തിരുവനന്തപുരം: 'കേരളമെന്നത് ഒരു രാഷ്ട്രീയ പരീക്ഷണശാലയാണ്. വൈദേശിക സ്വാധീനം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനവുമാണ് നമ്മുടേത്. രാഷ്ട്രീയത്തിൽ വരുമ്പോൾ കോൺഗ്രസ് മുന്നണിയും എൽഡിഎഫ് മുന്നണിയും ശക്തമായ സാന്നിദ്ധ്യമായി കേരളത്തിലുണ്ട്. അവരോട് മത്സരിച്ചാണ് മുന്നേറേണ്ടത്. ദേശീയ രാഷ്ട്രീയത്തിൽ നെഹ്‌റു കഴിഞ്ഞാൽ നമ്പൂതിരിപ്പാടെന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ദേശീയ തലത്തിൽ രണ്ടാം കക്ഷിയായിരുന്ന കമ്യുണിസ്റ്റ് പാർട്ടിയെ പുറത്താക്കി മുന്നേറുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലേ. ഇവിടെ ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ബിജെപി ജയിക്കുന്ന അവസ്ഥ വരുമ്പോൾ കോൺഗ്രസും കമ്യൂണിസ്റ്റും തമ്മിൽ യോജിക്കും. അതാണ് കേരളത്തിലെ പ്രധാന വിഷയം'- അരുവിക്കരയിലെ ബിജെപി സ്ഥാനാർത്ഥിയായി എത്തുന്ന ഒ രാജഗോപാലിന്റെ വാക്കുകളാണിവ.

അരുവിക്കരയിലെ ഈ മനസ്സുമായാണ് രാജഗോപാൽ രാഷ്ട്രീയ പരീക്ഷണത്തിന് എത്തുന്നത്. പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിയാണ്. അതുകൊണ്ട് തന്നെ പഴയതു പോലെ നാണംകെട്ട കളിക്ക് ബിജെപിക്ക് കഴിയില്ല. വോട്ടുകൾ പെട്ടിയിലായില്ലെങ്കിൽ ദേശീയ പ്രസിഡന്റ് അമിത് ഷായുടെ വിളിയെത്തും. പ്രകടനം മോശമായാൽ ഉത്തരം പറയേണ്ടി വരിക സംസ്ഥാന പ്രസിഡന്റും. ഈ സാഹചര്യത്തിലാണ് വി മുരളീധരൻ തന്നെ രാജഗോപാലിനെ ഉയർത്തിക്കാട്ടിയത്. അരുവിക്കരയിൽ നെട്ടോട്ടമോടാൻ രാജേട്ടനെത്തിയാൽ എല്ലാം നന്നാകുമെന്ന് മുരളീധരന് അറിയാം. ബിജെപിക്കായി രാജഗോപാലിനുമപ്പുറം വോട്ട് നേടാൻ ഒരു നേതാവില്ല. നടൻ സുരേഷ് ഗോപിയെയാണ് മുരളീധരൻ മനസ്സിൽ കണ്ടത്. എന്നാൽ ദേശീയ ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെത്തുമ്പോൾ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത അടഞ്ഞു. പിന്നെയുള്ള മികച്ചത് രാജഗോപാൽ.

മത്സരിക്കാൻ ആവശ്യപ്പെട്ടാൽ രാജേട്ടൻ സമ്മതിക്കുമോ എന്നത് വെല്ലുവിളിയായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ഗവർണ്ണർ സ്ഥാനത്തേക്ക് ഉയരുന്ന പേരുകളിലൊന്ന് രാജഗോപാലിന്റേതാണ്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി മൂലമാണ് രാജഗോപാൽ ഗവർണ്ണറാകാത്തതെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടി പറഞ്ഞാൽ എന്ത് റിസ്‌കുമെടുക്കുന്ന തനിക്ക് കൂടുതൽ പരിഗണന കൂടിയേ തീരുവെന്ന് പറയാതെ പറയുകയാണ് ബിജെപിക്കാരുടെ രാജേട്ടൻ. നെയ്യാറ്റിൻകരിയിലും മത്സരിക്കാൻ പറഞ്ഞപ്പോൾ മത്സരിച്ചു. തോൽക്കാൻ വേണ്ടി മാത്രം നാമനിർദ്ദേശം നൽകുന്നയാളെന്ന പേരുദോഷം അരുവിക്കരയിൽ മാറ്റാമെന്ന നേരിയ പ്രതീക്ഷയുമുണ്ട്. നെയ്യാറ്റിൻകരിയിൽ എല്ലാ മേഖലയിലും ബിജെപിക്ക് വേരുകൾ ഉണ്ടായിരുന്നില്ല. തീരമേഖലയിൽ വോട്ട് ചോദിച്ച് പോകാൻ പോലുമായില്ല. എന്നാൽ അരുവിക്കരയിൽ അത്ര പ്രതികൂലമല്ല കാര്യങ്ങൾ.

