മേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് മുൻകോപിയാണെന്നും സ്വയം നിയന്ത്രിക്കാൻ കെൽപ്പില്ലാത്ത ആളാണെന്നും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി.ട്രംപിന് ആത്മനിയന്ത്രണം ഇല്ലാത്തതിനാൽ റിപ്പബ്ലിക്കൻ സ്റ്റാഫുകൾ അദ്ദേഹത്തിന്റെ ട്വിറ്റർ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടുന്നു. ട്വിറ്റർ ഉപയോഗിക്കുമ്പോൾ പോലും ആത്മനിയന്ത്രമില്ലാത്ത വ്യക്തി പ്രസിഡന്റായാൽ അണ്വായുധങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്നും ഒബാമ പരിഹാസത്തോടെ ചോദിച്ചു. ഇത്തരത്തിൽ യുഎസ് പ്രസിഡന്റിന്റെ അടി മർമത്തിൽ കൊണ്ട വെപ്രാളത്തിലാണ് ഡൊണാൾഡെന്നും റിപ്പോർട്ടുണ്ട്.

വായിൽ തോന്നിയതൊക്കെ തീരെ നിയന്ത്രണമില്ലാതെ ട്വീറ്റ് ചെയ്യുന്ന ട്രംപിന്റെ ശീലം മൂലം റിപ്പബ്ലിക്കൻ കാംപയിൻ തന്നെ അട്ടിമറിക്കപ്പെടുന്ന പ്രതിസന്ധിയുണ്ടായപ്പോഴാണ് കാംപയിൻ സ്റ്റാഫുകൾ ട്രംപ് ട്വിറ്റർ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നതെന്ന വാർത്ത ഒബാമ വൻ പ്രാധാന്യത്തോടെയാണ് എടുത്ത് കാട്ടിയത്. ഞായറാഴ്ച ഫ്ലോറിഡയിലെ കിസിമ്മെയിൽ ഹില്ലാരി ക്ലിന്റണ് വേണ്ടിയുള്ള കാംപയിൻ റാലിയിൽ സംസാരിക്കവെയാണ് ഒബാമ ട്രംപിന് ഇത്തരത്തിൽ കണക്കിന് പരിഹസിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി റിപ്പബ്ലിക്കൻ പാളയത്തിലുള്ളവർക്ക് ട്രംപിന്റെ ആത്മനിയന്ത്രണത്തെക്കുറിച്ച് വളരെ കുറച്ച് ആത്മവിശ്വാസമേയുള്ളുവെന്നും ഒബാമ പരിഹസിച്ചു.

ഒക്ടോബർ മധ്യത്തിൽ രാവിലെ മൂന്ന് മണിക്ക് ട്രംപ് ആത്മനിയന്ത്രണില്ലാതെ ഇട്ട ട്വീറ്റിനെയും ഒബാമ വിമർശിച്ചിരുന്നു. അലെക് ബാൽഡ് വിൻ തന്റെ ഷോയായ സാറ്റർഡേ നൈറ്റ് ലൈവിലൂടെ ട്രംപിനെ വിമർശിച്ചതിലുള്ള തന്റെ അസഹിഷ്ണുതയായിരുന്നു ട്രംപ് ഈ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നത്. തന്നെ നശിപ്പിക്കാനുള്ള വ്യാപകമായ നെഗറ്റീവ് മീഡിയ കാംപയിന്റെ ഭാഗമായിട്ടാണീ ഷോയെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. തുടർന്ന് ഈ ഷോ ബോറാണെന്നും അത് അവസാനിപ്പിക്കാൻ സമയമായെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ട്രംപിനെ ട്വിറ്റർ ഉപയോഗിക്കുന്നത് ഒരു എഡിറ്ററിലൂടെ മാത്രമാകണമെന്ന് അദ്ദേഹത്തിന്റെ കാംപയിൻ സ്റ്റാഫ് നിർബന്ധം പിടിക്കുന്ന വാർത്ത ന്യൂയോർക്ക് ടൈംസിൽ വന്നത് എടുത്തുയർത്തിയായിരുന്നു ഒബാമയുടെ പരിഹാസം.

കഴിഞ്ഞ ഒക്ടോബർ 20നാണ് ട്രംപ് ഏറ്റവുമൊടുവിൽ തികച്ചും സ്വതന്ത്രനായി ട്വീറ്റ് ചെയ്തതെന്നും അതിന് ശേഷം അദ്ദേഹത്തിന് മുകളിൽ ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടെന്നും ഒബാമ വ്യക്തമാക്കുന്നു. കുടിലതന്ത്രക്കാരിയായ ഹില്ലാരി എന്ന ട്വീറ്റാണ് ട്രംപ് ഏറ്റവുമൊടുവിൽ സ്വന്തം നിലയിൽ ഇട്ടിരിക്കുന്നതെന്നാണ് സൂചന. തുടർന്ന് ഒരു എഡിറ്ററിലൂടെ എഡിറ്റ് ചെയ്യപ്പെട്ടാണ് ട്രംപിന്റെ ട്വീറ്റുകൾ വെളിച്ചത്ത് വരുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ഇതിന് മുമ്പ് നിരവധി വിവാദ ട്വീറ്റുകൾ പുറത്ത് വിട്ട് ട്രംപ് റിപ്പബ്ലിക്കൻ കാംപയിൻ പദ്ധതിക്ക് തന്നെ കടുത്ത വെല്ലുവിളി ഉണ്ടാക്കിയതിനെ തുടർന്നാണ് പാർട്ടി അദ്ദേഹത്തിന്റെ ട്വീറ്റുകൾക്ക്‌നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.