കൊൽക്കത്ത: തന്റെ മകന്റെ ജനനത്തെക്കുറിച്ച് ഉയർന്നുവന്ന ഊഹാപോഹങ്ങളെക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ച് ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപി.യുമായ നുസ്രത്ത് ജഹാൻ. തന്റെ കുഞ്ഞിന് ഒരു അച്ഛനുണ്ടെന്നും തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

മുമ്പ് വിദേശത്തുവെച്ച് വിവാഹിതയാകുകയും പിന്നീട് ആ ബന്ധം പിരിയുകയും ചെയ്ത നുസ്രത്തിന്റെ കുഞ്ഞിന്റെ അച്ഛനാരാണ് എന്നതരത്തിൽ പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. ഇതാദ്യമായി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. തൃണമൂൽ കോൺഗ്രസ് എംപിയായതുമുതൽ ഹിന്ദുത്വ സംഘടനകൾ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.

ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതുമുതൽ പല തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു. നുസ്രത്തിനും പങ്കാളി ദേബാബിഷ് ദാസ് ഗുപ്തയ്ക്കും ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആൺകുഞ്ഞ് പിറന്നത്.

2021ൽ താരമെടുത്ത ഏറ്റവും ധീരമായ തീരുമാനമേതെന്ന ആരാധകന്റെ ചോദ്യത്തിന് ഓരോ മിനിറ്റിലും ഓരോ മണിക്കൂറിലും ഓരോ മാസവും താൻ ധീരമായാണ് ജീവിക്കുന്നതെന്നും എന്നാൽ, അമ്മയാകുന്നതിനുള്ള തീരുമാനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധീരമായ തീരുമാനമെന്നും താരം വ്യക്തമാക്കി.

 
 
 
View this post on Instagram

A post shared by Ishq (@ishq.fm)

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് എന്റെ ജീവിതമാണ് ഞാനാണ് തീരുമാനമെടുക്കുന്നത്. ആളുകൾ പറഞ്ഞു ഇത് ധീരമായ തീരുമാനമാണെന്ന് എന്നാൽ, അത് വളരെ വിവേകപൂർണമായ തീരുമാനമായാണ് എനിക്ക് തോന്നുന്നത്. ഞാൻ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും പറഞ്ഞിട്ടില്ല. അതുകൊണ്ട് എനിക്ക് എന്റെ വിവേകം കേടുപാടുകളില്ലാതെ സൂക്ഷിക്കാൻ കഴിയും. ഞാൻ ഇക്കാര്യം തുറന്നുപറയാത്തതുകൊണ്ട് ധാരാളമാളുകൾ പലകാര്യങ്ങളും പറഞ്ഞു നടക്കുന്നു. അതിനാലാണ് ഇന്ന് ഞാൻ ഇക്കാര്യം പറയുന്നത്.

 
 
 
View this post on Instagram

A post shared by Ishq (@ishq.fm)

അതേ, ഞാൻ വളരെ, വളരെ ധീരയാണ്. ഒരമ്മയാകാനുള്ള എന്റെ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ ഒരു സിംഗിൾ മദർ അല്ല. എന്റെ കുഞ്ഞിന് ഒരു അച്ഛനുണ്ട്, അമ്മയായി ഞാനുമുണ്ട്-നുസ്രത്ത് കൂട്ടിച്ചേർത്തു.'ഇഷ്‌ക് വിത്ത് നുസ്‌റത്ത്' എന്ന ചാറ്റ് ഷോയിലാണ് നുസ്‌റത്ത് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.