കോട്ടയം: കർണാടകയിലെ നഴ്സിങ് കോളജുകൾക്ക് നേഴ്‌സിങ് കൗൺസിലിന്റെ അംഗീകാരമില്ല. ഐ.എൻ.സി. അംഗീകാരം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെ ഇനി വായ്പ നൽകാനാകില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അവിടെ പഠിക്കുന്ന കുട്ടികളുടെ ആശങ്ക കൂടുകയാണ്.

കർണാടകയിൽ 295 നഴ്സിങ് കോളജുകളാണുള്ളത്. വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും കേരളീയരാണ്. ഏകദേശം അമ്പതിനായിരത്തോളം മലയാളികൾ നഴ്സിങ് പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 90 ശതമാനവും വായ്പയെടുത്താണ് പഠിച്ചിരുന്നത്. അതാത് വർഷങ്ങളിൽ ഗഡുക്കളായാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്.

ഇന്ത്യൻ നഴ്സിങ് കൗൺസി(ഐ.എൻ.സി) ലിന്റെ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കുന്നവർക്ക് വായ്പ നൽകാൻ കഴിയില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വരെ കർണാടകയിലെ കോളജുകൾക്ക് അംഗീകാരമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അംഗീകാരം നൽകാൻ ഐ.എൻ.സിക്ക് അധികാരമില്ലന്ന കർണാടക ഹൈക്കോടതിയുടെ വിധിയാണ് കേരളത്തിൽ നിന്നുള്ള നഴ്സിങ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത്.

നഴ്സിങ് കോഴ്സുകൾ നടത്താൻ കർണാടക നഴ്സിങ് കൗൺസിലിന്റെയും സംസ്ഥാനത്തെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും അംഗീകാരം മതിയെന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു ഹൈക്കോടതി ശരിവച്ചതാണു വിനയായത്. ഇതിനിടെ, അർഹതയുള്ള കോളജുകളുടെ അനുമതി പരിഗണിക്കാമെന്ന് കൗൺസിൽ ഉറപ്പ് നൽകിയതായി കഴിഞ്ഞ ദിവസം കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അംഗീകാരം ലഭ്യമാക്കാൻ സാധ്യത കുറവാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകാനാണ് കോളജ് മാനേജ്മെന്റുകളുടെ തീരുമാനം. ഐ.എൻ.സി. അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിക്കുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇവിടെ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ ഭാവിയും ആശങ്കയിലാണ്.