ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചു ബ്രിട്ടനിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാർ ധാരാളമുണ്ട്. എന്നാൽ ഐഇഎൽടിഎസ് എന്ന കടമ്പ കടക്കാൻ സാധിക്കാത്തതിനാൽ പലരും ഇടറി വീഴുകയാണ് ചെയ്യുന്നത്. ഇതിനിടെ വിദേശ നഴ്‌സുമാർക്കുണ്ടായിരുന്ന നിയന്ത്രണം ബ്രിട്ടൻ എടുത്തുകളയുകയും ചെയ്തു. ഇത് മലയാളികൾ അടക്കമുള്ളവരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഇപ്പോഴിതാ മലയാളി നഴ്‌സുമാർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി വന്നിരുന്നു. ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യാനുള്ള അവസരം വീണ്ടും മലയാളി നഴ്‌സുമാരെ കാത്തിരിക്കയാണ്. ഏതാനും മാസങ്ങളായി പറഞ്ഞ് കേൾക്കുന്ന പുതിയതരം നഴ്‌സുമാരുടെ നിയമനം എൻഎച്ച്എസ് സ്ഥിരീകരിച്ചു.

നേഴ്‌സുമാർക്കും സീനിയർ കെയറർമാർക്കും ഇടയിൽ ആണ് അസ്സോസിയേറ്റ് നേഴ്‌സ് എന്ന പുതിയ തസ്തിക സൃഷ്ടിക്കുന്നത്. നേഴ്‌സുമാരെ സഹായിക്കുക ആയിരിക്കും ഇവരുടെ ജോലി. ഓരോ അസ്സോസിയേറ്റ് നേഴ്‌സുമാരും ഏതെങ്കിലും ഒരു നേഴ്‌സിന്റെ കീഴിൽ ആയിരിക്കും ജോലി ചെയ്യുക. ബാന്റ് 4 നേഴ്‌സുമാരായി ആയിരിക്കും ഇവരുടെ നിയമനം. ഇവരുടെ യോഗ്യതകളും മറ്റും ഇപ്പോഴും വ്യക്തമല്ല.

വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നു കരുതുന്ന അസോസിയേറ്റ് നഴ്‌സ് നിയമനം ഉടൻ തന്നെ പബ്ലിക് കൺസൾട്ടേഷനു വിധേയമാക്കുകയും ചെയ്യും. എന്നാൽ പുതിയ തരം നഴ്‌സുമാരുടെ നിയമനത്തെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. പുതിയ അസോസിയേറ്റ് നഴ്‌സുമാർ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലിനു കീഴിൽ വരുമോയെന്നതാണ് പ്രധാനമായും ഉയർന്നു കേൾക്കുന്ന ആശങ്ക. അസോസിയേറ്റ് നഴ്‌സ് നിയമനത്തിന് ഏതാനും മാസങ്ങളായി നഴ്‌സിങ് ഡയറക്ടർമാർക്കിടയിൽ പിന്തുണ വർധിച്ചിട്ടുണ്ടെങ്കിലും പുതിയ തസ്തികയെ പിന്തിരിപ്പൻ നടപടി എന്നാണ് റോയൽ കോളേജ് ഓഫ് നഴ്‌സിങ് വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ തസ്തികയ്ക്ക് ഒട്ടേറെ എതിർപ്പ് നേരിടേണ്ടി വരുമെന്ന് ഇതിൽ നിന്നു തന്നെ വ്യക്തം.

ഗ്രാജ്വേറ്റ് നഴ്‌സ് പരിചരിക്കുന്ന അത്രയും നിലവാരത്തിലുള്ള ശുശ്രൂഷ രോഗിക്ക് ലഭിക്കില്ലെന്നും സ്റ്റാഫുകളുടെ സ്‌കില്ലുകൾ കൂട്ടിക്കുഴയ്ക്കുക മാത്രമാണ് പുതിയ തസ്തിക കൊണ്ട് ഗുണം ചെയ്യുകയുള്ളൂവെന്നുമാണ് പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന വാദം.

