വിക്കിലീക്‌സിന് അമേരിക്കൻ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് 35 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സൈനികോദ്യോഗസ്ഥ ചെൽസി മാനിങ്ങിന് മാപ്പുനൽകാൻ ബരാക് ഒബാമയുടെ തീരുമാനം. വൈറ്റ് ഹൗസിൽനിന്ന് പടിയിറങ്ങുന്നതിന് മുമ്പെടുത്ത അവസാന തീരുമാനങ്ങളിലൊന്നിൽ, ചെൽസിയുടെ ശിക്ഷാ കാലാവധി കുറയ്ക്കാൻ ഒബാമ ഉത്തരവിട്ടു. 2013 ഓഗസ്റ്റിലാണ് ബ്രാഡ്‌ലി എന്ന ചെൽസി മാനിങ് 35 വർഷത്തേയ്ക്ക് ശിക്ഷിക്കപ്പെട്ടത്.

2017 മെയ് 17-ന് ചെൽസിയെ ജയിൽമോചിതയാക്കാനാണ് ഒബാമയുടെ ഉത്തരവ്. അപ്പോഴേയ്ക്കും അവർ ആറുവർഷത്തോളം തടവറയിൽ കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ, രഹസ്യരേഖകൾ മോഷ്ടിച്ച് രാജ്യം വിട്ട എഡ്വേർഡ് സ്‌നോഡന് മാപ്പുനൽകാൻ തയ്യാറല്ലെന്ന് ഒബാമ വ്യക്തമാക്കി. സ്‌നോഡൻ അമേരിക്കയ്ക്ക് മുമ്പാകെ മാപ്പപേക്ഷ സമർപ്പിച്ചിട്ടുമില്ല. ചെൽസിയെ മോചിപ്പിക്കാൻ തീരുമാനമെടുത്തതിന് സ്‌നോഡൻ ഒബാമയോട് നന്ദി പറയുകയും ചെയ്തു.

തടവിൽ കഴിയവെ രണ്ടോ മൂന്നോ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച ചെൽസിക്ക് മാപ്പുകൊടുക്കാൻ വൈറ്റ് ഹൗസ് തയ്യാറായേക്കുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വഴിയാണ് അവർ മാപ്പപേക്ഷ നൽകിയതും. ചെറിയ കുറ്റകൃത്യങ്ങൾക്ക് ദീർഘകാലത്തേയ്ക്ക് ശിക്ഷിക്കപ്പെട്ട ഏതാനും പേർക്കുകൂടി ഒബാമ മാപ്പുകൊടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഒബാമ വൈറ്റ്ഹൗസിൽനിന്ന് പടിയിറങ്ങുന്നത്.

വിക്കിലീക്ക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജും ചെൽസിയുടെ ശിക്ഷാകാലയളവ് കുറച്ചതിനെ സ്വാഗതം ചെയ്തു. ചെൽസിയുടെ മോചനത്തിനായി ശ്രമിച്ച എല്ലാവർക്കും നന്ദി പറഞ്ഞ അസാഞ്ജ്, പക്ഷേ, ചെൽസിയെ മോചിപ്പിച്ചാൽ തന്നെ നാടുകടത്തിയ അമേരിക്കൻ തീരുമാനം അംഗീകരിക്കാമെന്ന പഴയ വാക്ക് ആവർത്തിച്ചില്ല. ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ അഭയാർഥിയായി കഴിയുകയാണ് അസാഞ്ജ് ഇപ്പോൾ.

ബ്രാഡ്‌ലി എന്ന സൈനികനാണ് പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ചെൽസി മാനിങ്ങായത്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവ് അമേരിക്കൻ സൈന്യത്തിൽനിന്ന് ഈടാക്കാൻ നടത്തിയ കേസിൽ ചെൽസി വിജയിച്ചിരുന്നു. ഏഴുലക്ഷതത്തോളം സൈനിക രേഖകൾ ചോർത്തി നൽകിയ കേസ്സിൽ 2010-ലാണ് ബ്രാഡ്‌ലി അറസ്റ്റിലായത്. 2013-ൽ 35 വർഷത്തേയ്ക്ക് ഇവരെ കോടതി ശിക്ഷിക്കുകയു ചെയ്തു.