കോഴിക്കോട്: മുസ്ലിം ലീഗിന്റെ സീറ്റായ തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കപ്യാരുടെയും കർദിനാളിന്റെയും തിട്ടൂരം വേണ്ടെന്നു ഒ അബ്ദുള്ള. മാദ്ധ്യമപ്രവർത്തകനായ ഒ അബ്ദുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് താമരശേരി രൂപതയുടെ തിരുവമ്പാടി സീറ്റിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിനെതിരെ പ്രതികരിച്ചത്.

തിരൂവമ്പാടി മുസ്ലിം ലീഗിൽ നിന്നു മോചിപ്പിച്ച് അവിടെ പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു താമരശ്ശേരി രൂപതയുടെ അഭിപ്രായം. പൊതുസ്ഥാനാർത്ഥിയെന്നാൽ നസ്രാണിയാണെന്നാണ് അവർ ഉദ്ദേശിച്ചതെന്നു ഫേസ്‌ബുക്ക് പോസ്റ്റിൽ ഒ അബ്ദുള്ള വിമർശിക്കുന്നു.

യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലക്ക് തങ്ങളുടെ സിറ്റിങ് സീറ്റിലെ സ്ഥാനർത്ഥിയെ പ്രഖ്യാപിക്കാനുള്ള സമസ്താവകാശവും മുസ്‌ലിം ലീഗിനുണ്ട്. അതിനു കപ്യാരുടെയോ കർദിനാളുടെയോ തീട്ടൂരം വേണ്ട. സണ്ണി ജോസഫ് കണ്ണൂർ പേരാവൂരിൽ നിന്ന് മൽസരിക്കുന്നത് കണ്ണൂർ സിറ്റി ജുമാ മസ്ജിദിലെ മുക്രിയുടെ അനുവാദം കൊണ്ടല്ല. തിരുവമ്പാടിയിലെ സ്ഥാനാർത്ഥി മുസ്‌ലിം ലീഗ്കാരനാകുമ്പോൾ അതു സാമുദായികത. സത്യ ക്രിസ്താനി ആകുമ്പോൾ അയാൾ വാഴ്‌ത്തപെടേണ്ടവനായ പൊതു സ്ഥാനാർത്ഥി. ആരു കല്പിച്ച് നൽകിയതാണാവോ ഈ വിശേഷണങ്ങൾ. ക്രിസ്താനികൾ ക്രിസ്തുവിനെ വിശ്വസിക്കുന്നു. മുസ്‌ലിങ്ങൾ ക്രിസ്തുവിലും മുഹമ്മദ് നബിയിലും വിശ്വസിക്കുന്നു. വിശ്വാസപരമായി നോക്കുമ്പോൾ ഏതാണു വിശാലതയെന്നും ഒ അബ്ദുള്ള ചോദിക്കുന്നു.

താമരശേരി രൂപതയ്‌ക്കെതിരെ വിവിധ വിഷയങ്ങളിലുള്ള കടുത്ത പ്രതിഷേധവും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഒ അബ്ദുള്ള ചൂണ്ടിക്കാട്ടുന്നുണ്ട്. 'താമരശ്ശേരി രൂപത കേരളത്തിലെ ഇതര രൂപതകളിൽ നിന്ന് തുലോം വ്യത്യസ്തമാണ്. ഇതര രൂപതകൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തിക്കുക മാത്രം ചെയ്യുമ്പോൾ താമരശ്ശേരി രൂപത വെള്ളരി പ്രാവുകളായി അവതരിക്കുന്നു. ഉദാഹരണം കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്നുണ്ടായ പ്രക്ഷോഭ കോലാഹലങ്ങൾക്കിടെ വനം വകുപ്പ് വക കെട്ടിടവും അതിലെ സമസ്ത സ്താപര ജംഗമ വസ്തുക്കളും രേഖകളും മനം നിറയെ കർത്താവിനെ ഓർത്ത് നെഞ്ചിൽ കുരിശ് വരച്ച് സമാധാന പ്രിയരായ വനം ഗുണ്ടകളെ ഉപയോഗിച്ച് ചുട്ട് കരിച്ച പാരമ്പര്യത്തിന്റെ ഒരേ ഒരു അവകാശികൾ. ഈ ചെയ്തത് മറ്റാരെങ്കിലും മായിരുന്നെങ്കിൽ പോട്ട, ടാഡ, യു.എ.പി.എ മുതലായ സകലമാന കരിന്തേൾ വകുപ്പുകൾ ചുമത്തി കണ്ണൂരിലോ വിയ്യൂരിലോ അവരെ ജീവിതമാസകലം ജയിലഴി എണ്ണി നാൾ കഴിക്കേണ്ടവരാക്കി തീർക്കുമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.'- ഒ അബ്ദുള്ള പറയുന്നു.

കർത്താവിന്റെ കാരുണ്യത്തേക്കാളേറെ ഭരണത്തിലിരിക്കുന്ന തങ്ങളുടെ ആളുകളുടെ കൃപാകടാക്ഷം ഒന്നും കൊണ്ട് മാത്രമാണ് രൂപതാ മൂപ്പന്മാർക്ക് വിശുദ്ധ ലോഹയിൽ ഒരു പരിക്കുമേൽക്കാതെ തടി രക്ഷപ്പെടുത്താനായതെന്നും ഫേസ്‌ബുക്കിൽ കുറിച്ചു. മുസ്‌ലിങ്ങൾക്ക് കപ്യാരും കർദിനാളും ഇല്ലായിരിക്കാം എന്നാൽ മുസ്‌ലിം മഹല്ലുകളിൽ നിന്നുള്ള വെള്ളിയാഴ്‌ച്ച ദിവസത്തെ ഒരൊറ്റ ആഹാനം മതി ഇത്തരം കർദിനാൾമാരുടെ സ്ഥാനാർത്ഥികളെ ഇരുത്തേണ്ടിടത്ത് ഇരുത്താനെന്നും ഒ അബ്ദുള്ള പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ക്രിസ്ത്യാനി ഭരിക്കാൻ പിറന്നവനാണ് മൊല്ലാക്കക്ക് പോയി ഉറുക്ക് എഴുതാംമുസ് ലിം ലീഗിന്റെ സിറ്റിങ്ങ് സീറ്റായ തിരൂവമ്പാടി ...

Posted by O Abdulla on Saturday, March 5, 2016