- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർഭരണമെന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി സെൻട്രൽ സ്റ്റേഡിയം; മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വിശിഷ്ടാതിഥികളും വേദിയിലെത്തി; സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം; ഗവർണർ എത്തിക്കഴിഞ്ഞാൽ 3.30 ന് സത്യവാചകം ചൊല്ലും; 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം
തിരുവനന്തപുരം: തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ സർക്കാർ അധികാരമേൽക്കാൻ ഇനി കുറച്ചു സമയം മാത്രം ബാക്കി. സത്യപ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ വേദിയിൽ എത്തി. ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയെ സാക്ഷിയാക്കി വൈകീട്ട് 3.30 ന് മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും. രണ്ടാം പിണറായി സർക്കാറിന്റെ സത്യപതിജ്ഞ ടെലിവിഷനിലിരുന്ന് ലക്ഷങ്ങൽ വീക്ഷിക്കും.
കോവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. 1000 പേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും സിപിഎമ്മിലെയും സിപിഐ.യിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും സത്യപ്രതിജ്ഞക്ക് പുന്നോടിയായി പുഷ്പാർച്ചന നടത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. ഇവർ 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, ആന്റിജൻ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിർവശത്തുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