തിരുവനന്തപുരം: ദേശീയ ഗെയിംസ് 5000 മീറ്ററിൽ കേരളത്തിന്റെ ഒ പി ജെയ്ഷയ്ക്കു സ്വർണം. വ്യക്തമായ ലീഡോടെ മത്സരത്തിൽ ആധിപത്യമുറപ്പിച്ച ജെയ്ഷ ഗെയിംസ് റെക്കോഡോടെയാണ് 15 മിനിട്ട് 18 സെക്കൻഡിലാണ് ജെയ്ഷ ഫിനിഷ് ചെയ്തത്.

ജെയ്ഷയുടെ നേട്ടത്തോടെ കേരളത്തിന് സ്വർണ മെഡലുകളുടെ എണ്ണം 19 ആയി. അതേസമയം, ഒളിമ്പ്യൻ പ്രീജ ശ്രീധരനും കേരള താരം പി യു ചിത്രയും മെഡൽ മേഖലയിൽ എത്താനായില്ല. പ്രീജ നാലാമതായാണ് ഫിനിഷ് ചെയ്തത്.

ജെയ്ഷയുടെ സ്വർണ നേട്ടം കേരളം പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച ഫോമിലായിരുന്നു ജെയ്ഷ. അയ്യായിരം മീറ്ററിലെ സ്വർണം കേരളത്തിന് തുടർന്നുള്ള മത്സരങ്ങളിൽ ആത്മവിശ്വാസമേകും. അത്‌ലറ്റിക്‌സ് തുടങ്ങിയ ആദ്യ ദിനത്തിൽ തന്നെ സ്വർണം നേടാനായത് കുറച്ചൊന്നുമല്ല കേരളത്തിന്റെ ആരാധകരെ സന്തോഷിപ്പിച്ചത്. കാണികളുടെ മികച്ച പിന്തുണ സ്വർണം നേടാൻ സഹായകമായെന്നു ജെയ്ഷ പ്രതികരിച്ചു.

നേരത്തെ, ഫെൻസിങ്ങിൽ കേരളത്തിന്റെ ഭവാനി ദേവിക്കും ദിൽനയ്ക്കും സ്വർണം നേടിയിരുന്നു. സാബ്‌റേ വിഭാഗത്തിലാണ് ഭവാനി സ്വർണം നേടിയത്. ഫൈനലിൽ പഞ്ചാബിന്റെ കോമൾ പ്രീത് ശുക്ലയെ 15-6നു തോൽപ്പിച്ചാണ് ഭവാനി ദേവി സ്വർണം നേടിയത്.

ഇതിനു തൊട്ടുപിന്നാലെയാണ് വി പി ദിൽനയും സ്വർണനേട്ടത്തിലെത്തിയത്. വനിതകളുടെ ഫെൻസിങ്ങിൽ വ്യക്തിഗത എപ്പി വിഭാഗത്തിലാണ് ദിൽനയുടെ നേട്ടം. അസമിന്റെ കവിത ദേവിയെ തോൽപ്പിച്ചാണ് ദിൽന പതിനെട്ടാം സ്വർണം കേരളത്തിന്റെ ശേഖരത്തിലെത്തിച്ചത്.

വനിതകളുടെ 400 മീറ്ററിൽ കേരളത്തിന്റെ അനു രാഘവൻ, അനിൽഡ തോമസ്, അനു മറിയം എന്നിവർ ഫൈനലിൽ കടന്നു. പുരുഷവിഭാഗം 5000 മീറ്ററിൽ സർവീസസിന്റെ ലക്ഷ്മണ സ്വർണം നേടി. ഇന്നു നടന്ന വനിതാ വിഭാഗം ഹൈജമ്പിൽ കർണാടകത്തിന്റെ സഹനകുമാരി സ്വർണം നേടി.

നേരത്തെ കനോയിങ് വനിതാ വിഭാഗം ഡബിൾസിൽ കേരളം വെള്ളി നേടിയിരുന്നു. ബെറ്റി ജേസഫ്, ആതിര ഷൈനപ്പൻ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. വനിതകളുടെ 1000 മീറ്റർ കയാക്കിംഗിൽ കേരളത്തിന് വെങ്കലം കിട്ടി. കേരളത്തിന്റെ മിനിമോൾ-ശിൽപ സഖ്യത്തിനാണ് വെങ്കലം നേടാനായത്.

ഗെയിംസിലെ ഗ്ലാമർ ഇനമായ അത്‌ലറ്റിക്‌സിൽ ലോങ്ജംപ് ഫൈനലിലേക്കു യോഗ്യത നേടാതെ കേരളത്തിന്റെ രഞ്ജിത് മഹേശ്വരി പുറത്തായിരുന്നു. 400 മീറ്ററിൽ ടിന്റു ലൂക്ക കേരളത്തിനായി മത്സരിക്കില്ല. ടിന്റു മത്സരത്തിനിറങ്ങില്ലെന്ന് കോച്ച് പി ടി ഉഷ അറിയിച്ചിരുന്നു. 800 മീറ്ററിലും റിലേയിലും മാത്രമാണ് ടിന്റു ലൂക്ക മത്സരിക്കുക.

പുരുഷ വിഭാഗം ഫുട്‌ബോൾ കിരീടം മിസോറമിനു ലഭിച്ചു. ഫൈനലിൽ പഞ്ചാബിനെയാണ് മിസോറം തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മിസോറമിന്റെ ജയം.