ഈ വർഷം ആദ്യം ഇംഗ്ലണ്ടിലെ നഴ്‌സുമാർക്കായി നടത്തിയ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് സ്റ്റാൻഡേർഡ്‌സ് റിവ്യൂവിലാണ് പുതിയ തസ്തികയെക്കുറിച്ചുള്ള നിർദ്ദേശം വരുന്നത്. അടുത്ത വർഷം 30 ഇടങ്ങളിൽ പുതിയ തസ്തിക സ്ഥാപിക്കുമെന്നും കരുതുന്നു. രോഗികൾക്ക് കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ തസ്തിക സ്ഥാപിക്കുന്നതെന്നാണ് വിശദീകരണം. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തുമായി ചേർന്ന് അസോസിയേറ്റ് നഴ്‌സുമാരുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള പദ്ധതികൾ തയാറാക്കി വരികയാണ് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്.

പലയിടങ്ങളിലും രജിസ്റ്റേർഡ് നഴ്‌സുമാരുടെ കുറവ് ഏറെ അനുഭവപ്പെടുന്നതിനാൽ അസോസിയേറ്റ് നഴ്‌സുമാരുടെ നിയമനം ഇതിനു പരിഹാരമാകുമെന്നും അഭിപ്രായമുയരുന്നുണ്ട്. ഒരു രജിസ്റ്റേർഡ് നഴ്‌സിന്റെ മേൽനോട്ടത്തിൽ മരുന്നുകളും മറ്റും കൈകാര്യം ചെയ്യാൻ പ്രാപ്തരായ അസോസിയേറ്റ് നഴ്‌സുമാരുണ്ടെങ്കിൽ അത് നഴ്‌സുമാർക്ക് ഏറെ ആശ്വാസം പകരുമെന്നും പറയപ്പെടുന്നു. നിലവിലുള്ള സാഹചര്യത്തിൽ രജിസ്റ്റേർഡ് നഴ്‌സുമാരുടെ കുറവ് ഒട്ടേറെ ട്രസ്റ്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും അസോസിയേറ്റ് നഴ്‌സുമാരുടെ നിയമനം ഇത്തരത്തിലുള്ള ട്രസ്റ്റുകൾക്ക് ഏറെ ഗുണകരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കെയററുമാരായി എത്തി നേഴ്‌സുമാരായി മാറിയ അനേകം പേർ യുകെയിലെ മലയാളികൾക്കിടിൽ ഉള്ളതുകൊണ്ട് തന്നെ പുതിയ തസ്തികയും പ്രതീക്ഷ നൽകുന്നുണ്ട്. ആവശ്യത്തിന് അസ്സോസിയേറ്റ് നേഴ്‌സുമാരെ ലഭിക്കാതെ വന്നാൽ വിദേശ റിക്രൂട്ട്‌മെന്റ് തുടങ്ങുമെന്നും സ്വാഭാവികമായും യോഗ്യതയും പരിചയവും ഉള്ള മലയാളി നേഴ്‌സുമാർക്ക് അവസരം ലഭിക്കുമെന്നും കരുതാം. നേഴ്‌സുമാരുടെ അത്രയും ശമ്പളം ഉണ്ടാവില്ലെങ്കിലും കെയററുമാരേക്കാൾ കൂടുതൽ ശമ്പളം ഉണ്ടാവും എന്നത് ആശ്വാസകരമാണ്. ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിലൂടെ വന്നാൽ മിനിമം സാലറി എന്ന പ്രശ്‌നവും ഉണ്ടാവില്ല.

എന്തായാലും കൂടുതൽ വിവരങ്ങൾ എൻഎച്ച്എസ് പ്രഖ്യാപിക്കാതെ ഇതിന്റെ സാധ്യതയെക്കുറിച്ച് വ്യക്തമല്ല. ഇപ്പോൾ വ്യക്തമാവുന്നത് നേഴ്‌സിങ് യൂണിയനുകളുടെ ഒക്കെ എതിർപ്പുള്ള ഊ പ്രൊപ്പോസലുമായി എൻഎച്ച്എച്ച് മുൻപോട്ട് പോവുമെന്ന് തന്നെയാണ്. അതേ സമയം നേഴ്‌സുമാരുടെ ജോലി ഭാരത്തിൽ കുറവുണ്ടാകുമെന്നതും എല്ലാ നേഴ്‌സുമാർക്കും ഓരോ സഹായിയെ കിട്ടുന്നു എന്നതും ജോലി ഭാരം കൊണ്ട് സമ്മർദ്ദത്തിലായ മലയാളി നേഴ്‌സുമാർക്ക് ആശ്വാസകരമാവുമെന്ന് തീർച്ച.