ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റണുവേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് സപ്പോർട്ടറുടെ വെല്ലുവിളി. ട്രംപിന്റെ ആരാധകനെ കൈകാര്യം ചെയ്യാൻ തുനിഞ്ഞ പാർട്ടി പ്രവർത്തകരെ ശാസിച്ച് ഒബാമ പ്രസംഗം തുടർന്നു. ഒബാമയുടെ വാക്കുകൾ അനുസരിച്ച് പ്രവർത്തകർ ശാന്തരാവുകയും ചെയ്തു.

നോർത്ത് കരോലിനിയിൽ നടന്ന റാലിക്കിടെ ട്രംപ് ആരാധകനുനേരെ തിരിഞ്ഞ സ്വന്തം പ്രവർത്തകരെ ശാന്തരാക്കാൻ ഒബാമയ്ക്ക് തിവ് സംയമനം വിട്ട് അൽപം ചൂടാകേണ്ടിയും വന്നു. നിങ്ങൾ ഞാൻ പറയുന്നത് കേൾക്കൂ എന്ന് ആവർത്തിച്ചുപറഞ്ഞ ഒബാമ, ഒരുഘട്ടത്തിൽ പ്രവർത്തകരോട് നാവടക്കിയിരിക്കാൻ ദേഷ്യപ്പെട്ട് പറയുകയും ചെയ്തു.

പ്രായം ചെന്ന ഒരാളാണ് ഹിലാരിയുടെ റാലിക്കിടെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്ന ബാനറുമായി എത്തിയത്. ട്രംപിനെ പിന്തുണയ്ക്കുന്നയാളെ നേരിടാൻ പാർട്ടി പ്രവർത്തകർ തുനിഞ്ഞതോടെയാമ് ഒബാമയ്ക്ക് ദേഷ്യം വന്നതും. പലതവണ ശാന്തമായി അഭ്യർത്ഥിച്ചിട്ടും പ്രവർത്തകർ അടങ്ങാതെ വന്നതോടെ ഒബാമയ്ക്ക് ചൂടാകേണ്ടിവന്നു. ഒടുവിൽ പ്രവർത്തകർ പ്രസിഡന്റിനെ അനുസരിച്ച് ശാന്തരാവുകയും ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് അമേരിക്കയെന്നും അവിടെ സ്വന്തം സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് ഒരാളുടെ നേരെ കുപിതരാകുന്നത് ശരിയല്ലെന്നും ഒബാമ പറഞ്ഞു. മാത്രമല്ല പ്രായം ചെന്ന ഒരാളാണ് ട്രംപിനെ പിന്തുണയ്ക്കാൻ എത്തിയിട്ടുള്ളത്. പ്രായമുള്ളവരെ ബഹുമാനിക്കാൻ പഠിക്കണമെന്നും ഒബാമ പ്രവർത്തകരോട് പറഞ്ഞു.

എതിരാളികളോട് ദേഷ്യപ്പെടുകയല്ല, അവരുടെ തെറ്റായ സമീപനം തിരുത്തിക്കുകയാണ് വേണ്ടതെന്ന് പ്രവർത്തകരോടായി ഒബാമ പറഞ്ഞു. പലവട്ടം ഉപദേശിച്ചിട്ടും പ്രവർത്തകർ ശാന്തരാകാതെ വന്നതോടെയാണ് ഒബാമ ദേഷ്യപ്പെട്ടത്. പ്രസിഡന്റിന് ദേഷ്യം വന്നതോടെ പ്രവർത്തകർ ശാന്തരാവുകയും അവർ പ്രസംഗം സമാധാനത്തോടെ കേൾക്കുകയും ചെയ്തു.