ആർഎ തലവനും നോർത്തേൺ അയർലണ്ടിലെ മുൻ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററുമായ മാർട്ടിൻ മാക്ഗിന്നസിന് ആദരാജ്ഞലി അർപ്പിക്കൽ ചടങ്ങ് നോർത്തേൺ അയർലണ്ടിൽ നടന്നു. ഇപ്പോൾ അന്തരിച്ചിരിക്കുന്നത് അനേകം നിരപരാധികളെ കൊന്നൊടുക്കിയ ഭീകരനേതാവാണ്. അതിനിടെ അദ്ദേഹത്തിന്റെ മരണത്തിൽ ആശ്വാസവുമായി ഇരകൾ ഒരുമിച്ചിട്ടുമുണ്ട്. അപൂർവമായ ജെനറ്റിക് അവസ്ഥയെ തുടർന്നായിരുന്നു ഗിന്നസ് കഴിഞ്ഞ രാത്രി തന്റെ 66ാം വയസിൽ മരണപ്പെട്ടത്. ഒരിക്കൽ ബ്രിട്ടനിലെ ഒന്നാം നമ്പർ തീവ്രവാദിയായിരുന്ന ആളാണിപ്പോൾ മരിച്ചിരിക്കുന്നത്. തുടർന്ന് അദ്ദേഹം ഐആർഎയുടെ ഉന്നത കമാൻഡറായി മാറുകയായിരുന്നു.

നോർത്തേൺ അയർലണ്ടിലും യുകെയിലും നടന്ന നിരവധി രക്തരൂക്ഷിത ആക്രമണങ്ങൾക്ക് പുറകിൽ ഗിന്നസായിരുന്നുവെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ബ്രൈറ്റനിലും എന്നിസ്‌കില്ലെനിലും നടന്ന ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഗിന്നസെന്ന ഭീകരൻ മരിച്ചതോടെ ലോകം കൂടുതൽ മധുരതരവും സുരക്ഷിതവുമായെന്നാണ് ബ്രൈറ്റൻ ബോംബ് സ്ഫോടനത്തിലെ ഇരയായ ലോർഡ് ടെബിറ്റ് പ്രതികരിച്ചിരിക്കുന്നത്. മറ്റൊരു തീവ്രവാദി കൂടി മരിച്ചതോടെ ഭൂമി ക്ലീൻ ആയെന്നാണ് ബ്രൈറ്റൻ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾ പ്രതികരിച്ചിരിക്കുന്നത്.

താൻ ചെയ്ത് കൂട്ടിയ ആക്രമണങ്ങളുടെ പേരിൽ നിരവധി വർഷങ്ങൾ ജയിലിൽ കഴിഞ്ഞ ഗിന്നസ് പിന്നീട് 1980കളിൽ രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു. ഗിന്നസിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ വിധവ ബേണി മാക് ഗിന്നസിനെ രാജ്ഞി അനുശോചനം അറിയിച്ച് സന്ദേശം അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ച് കൊണ്ട് ലണ്ടൻഡെറിയിലൂടെയുള്ള യാത്രയെ നൂറ് കണക്കിന് പേരാണ് അനുഗമിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംസ്‌കാരം നടക്കുന്നത്. വെസ്റ്റ് ബെൽഫാസ്റ്റിലെ ബരാക്സിലും വലിയ ജനക്കൂട്ടം ഒത്ത് കൂടി അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചിരുന്നു. നിരവധിപേർ ഇവിടങ്ങളിൽ മെഴുകുതിരി തെളിച്ച് നൈറ്റ് വിജിലിൽ ഭാഗഭാക്കായിരുന്നു.

അദ്ദേഹത്തിന്റെ മൃതദേഹം ഐറിഷ് പതാക പുതപ്പിച്ചാണ് ലണ്ടൻഡെറിയിലെ തെരുവുകളിലൂടെ കൊണ്ട് പോയിരുന്നത്. ഭാര്യ ബേണിക്ക് പുറമെ മക്കളായ ഗ്രെയ്നെ, ഫിയോന്ന്വാല, ഫിയാച്റ, എമ്മെറ്റ് എന്നിവരും അദ്ദേഹത്തിന്റെ ചില അനുയായികളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. അയർലണ്ടിനെ ഒരുമിപ്പിക്കാൻ വേണ്ടി തന്റെ ജീവിതകാലം മുഴുവൻ പ്രയത്നിച്ച് റിപ്പബ്ലിക്കനായിരുന്നു ഗിന്നസെന്നാണ് സിൻ ഫെയിനിന്റെ പുതിയ തലവനായ ഗെറി ആദംസ് വേദനയോടെ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹവും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഗിന്നസിന്റെ മരണത്തിൽ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും അനുശോചനം അറിയിച്ചിരുന്നു.