- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി സ്വർണക്കടത്ത് കേസിലടക്കം ആരോപണവിധേയൻ'; 'സമ്മർദ്ദങ്ങൾക്കും വശീകരണങ്ങൾക്കും പൊതുപ്രവർത്തകർ വഴിപ്പെട്ടുപോകാൻ പാടില്ല'; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ഒ.രാജഗോപാൽ
തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബിജെപി നിയമസഭയിൽ. മുസ്ലിം ലീഗ് എംഎൽഎ എം.ഉമ്മർ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൻ മേൽ നടന്ന ചർച്ചയിൽ പ്രമേയത്തെ പിന്തുണച്ചാണ് സഭയിലെ ഏക ബിജെപി അംഗവും നേമം എംഎൽഎയുമായ ഒ.രാജഗോപാൽ സംസാരിച്ചത്. സ്പീക്കർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കൊപ്പം നിന്ന് അവരുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുക എന്നത് വളരെ ദുഃഖകരമാണെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
സ്പീക്കർ തിരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി വാർത്ത സൃഷ്ടിച്ച ബിജെപി എംഎൽഎ ഒ. രാജഗോപാൽ ഇത്തവണ സ്പീക്കർക്കെതിരായ പ്രമേയത്തെ അനുകൂലിച്ചാണ് രംഗത്തെത്തിയത്.
സാധാരണ രാഷ്ട്രീയ കാരണങ്ങളാൽ അവിശ്വാസ പ്രമേയങ്ങൾ സഭയിൽ വരാറുണ്ട്. ചർച്ചകളും നടക്കാറുണ്ട്. എന്നാൽ ഇന്ന് അവതരിപ്പിച്ചിരിക്കുന്ന പ്രമേയം തികച്ചും വ്യത്യസ്തമാണ്. സ്പീക്കർ സ്ഥാനത്തിരിക്കുന്ന വ്യക്തി കള്ളക്കടത്ത് കേസിൽ കുറ്റാരോപിതനായി അഴിമതി ആരോപണങ്ങളുടെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവരുന്നു എന്നതും വളരെ ഖേദകരമാണ്. സ്പീക്കർ ഈ സഭയിലെ 140 അംഗങ്ങളുടെയും മാതൃകാപുരുഷനാകേണ്ട ആളാണ്. മാതൃക ആയില്ലെങ്കിലും മറ്റുള്ളവർക്കൊപ്പമെങ്കിലും നിൽക്കേണ്ടതല്ലേ?
പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർ പലതരം സ്വാധീനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വിധേയരാകാറുണ്ട്. അത്തരം സ്വാധീനങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കുമ്പോഴാണ് മാതൃകാ പൊതുപ്രവർത്തകൻ ആകുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയാനും അവരെ അകറ്റിനിർത്താനും ശ്രമിക്കുമ്പോഴാണ് യഥാർഥ പൊതുപ്രവർത്തകനാകുന്നത്. അവരുടെ ഒപ്പം നിന്ന് അവരുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുക എന്നത് വളരെ ദുഃഖകരമാണ്. താൻ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതായും രാജഗോപാൽ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ സ്പീക്കർ കുറ്റാരോപിതനാണെന്ന ഒ. രാജഗോപാലിന്റെ പരാമർശത്തിനെതിരെ വി എസ്. സുനിൽകുമാർ രംഗത്തെത്തി. ഈ പരാമർശം ഒഴിവാക്കണമെന്ന് അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