ന്യൂയോർക്ക്: ആഫ്രിക്കൻ രാജ്യങ്ങളിലെ എബോളബാധിതരെ ചികിത്സിക്കാൻ പോകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ തയ്യാറായത് മനുഷ്യത്വം മാത്രം മുൻനിർത്തിയാണ്. പല ഡോക്ടർമാരും രോഗബാധയുണ്ടാകുമെന്ന ഭയത്താൽ പിന്മാറിയപ്പോഴാണ് മറ്റ് ചില ഡോക്ടർമാർ സഹജീവികളുടെ രക്ഷക്കായി ജീവൻപണയം വച്ച് മുന്നിട്ടിറങ്ങിയത്. അക്കൂട്ടത്തിൽ പലരും എബോള ബാധിച്ച് മരിക്കുകയും ചെയ്തു.

ന്യൂയോർക്കിലെ ക്രെയിഗ് സ്‌പെൻസർ എന്ന ഡോക്ടർക്കും എബോള ബാധിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഗിനിയയിലെ എബോളബാധിതരെ ചികിത്സിക്കാൻ പോയി ന്യൂയോർക്കിൽ തിരിച്ചെത്തിയ ഉടനെയാണ് ഡോക്ടർക്ക് എബോള ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.  ഇന്നലെ രോഗബാധ ഉറപ്പായതോടെ അദ്ദേഹത്തെ ബെല്ലെവ്യൂവിലെ ഹോസ്പിറ്റൽ സെന്ററിൽ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്.

അടുത്ത ദിവസങ്ങളിൽ ആരെങ്കിലും ഈ ഡോക്ടറുമായി അടുത്തിടപഴകിയിട്ടുണ്ടോ എന്നറിയാനായി ഹെൽത്ത് കെയർ വർക്കർമാർ ന്യൂയോർക്ക് സിറ്റി മുഴുവൻ അരിച്ച് പെറുക്കുകയാണ്. ഇദ്ദേഹത്തിന്റെ രോഗബാധയെത്തുടർന്ന് തുടർന്നുള്ള ചില പരിശോധനകൾ കൂടി ഫെഡറൽ സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ നടത്തും. ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായാണ് എബോള ബാധ റിപ്പോർട്ട് ചെയ്യുന്നത്. അതിന്റെ പശ്ചാത്തലത്തിൽ മെട്രോപൊളിറ്റൻ സിറ്റിയിലുടനീളം കനത്ത സുരക്ഷാ നടപടികളും പ്രതിരോധ മാർഗങ്ങളുമാണ് എബോളക്കെതിരെ കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡോ. ക്രെയിഗ് സ്‌പെൻസറുടെ കഴിഞ്ഞ ദിവസങ്ങളിലെ ട്രാവൽ ഹിസ്റ്ററി ആരോഗ്യ വിദഗ്ദ്ധർ വിശദമായി പരിശോധിച്ച് വരികയാണ്.

രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോ. സ്‌പെൻസറുടെ ഹാർലെമിലുള്ള അപ്പാർട്ട്‌മെന്റെ് അടച്ചു പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. എബോളയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ സമീപവാസികൾക്ക് ഹെൽത്ത് വർക്കേർസ് നൽകിയിട്ടുമുണ്ട്. ഈ പ്രദേശത്ത് ആർക്കെങ്കിലും രോഗബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ 14ന് ന്യൂയോർക്കിലേക്ക് തിരിക്കുന്നതിന് തൊട്ട് മുമ്പ് വരെ ഡോ. സ്‌പെൻസർ ഗിനിയയിൽ എബോള ബാധിതരെ ചികിത്സിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.