കരുനാഗപ്പള്ളി: അപകടത്തിൽപെട്ട ബൈക്ക് യാത്രക്കക്കാരനെ ട്രിപ്പ് ഉപേക്ഷിച്ച് ആശുപത്രിയിൽ കൊണ്ടു പോയി മാതൃകയായിരിക്കുകയാണ് സ്വകാര്യ ബസ് തൊഴിലാളികൾ. തൊടിയൂർ പി.കെ.ആർ മോട്ടോർസിന്റെ നിസാമോൾ ബസിലെ ഡ്രൈവർ ഫൈസൽ, കണ്ടക്ടർ ഷിനാസ്, സംസം ബസ് ഡ്രൈവർ വിനോദ് എന്നിവരാണ് നടു റോഡിൽ ചോര വാർന്ന് കിടന്നയാളെ ബസിൽ തന്നെ ആശുപത്രിയിലാക്കിയത്.

ഇന്ന് രാവിലെ 7.30 നാണ് സംഭവം. കരുനാഗപ്പള്ളിയിൽ നിന്നും ഭരണക്കാവിലേക്ക് പോകുകയായിരുന്നു ബസ്. തഴവാ കുറ്റിപ്പുറം ജങ്ഷനിലെത്തിയപ്പോൾ ബൈക്ക് അപകടത്തിൽപെട്ട് ഒരാൾ ചോരവാർന്ന് റോഡിൽ കിടക്കുന്നത് കണ്ടു. അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആരും തയ്യാറാവാതെ കൂട്ടം കൂടി നിൽക്കുകയായിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ഫൈസലും കണ്ടക്ടർ ഷിനാസും ബസിൽ നിന്നിറങ്ങി വാഹനങ്ങൾ തടഞ്ഞു നിർത്തി ആശുപത്രിയിൽ കൊണ്ടു പോകാനായി ശ്രമിച്ചു. എന്നാൽ ആരും വാഹനം നിർത്താൻ തയ്യാറായില്ല. ഈ സമയം സംസം ബസിന്റെ ഡ്രൈവർ വിനോദ് അവിടെ എത്തി. മൂന്നു പേരും കൂടി അപകടത്തിൽപെട്ടയാളെ ബസിൽ തന്നെ ആശുപത്രിയിലെത്തിക്കാമെന്ന് തീരുമാനിച്ചു.

ഉടൻ തന്നെ വാഹനത്തിലുള്ളവരെ ഇറക്കി അപടത്തിൽപെട്ടയാളെ ബസിനുള്ളിൽ കയറ്റി. പിന്നെ നൂറെ..നൂറിൽ വച്ചു പിടിച്ചു. ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലാണ് എത്തിച്ചത്. വേഗം തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. തലക്ക് ഏറ്റ പരിക്ക് ഗുരുതരമായതിനാൽ മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചു.

തുടർന്ന് പരിക്കേറ്റയാളുടെ ബന്ധുക്കൾ എത്തുന്നതുവരെ ബസിലെ ജീവനക്കാർ ആശുപത്രിയിൽ തുടർന്നു. പിന്നീട് ബന്ധുക്കളെത്തി കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴാണ് ജീവനക്കാർ ബസുമായി തിരികെ പോയത്. ബസിനുള്ളിൽ നിറയെ രക്തം കട്ടപിടിച്ചു കിടക്കുകയായിരുന്നു. കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് സർവ്വീസ് പുനരാരംഭിച്ചത്. ജീവനക്കാർക്കൊപ്പം നാട്ടുകാരനായ ഒരാൾ കൂടി സഹായത്തിനായി എത്തിയിരുന്നു.

ആളുകൾ കൂട്ടം കൂടി നിൽക്കുന്നതല്ലാതെ പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടു പോകാതെ നിൽക്കുന്നത് കണ്ടതോടെയാണ് ഏതെങ്കിലും വാഹനം തടഞ്ഞ് നിർത്തി ആശുപത്രിയിലേക്ക് കയറ്റി വിടാമെന്ന് കരുതിയത്. എന്നാൽ വാഹനം ആരും നിർത്താതിരുന്നതോടെ ബസിൽ തന്നെ കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. വഴിയിൽ സ്ഥിരം യാത്രക്കാരൊക്കെ കൈ കാട്ടുന്നുണ്ടായിരുന്നു. എത്രയും വേഗം ആശുപത്രിയിലെതേതിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു ട്രിപ്പ് മുടങ്ങിയെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിൽ സന്തോമുണ്ട്-; ഡ്രൈവർ ഫൈസൽ പറഞ്ഞു.

ബസുടമ സിദ്ദിഖും മാനേജർ അൻഷാദും ജീവനക്കാരെ അഭിനന്ദിച്ചു. ജീവൻ രക്ഷിക്കാനായി ഒരു ട്രിപ്പ് മുടങ്ങി എന്നു കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാവരും തന്റെ ജീവനക്കാരനെ മാതൃകയാക്കണമെന്നും ഉടമ സിദ്ദിഖ് പറഞ്ഞു.