തിരുവനന്തപുരം: നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്തെ നേമത്ത് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ ജയിച്ചു. സിപിഎമ്മിലെ ശിവൻകുട്ടിയെ 8954 വോട്ടിന് രാജഗോപാൽ മറികടന്നു. എന്നാൽ മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റത് ബിജെപിക്ക് തിരിച്ചടിയായി. മുസ്ലിം ലീഗിന്റെ അബ്ദുൾ റസാഖ് വിജയിച്ചു. അത്യന്തം വാശിയേറിയതായിരുന്നു മത്സരം. ശക്തി കേന്ദ്രങ്ങളിൽ ന്യൂനപക്ഷ കേന്ദ്രീകരണമാണ് ലീഗിന് തുണയായത്. 56870 വോട്ട് റസാഖ് നേടി. സുരേന്ദ്രന് ലഭിച്ചത് 56781 വോട്ടാണ്. സിപിഎമ്മിന്റെ കുഞ്ഞമ്പു 42565 വോട്ടും നേടി. അങ്ങനെ കപ്പിനും ചുണ്ടിനുമിടയിൽ ബിജെപിക്ക് മഞ്ചേശ്വരം വീണ്ടും നഷ്ടമായി. അറിടത്ത് ബിജെപി രണ്ടാമത് എത്തി. കഴിഞ്ഞ തവണ നേമത്തും മഞ്ചേശ്വരത്തും കാസർഗോഡും മാത്രമാണ് ബിജെപി രണ്ടാം സ്ഥാനം നേടിയിരുന്നത്. 

നേമത്ത് രാജഗോപാൽ രണ്ടാമത്തെ തവണയാണ് നിയമസഭയിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 4000ത്തിൽ പരം വോട്ടിന് ശിവൻകുട്ടിയോടായിരുന്നു തോൽവി. തുടർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേമത്ത് രാജഗോപാൽ ഒന്നാമത് എത്തി. 18000 വോട്ടിന്റെ ലീഡ് കിട്ടുകയും ചെയ്തു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തീരെ ദുർബലനായ സുരേന്ദ്രൻ പിള്ള യുഡിഎഫ് സ്ഥാനാർത്ഥിയായതോടെ രാജഗോപാലിന് ഭീഷണിയായി. ക്രോസ് വോട്ടിങ് രാജഗോപാലിനെ തോൽപ്പിക്കുമെന്ന് കരുതി. എന്നാൽ ഈ ഭീഷണിയേയും വ്യക്തിപരമായ മികവിൽ രാജഗോപാൽ മറികടന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും രാജഗോപാലിനെ പിന്നിലാക്കാൻ ശിവൻകുട്ടിക്ക് കഴിഞ്ഞില്ല. എല്ലാ സമുദായങ്ങളുടെ വോട്ടും രാജഗോപാലിന് കിട്ടിയതിന് തെളിവാണ് ഇത്. അങ്ങനെ വമ്പൻ ഭൂരിപക്ഷത്തോടെ രാജഗോപാൽ ജയിച്ചു കയറി.

ബിജെപി രണ്ടാമത് എത്തിയ മണ്ഡലങ്ങൾ- മഞ്ചേശ്വരം, കാസർഗോഡ്, മലമ്പുഴ, പാലക്കാട്, വട്ടിയൂർകാവ്, കഴക്കൂട്ടം,  ചാത്തന്നൂർ

ബിജെപിയിൽ കാസർഗോഡ് രവീശ തന്ത്രിയും രണ്ടാമതാണ്. പാലക്കാട് ശോഭാ സുരേന്ദ്രൻ ആദ്യ ഘട്ടത്തിൽ മുന്നിലെത്തി. പക്ഷേ അത് തുടരാനായില്ല. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് വി മുരളീധരൻ രണ്ടാമത് എത്തി. സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനാണ് ഒന്നാമത്. വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മത്സരത്തെ അതിജീവിക്കാൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായില്ല. ഇവിടെ കോൺഗ്രസിലെ കെ മുരളീധരൻ ജയിത്തു. ആറന്മുളയിൽ എംടി രമേശും ജയിച്ചില്ല. തിരുവനന്തപുരത്ത് ശ്രീശാന്തിനും മുന്നേറാനായില്ല. അലപ്പുഴയിലെ കുട്ടനാട് ബിഡിജെഎസ് സ്ഥാനാർത്ഥി സുഭാഷ് വാസു മൂന്നാമതായി. കാട്ടക്കടയിൽ പികെ കൃഷ്ണദാസും പിന്നിലായി. ചെങ്ങന്നൂരിൽ പിസി ശ്രീധരൻ പിള്ള മൂന്നാമതായി. അങ്ങനെ വിജയം പ്രതീക്ഷിച്ചിടത്തെല്ലാം വോട്ട് കൂട്ടുക ചെയ്യാൻ മാത്രമേ ബിജെപിക്കായുള്ളൂ. ചാത്തന്നൂരിൽ ബി ഗോപകുമാറും രണ്ടാമത് എത്തി.

തിരുവനന്തപുരത്തും പാലക്കാടും കാസർഗോഡും ആലപ്പുഴയിലും ഇടുക്കിയിലുമാണ് ബിജെപി-ബിഡിജെഎസ് സ്ഥാനാർത്ഥികൾ നേട്ടമുണ്ടാക്കുന്നത്. മൂന്നാം സ്ഥാനത്താണെങ്കിലും വിജയം നിശ്ചയിക്കുന്ന ഘടകമായി ഈ സഖ്യം മാറിയിട്ടുണ്ട്. എന്നാൽ ബിഡിജെഎസിന് അക്കൗണ്ട് തുറക്കലിന് കഴിഞ്ഞില്ല. യുഡിഎഫിന്റെ വോട്ടുകളാണ് ബിജെപി കൂടുതലായി നേടിയത്. ഇത് തന്നെയാണ് ഇടതുമുന്നണി വൻ വിജയത്തിലേക്ക് എത്തുന്നത്. കോവളം മാത്രമാണ് ഇത് അപവാദം. കോവളത്ത് ബിഡിജെഎസിന്റെ ടിഎൻ സുരേഷ് 30000 വോട്ട് നേടിയപ്പോൾ ഇടത് സ്ഥാനാർത്ഥി ജമീലാ പ്രകാശം തോറ്റു. ബാക്കിയെല്ലായിടത്തും എൻഡിഎ സഖ്യത്തിന്റെ സാന്നിധ്യം തുണച്ചത് സിപിഐ(എം) മുന്നണിയെയാണ്.

ബിജെപിയുടെ വോട്ട് ഷെയറിൽ വലിയ ഉയർച്ചയും ഉണ്ടായിട്ടുണ്ട്. എല്ലായിടത്തും ബിജെപിക്ക് വൻതോതിൽ വോട്ട് കൂടി. അത് ഇടതുപക്ഷത്തിന്റെ സാധ്യതകളെ ബാധിച്ചതുമില്ല. അതായത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്‌ക്കൊപ്പം നിന്നവരെല്ലാം ഇടതുപക്ഷത്തിന് പിന്നിൽ അണിനിരന്നുവെന്നതാണ് വസ്തുത. കെ ബാബു അടക്കമുള്ള പലപ്രമുഖരുടേയും തോൽവിക്ക് കാരണം ബിജെപി സഖ്യത്തിന്റെ സാന്നിധ്യമാണ്.