ഇവിടെ ആർഎസ്എസിന് വിപുലമായ ശാഖാ സംവിധാനമുണ്ട്. ലോക്‌സഭയിലേക്ക് പതിനയ്യായിരത്തോളം വോട്ട് കിട്ടി. രാജഗോപാലിന്റെ മികച്ച പ്രതിച്ഛായ കൂടിയാകുമ്പോൾ വോട്ടുകൾ ധാരളമായെത്തും. തോറ്റാലും രണ്ടാം സ്ഥാനത്തിൽ കുറഞ്ഞൊന്നും സംഭവിക്കില്ലെന്ന ഉത്തമവിശ്വാസമാണ് ബിജെപിക്കുള്ളത്. കോർ കമ്മറ്റി യോഗത്തിന് മുമ്പ് സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വവുമായി മുരളീധരൻ ചർച്ച നടത്തിയിരുന്നു. രാജഗോപാലെങ്കിൽ മികച്ച സാധ്യതയുണ്ടെന്നാണ് ആർഎസ്എസ് പറഞ്ഞത്. രാജഗോപാൽ തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെട്ടു. ആർഎസ്എസ് ഇക്കാര്യങ്ങളിലെ നിലപാട് രാജഗോപാലിനേയും പരോക്ഷമായി അറിയിച്ചു. ഇതോടെയാണ് കോർ കമ്മറ്റിയിലെ നിർദ്ദേശത്തെ നെഞ്ചിലേറ്റാൻ രാജഗോപാൽ തയ്യാറായത്. പാർട്ടിക്ക് വിധേയനായി എന്തു പറഞ്ഞാലും ചെയ്യുന്ന പ്രവർത്തകനായി മാറുകയായിരുന്നു രാജഗോപാൽ.

ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് രാജഗോപാലിന്റെ പേര് വീണ്ടും സജീവമായെത്തും. അരുവിക്കരയിലെ പ്രചരണവും പ്രവർത്തനവും പ്രധാനമന്ത്രി മോദിയുടെ ഓഫീസ് തന്നെ പ്രത്യേകം ശ്രദ്ധിക്കും. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ സാധാരണ മോദി സജീവമാകാറില്ല. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മോദിയെ പ്രചരണത്തിൽ എത്തിക്കാനും ശ്രമിക്കും. എന്നാൽ വിദേശ പര്യടന തിരക്കുകൾ മൂലം ഇതിന് സാധിക്കില്ലെന്നും സൂചനയുണ്ട്. ഏതായാലും അമിത് ഷായടക്കമുള്ള ദേശീയ നേതാക്കൾ അരുവിക്കരയിൽ എത്തും. സുരേഷ് ഗോപിയും സജീവമായി പ്രചരണത്തിനുണ്ടാകും. എല്ലാ അർത്ഥത്തിലും പ്രചരണ കൊഴുപ്പിച്ച് രാജഗോപാലിന് പരമാവധി വോട്ട് നേടാൻ തന്നെയാകും ശ്രമം. എസ്എൻഡിപിയുടേയും എൻഎസ്എസിന്റേയും പിന്തുണയും ഇതിനായി തേടും.

രാജ്യത്തെ തലമുതിർന്ന ബിജെപി നേതാവാണ് രാജഗോപാൽ. അതിന് അനുസരിച്ച് മാന്യമായ സ്ഥാനം രാജഗോപാലിന് നൽകണമെന്ന് ആർഎസ്എസ് നേതൃത്വം ബിജെപി കേന്ദ്ര നേതാക്കളെ അറിയിക്കും. ഗവർണ്ണർ പദവിയും ഉടൻ രാജഗോപാലിനെ തേടിയെത്തുമെന്നാണ് സൂചന. എന്നാൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കാൻ രാജഗോപാലിനെ തന്നെയാണ് മനസ്സിൽ കാണുന്നത്. അതുകൊണ്ട് മാത്രമാണ് രാജേട്ടനെ ഗവർണ്ണറാക്കത്തതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. ഏതായാലും ബിജെപിയുടെ മുഖമയായി അരുവിക്കര തെരഞ്ഞെടുപ്പിൽ രാജഗോപാലിനെ മാറ്റുമ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനിയും മുൻ കേന്ദ്രമന്ത്രിയുണ്ടാകുമെന്ന സൂചനയാണ് ബിജെപി നൽകുന്നത്.

1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ച രാജഗോപാൽ ജനസമ്മതി ഏറെയുള്ള ബിജെപി നേതാവണ്. ആർ.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. അന്ന് കേരളത്തിൽ ഏറെ വികസന പ്രവർത്തനങ്ങളെത്തി. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. 1929 സെപ്റ്റംബർ 15 ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു.പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്‌കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്‌കൂളിലും ആയിട്ടായിരുന്നു.

അതിനുശേഷം പാലക്കാട് വിക്‌റ്റോറിയ കോളേജിൽ പഠനം തുടർന്നു. തുടർന്നു ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു.