കുവൈത്ത് സിറ്റി: നഴ്‌സിങ് ജോലി ലഭിക്കാൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച തെളിവുകൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ മന്ത്രാലയത്തിന് സമർപ്പിക്കണമെന്ന് മെഡിക്കൽ സപ്പോർട്ട് സർവീസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽഹർബി അഭ്യർത്ഥിച്ചു.

റിക്രൂട്ടിങ്ങിന്റെ പേരിൽ വൻകോഴ ഇടപാടുകൾ ഉള്ളതായി ഇന്ത്യൻ എംബസി നേരത്തേ പരാതിപ്പെട്ടിരുന്നു. അതിനു പുറമെ കോഴ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിലും ആരോപണം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണത്തിനായുള്ള നീക്കം. ആരോഗ്യ മന്ത്രാലയത്തിലെ ബ്രെയിൻ ആൻഡ് നെർവസ് വിഭാഗം ജീവനക്കാരൻ ട്വിറ്ററിൽ രേഖപ്പെടുത്തിയ വിവരപ്രകാരം 500 നഴ്‌സുമാരെ നിയമിക്കുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥൻ 7000 ഡോളർ വീതം കൈക്കൂലി ആവശ്യപ്പെടുന്നതായി ആരോപിച്ചിരുന്നു. ഒരു പാർലമെന്റംഗം കൂടി ഉടമയായ സ്വകാര്യ കമ്പനിക്കുവേണ്ടിയാണ് ഈ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചതെന്നും ഇയാൾ ആരോപിച്ചിരുന്നു.

വിഷയം അംബാസഡർ ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലും ക്‌ളിനിക്കുകളിലും ജോലി തരപ്പെടുത്തുന്നതിനായി വിവിധ റിക്രൂട്ടിങ് ഏജൻസികൾ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങിക്കാറുണ്ട്. ഇതിൽ വലിയൊരു പങ്ക് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസഥരിൽ ചിലരിലേക്കാണ് എത്തുന്നതെന്ന് കാലാകാലങ്ങളായി ആരോപണമുയരുന്നതാണ്. ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് പുതിയ ആരോപണം.