതൽ 102 ശതമാനത്തിന്റേയും വർധനവ് ഉണ്ടാകും. പൊതുവിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് 35 മുതൽ 69 ശതമാനം വരെയും ലാബ് ടെക്‌നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 39 മുതൽ 66 ശതമാനത്തിന്റേയും വർധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയത്. അന്ന് 20 മുതൽ 30 ശതമാനത്തിന്റെ വർധനവായിരുന്നു നടപ്പാക്കിയത്. ശമ്പളവർധനവിന് 2017 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യം നൽകിയിട്ടുണ്ട്. ഇതും മുതലാളിമാരെ ആശങ്കപ്പെടുത്തുന്നു. അതുകൊണ്ടാണ് ആശുപത്രി മുതലാളിമാർ ഉടക്കുമായി തുടക്കം മുതൽ് രംഗതതെത്തുന്നതും.