ന്യൂഡൽഹി: സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽ നിന്നും രക്ഷതേടിയാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്റെ സർക്കാർ ഏറ്റെടുത്തത്. എന്നാൽ, സ്വകാര്യ ഏജൻസികൾ വഴിയുള്ള റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച തീയതിക്ക് മുമ്പായി റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയായെങ്കിലും വിസവരാൻ കാത്തിരിക്കുന്ന നഴ്‌സുമാർ നിരവധിയായിരുന്നു. ഇങ്ങനെ കാത്തിരുന്ന നഴ്‌സുമാർ ശരിക്കും ഇപ്പോൾ പെരുവഴിയിലായി. തീയ്യതി കഴിഞ്ഞ ശേഷം വിസ ലഭിച്ചവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇപ്പോൾ നഴ്‌സുമാർക്ക് തിരിച്ചടിയായത്. ഇക്കാര്യം വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിപ്പോൾ പരിഹാരമുണ്ടാക്കാമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാൽ, ആ വാഗ്ദാനം പാഴായെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസികൾക്ക് വിടുന്നതിനുമുമ്പ് വിസ ലഭിച്ചവരുടെ കാര്യത്തിൽ അനുകൂലമായ ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഴ്‌സുമാർക്ക് വിസ നൽകുന്നതിലും അതിന്റെ കാലാവധി കഴിയുന്നതിലും സർക്കാറിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ മറുപടി നൽകിയിരിക്കുന്നത്.

സർക്കാർ ഏജൻസികളായ ഒഡെപക്, നോർക്ക എന്നിവ വഴി മാത്രം നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റാക്കി കൊണ്ടുള്ള മാർച്ച് 12ലെ ഉത്തരവ് പ്രകാരം വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവ് കാരണം വിസ ലഭിച്ച 10,000ത്തോളം നഴ്‌സുമാർക്ക് ജോലിയിൽ ചേരാൻ കഴിയുന്നില്ലെന്ന് പ്രവാസികാര്യമന്ത്രാലയത്തിന് നൽകിയ പരാതിയിൽ സംഘടന ആരോപിച്ചിരുന്നു. സർക്കാർ ഏജൻസികൾ വഴിയല്ലാത്ത ജോലി ലഭിച്ചവരാണിവർ.

സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ നൽകിയ അപേക്ഷ തള്ളിയതായും പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ ഏജൻസികൾ മുഖേനയല്ലാതെ റിക്രൂട്ട്‌മെന്റ് നടത്തണമെങ്കിൽ അതത് രാജ്യങ്ങളുടെ അപേക്ഷ പ്രകാരം മാത്രമായിരിക്കുമെന്ന് നേരത്തെ പ്രവാസികാര്യ മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.

സർക്കാർ നിശ്ചയിച്ച തീയതിക്ക് മുമ്പായി റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയായെങ്കിലും വിസവരാൻ കാത്തിരിക്കുന്നവരാണ് ഇപ്പോൾ ദുരിതത്തിലായത്. മെയ് 30നായിരുന്നു സ്വകാര്യ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് അവസാനിപ്പിച്ചുള്ള സർക്കാർ നിർദ്ദേശം. ഇങ്ങനെ ആയിരത്തോളം വരുന്ന നഴ്‌സുമാരുടെ വിവരം നഴ്‌സിങ് ഘടനകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രേഖകൾ ഹാജരാക്കിയാൽ യാത്രാനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് തന്നെ വ്യക്തമാക്കിയിരുന്നു.

നിലവിൽ 9000 ൽ അധികം പേർക്കാണ് നിയമനവും വിസയും ലഭിച്ച് കാത്തിരിക്കുന്നതെന്ന് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഏജൻസികളെ റിക്രൂട്ട്‌മെന്റ് രംഗത്ത് നിന്നും മാറ്റി നിർത്തുന്നതിൽ ഞങ്ങൾക്ക് വിയോജിപ്പില്ല. എന്നാൽ സർക്കാർ ഏജൻസികൾ മാതൃകാപരമായി റിക്രൂട്ട്‌മെന്റ് ഏതെങ്കിലും രാജ്യത്തേക്ക് നടത്തി കാണിച്ച ശേഷം ആയിരിക്കണം ഇത്തരം നടപടി സ്വീകരിക്കേണ്ടത് എന്നതാണ് യുഎൻഎയുടെ പക്ഷം. ഏജൻസികൾ ഇല്ലാതെ ഡയറക്റ്റ് ആയി നിയമനം ലഭിച്ചവർക്കും ക്ലിയറൻസ് നൽകാത്തത് എന്ത് നീതിയുടെ അടിസ്ഥാനത്തിൽ ആണെന്ന ചോദ്യമായിരുന്നു ജാസ്മിൻ ഉയർത്തിയത്.