കോഴിക്കോട്: ഒതയോത്ത് മാധവൻ നമ്പ്യാർ. ചുരുക്കിപ്പറഞ്ഞാൽ ഒ.എം. നമ്പ്യാർ. ഇന്ത്യൻ അത്ലറ്റിക്സ് ചരിത്രം ഇത്രത്തോളം ചേർത്തുവെച്ച മറ്റൊരു പേരുണ്ടാകില്ല. പി.ടി. ഉഷയെന്ന അഭിമാനതാരത്തെ ഇന്ത്യക്ക് സമ്മാനിക്കുന്നതിൽ ഒ.എം. നമ്പ്യാരോട് കായികരംഗം കടപ്പെട്ടിരിക്കുന്നു. ഉഷയെന്ന ലോകോത്തര അത്ലറ്റിനെ വളർത്തിയെടുത്തതുതന്നെയാണ് നമ്പ്യാരുടെ വലിയ സംഭാവന. ഏഷ്യൻ ഗെയിംസിലടക്കം അന്താരാഷ്ട്ര തലത്തിൽ നൂറിലേറെ മെഡലുകളാണ് ഉഷയിലൂടെ പരിശീലകൻ രാജ്യത്തിന് സമ്മാനിച്ചത്.

തിരുവനന്തപുരത്ത് നടന്ന സെലക്ഷൻ ട്രയൽസിൽ നിന്നാണ് നമ്പ്യാർ ഉഷയെ കണ്ടെത്തുന്നത്. രാജ്യം കണ്ട മികച്ച ഗുരു-ശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അന്താരാഷ്ട്ര തലത്തിൽ ട്രാക്കിൽ ഇന്ത്യക്ക് മേൽവിലാസമുണ്ടാക്കിയ കൂട്ടുകെട്ടായി അത് വളർന്നു.

ട്രാക്കിലൂടെ കുതിച്ചു പാഞ്ഞ പയ്യോളിക്കാരി പെൺകുട്ടിയെ രാജ്യത്തിനു വേണ്ടി സ്വർണം വിളയിച്ച അത്ലറ്റാക്കി മാറ്റിയ ദ്രോണാചാര്യർ തന്നെയായി മാറി ഒ എം നമ്പ്യാർ. ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിൽ പ്രിയശിഷ്യ ഉഷയ്ക്ക് മെഡൽ നഷ്ടമായതിനെ കുറിച്ച് പറയുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ആ കണ്ണുകൾ നിറഞ്ഞിരുന്നു.

കാലിഫോർണിയയിൽ നടന്ന പ്രീ-ഒളിമ്പിക്സ് മീറ്റിൽ ഉഷ മികച്ച പ്രകടനത്തോടെ സ്വർണം നേടിയതോടെ ഉഷ ശ്രദ്ധാകേന്ദ്രമായി. ഉഷ സ്വർണം നേടുമെന്നായിരുന്നു പ്രവചനം. ഒരു മെഡൽ നമ്പ്യാരും ഉറപ്പിച്ചതാണ്. 'ഫൈനലിൽ വെടിയൊച്ച മുഴങ്ങിയപ്പോൾ ഉഷ കുതിച്ചു. നല്ല ഒന്നാന്തരം സ്റ്റാർട്ട്. പക്ഷെ ഓസ്ട്രേലിയൻ അത്ലറ്റ് ഫൗൾ ആയതുകൊണ്ട് റീസ്റ്റാർട്ട് വേണ്ടി വന്നു. രണ്ടാമത്തെ സ്റ്റാർട്ട് അത് മെച്ചമായില്ല. എങ്കിലും ഫിനിഷിങ് കഴിഞ്ഞപ്പോൾ ഉഷക്കാണ് വെങ്കലമെന്നാണ് കരുതിയത്.

പക്ഷെ ഫോട്ടോ ഫിനിഷിങ്ങിൽ ഉഷ നാലാമതായി പോയി. ഞാൻ നിരാശ കൊണ്ട് നിലത്തു കിടന്നുപോയി. ആ കിടപ്പ് എത്ര നേരം തുടർന്നുവെന്ന് എനിക്കോർമയില്ല. ആദ്യ സ്റ്റാർട്ട് ഓസ്ട്രേലിയക്കാരി ഫൗൾ ആക്കിയില്ലായിരുന്നെങ്കിൽ ഉഷ മെഡൽ നേടുമായിരുന്നു, അതെനിക്ക് ഉറപ്പാണ്. '- ഒരിക്കലും അവസാനിക്കാത്ത നഷ്ട ബോധത്തോടെ നമ്പ്യാർ പറയുന്നു.

ചെറുപ്പത്തിലേ ഓട്ടക്കാരനായിരുന്നു മാധവൻ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോൾ അത്ലറ്റിക്സ് ചാമ്പ്യനായിരുന്നു. ട്രാക്കിൽ നമ്പ്യാരുടെ മിടുക്ക് കണ്ട കോളേജ് പ്രിൻസിപ്പൽ മാധവനോട് പറഞ്ഞു, ' നിനക്കു നല്ലത് പട്ടാളമാണ്.' പ്രിൻസിപ്പലിന്റെ ഉപദേശം സ്വീകരിച്ച നമ്പ്യാർ ചെന്നൈയിലേക്ക് വണ്ടി കയറി.

താംബരത്തെ എയർ ഫോഴ്സ് റിക്രൂട്ടിങ് സെന്ററിൽ എത്തുമ്പോഴേക്കും റിക്രൂട്ട്മെന്റിനുള്ളവർ അകത്തുകയറിക്കഴിഞ്ഞിരുന്നു. ഇനിയാർക്കും പ്രവേശനമില്ലെന്ന് പുറത്തെ കാവൽക്കാർ പറഞ്ഞു. നമ്പ്യാർ പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

സർട്ടിഫിക്കറ്റുകൾ മാറത്തടക്കിപ്പിടിച്ച് രണ്ടടി പിന്നോട്ടടിച്ച് ബാരിക്കേഡ് ചാടിക്കടന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാവൽ നിന്നിരുന്നവർക്ക് തിരിച്ചറിയും മുമ്പ് ഉദ്യോഗാർഥികളുടെ കൂട്ടത്തിൽ കയറി നിന്നു. ആ ഒരു ചാട്ടമാണ് മാധവന്റെ ജാതകം കുറിച്ചത്. 1955-ൽ എയർ ഫോഴ്സിൽ ജോലിയിൽ പ്രവേശിച്ച മാധവൻ അവിടെയും അറിയപ്പെടുന്ന കായികതാരമായി. സർവീസസിനെ പ്രതിനികരച്ച് ദേശീയ മീറ്റുകളിൽ മികവു കാണിച്ചെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായില്ല.

ആ നിരാശ മാറ്റാനാണ് നമ്പ്യാർ പരിശീലകനാവാൻ തീരുമാനിച്ചത്. പാട്യാലയലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പോർടിസിൽ ചേർന്നു. അവിടുത്തെ ട്രെയ്നിങ് പൂർത്തിയാക്കി കോച്ചിങ് ലൈസൻസ് നേടിയെത്തിയ നമ്പ്യാർ സർവീസസിന്റെ കോച്ചായി. അതിനടയിലാണ് കേരളാ സ്പോർട്സിന്റെ പിതാവായ കേണൽ ഗോദവർമ രാജ നമ്പ്യാരെ കേരളത്തിലേക്ക് പരിശീലകനായി ക്ഷണിച്ചത്. നാട്ടിൽ വന്ന് ഗോദവർമ്മയെ കണ്ട് സപോർട്സ് കൗൺസിൽ കോച്ചായി ചേർന്നു.



സ്പോർട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് നമ്പ്യാർ ഉഷയെ ആദ്യമായി കാണുന്നത്. വലിയ ആരോഗ്യമൊന്നുമില്ലാത്ത മെലുഞ്ഞൊരു പെൺകുട്ടി. ഉഷക്ക് സെലക്ഷൻ കിട്ടി. ഉഷയും നമ്പ്യാരും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെത്തി. പിന്നീടെല്ലാം ചരിത്രമാണ്. ഒന്നിനു പിറകെ ഒന്നായി വിജയങ്ങൾ എണ്ണിയാലൊടുങ്ങാത്ത മെഡലുകൾ. ഇന്ത്യൻ കായിക രംഗത്ത് തന്നെ ഏറ്റവും അധികം വിജയങ്ങൽ കൊണ്ടു വന്ന ഗുരു-ശിഷ്യ ബന്ധമായി അത്.

ഉഷ അന്താരാഷ്ട്ര മൽസരങ്ങളിൽ നേടിയത് നൂറിലധികം മെഡലുകൾ. 1986-ലെ ജക്കാർത്ത ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ ഉഷ ചരിത്രമെഴുതി. ജക്കാർത്തയിൽ ഉഷ നേടിയത് അഞ്ച് സ്വർണമടക്കം ആറു മെഡലുകൾ. ഇന്ത്യ അന്ന് മൊത്തം നേടിയത് ഏഴ് മെഡലുകളായിരുന്നു. തിരിച്ചു നാട്ടിലെത്തിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചോദിച്ചത്, 'ഇങ്ങനെയാണെങ്കിൽ ഉഷയും നമ്പ്യാരും മാത്രം പോയാൽ മതിയായിരുന്നല്ലോ?' എന്നാണ്.



ഉഷയുടെ നേട്ടങ്ങൾക്ക് പിന്നിൽ വയർപ്പൊഴുക്കിയ നമ്പ്യാർക്ക് എന്ത് പ്രതിഫലം നൽകുമെന്നായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആലോചന. അങ്ങിനെയാണ് പരിശീലകർക്കായി ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. അങ്ങനെ ഇന്ത്യൻ കായിക ചരിത്രത്തിൽ പ്രഥമ ദ്രോണാചാര്യ അവാർഡ് ജേതാവെന്ന നിലയിൽ നമ്പ്യാരുടെ പേര് എഴുതിച്ചേർത്തു.

1985-ലാണ് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം നമ്പ്യാർക്ക് ലഭിക്കുന്നത്. കായികരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് അത് പത്മശ്രീയിലേക്കെത്താൻ മൂന്നര പതിറ്റാണ്ടിലേറെ കാലം വേണ്ടി വന്നു.

പത്മശ്രീ പുരസ്‌കാരം 84-ാം വയസ്സിലാണ് നമ്പ്യാരെ തേടിയെത്തിയത്. പ്രഥമ ദ്രോണാചാര്യയിൽനിന്ന് പത്മശ്രീയിലേക്ക് എത്തുമ്പോൾ ഒതയോത്ത് മാധവൻ നമ്പ്യാർക്ക് അർഹിച്ച പുരസ്‌കാരം അൽപം വൈകിയെന്നായിരുന്നു കായിക ലോകത്തിന്റെ വിലയിരുത്തൽ. നമ്പ്യാർ സാറിന് 35 വർഷം മുമ്പ് കിട്ടേണ്ട പുരസ്‌കാരമാണിതെന്നാണ് അന്ന് പി.ടി.ഉഷ പുരസ്‌കാര വാർത്തയോട് പ്രതികരിച്ചത്.

ഇത്തവണ ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിലേക്ക് കുതിക്കവെ, ഓഗസ്റ്റ് എട്ടിന്റെ ഓർമയിൽ പി.ടി.ഉഷ ഒ.എം.നമ്പ്യാരെ നേരിട്ട് കാണാനെത്തിയിരുന്നു. 37 വർഷം മുൻപു ലൊസാഞ്ചലസിൽ ആ ഒളിംപിക് മെഡൽ നഷ്ടമായ ദിവസത്തിന്റെ ഓർമയുമായി.

എന്നാൽ ഇത്തവണ പ്രിയ പരിശീലകനോട് പറയാൻ ഒരു സന്തോഷ വാർത്തയുമായാണ് പി ടി ഉഷ എത്തിയിരുന്നത്. നീരജ് ചോപ്രയിലൂടെ ഇന്ത്യ ഒരു അത്ലറ്റിക് മെഡൽ നേടിയതിന്റെ സന്തോഷം പങ്കിടാനാണ് ഉഷ വടകര മണിയൂർ മീനത്തുകരയിലെ ഒതയോത്തു വീട്ടിലെത്തിയത്. നമ്പ്യാർ സാർ പക്ഷാഘാതത്തിന്റെ പീഡകളെ മറികടക്കാവുന്ന അവസ്ഥയല്ല. 90 വയസ്സിലെത്തിയ തന്റെ പരിശീലകനോട് ഏറെ ആഹ്ലാദത്തോടെയാണ് പി ടി ഉഷ ആ വാർത്ത പങ്കുവച്ചത്.

'' നമ്പ്യാർ സാറേ, ഞാൻ ഉഷയാണ്. ഒന്നു നോക്കിയേ..'' എന്ന തൊട്ടുവിളി കോച്ച് നമ്പ്യാരെ ഉണർത്തി. 1984 ഓഗസ്റ്റ് 8 അദ്ദേഹത്തിന്റെ ഓർമയിലുണ്ടോ? അറിയില്ല. 'ഉണ്ടാവും' എന്നാണ് ഉഷയുടെ ഉറപ്പ്.

ലൊസാഞ്ചലസിലെ ആ ദിവസം മുതൽ ഉഷയും നമ്പ്യാരും കാത്തിരുന്നതാണ് ഇന്ത്യ നേടുന്ന ഒളിംപിക്‌സ് അത്ലറ്റിക് മെഡൽ. നീരജ് ചോപ്രയിലൂടെ അതു കിട്ടിയതിൽ, അതും സ്വർണം തന്നെ കിട്ടിയതിൽ ഉഷ സന്തോഷിക്കുന്നു. ആ സന്തോഷം പങ്കിടാൻ നമ്പ്യാർ സാറിന്റെ അടുക്കൽ എത്താതിരിക്കുന്നതെങ്ങനെ?