വാഷിങ്ടൺ: എട്ട് വർഷമായി അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ സമ്പാദ്യം എന്തായിരിക്കുമെന്ന് ചിന്തിക്കാത്തവർ വിരളമായിരിക്കും. അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ബറാക് ഒബാമയും കുടുംബവും കഴിഞ്ഞ 12 വർഷത്തിനിടെ സമ്പാദിച്ചത് 1,400 കോടി രൂപയാണെന്ന് യുഎസിലെ ഫോബ്‌സ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

12 വർഷം കൊണ്ട് ഒബാമയും കുടുംബവും സമ്പാദിച്ചത് കൃത്യമായി പറഞ്ഞാൽ 20.5 മില്യൻ ഡോളർ(1396.46 കോടി രൂപ) ആണ്.

2005ൽ 43ാം വയസിൽ അമേരിക്കൻ സെനറ്റിൽ അംഗമാകുമ്പോൾ വർഷം 85,000 ഡോളർ വരുമാനമുള്ള നിയമ പ്രൊഫസറായിരുന്നു ഒബാമ. പിന്നീട് നേടിയ സമ്പാദ്യത്തിന്റെ നാലിൽ മൂന്നും പുസ്തക എഴുത്തിൽനിന്നായിരുന്നു. ഒബാമയുടെ നികുതി റിട്ടേണുകളും സാമ്പത്തികരേഖകളും പരിശോധിച്ചാണ് ഫോബ്സ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

15.6 മില്യൺ ഡോളറാണ് 2005ൽ വാഷിംങ്ങ്ടണിൽ എത്തിയ ശേഷം എഴുത്തുകാരൻ എന്ന നിലയിൽ ഒബാമ സമ്പാദിച്ചത്. 2009ൽ പ്രസിഡന്റായതിനു ശേഷമുള്ള എട്ടുവർഷം ഒബാമ 10.8 മില്യൺ ഡോളറാണ് സമ്പാദിച്ചത്. 3.1 മില്യൺ ഡോളർ പ്രസിഡന്റ് എന്ന നിലയിലുള്ള ശമ്പളമായി ലഭിച്ചു. നിക്ഷേപങ്ങളിൽനിന്നുള്ള പലിശയായി 120,000 ഡോളറാണു വരുമാനം. 2016ലെ നികുതി റിട്ടേൺ ഇതുവരെ ഒബാമ പുറത്തുവിട്ടിട്ടില്ല.

ഒഡാസിറ്റി ഓഫ് ഹോപ്പ് എന്ന ഒറ്റപ്പുസ്തകത്തിന്റെ വിൽപ്പനയിൽനിന്നു മാത്രം 8.8 മില്യൺ ഡോളറാണ് ഒബാമയ്ക്കു ലഭിച്ചത്. കുട്ടികൾക്കായി എഴുതിയ ഓഫ് ദി എൈ സിങ്; എ ലെറ്റർ ടു മൈ ഡോട്ടേഴ്സ്, ഡ്രീംസ് ഫ്രം മൈ ഫാദർ തുടങ്ങിയ പുസ്തകങ്ങളും ഒബാമ പ്രസിഡന്റായ ശേഷം നല്ലരീതിയിൽ വിറ്റുപോയി. കുട്ടികളുടെ പുസ്തകത്തിന്റെ വിൽപനയിൽനിന്നു ലഭിച്ച ലാഭം രാജ്യത്തെ കുട്ടികളുടെ സ്‌കോളർഷിപ്പിനായും പരുക്കേറ്റ സൈനികരുടെ ക്ഷേമത്തിനായും ഒബായ സംഭാവന ചെയ്യുകയായിരുന്നു.

2000 മുതൽ 2004 വരെ ഒബാമ കുടുംബത്തിന്റെ വരുമാനം പ്രതിവർഷം മൂന്നു ലക്ഷം ഡോളറായിരുന്നു. എന്നാൽ അടുത്ത നാലു വർഷം (2005- 2009) ഇത് ശരാശരി 24 ലക്ഷമായി ഉയർന്നിരുന്നു. ഇക്കാലയളവിൽ ഒബാമ പ്രസിഡന്റായിരുന്നില്ല. ഒബാമ സെനറ്ററായിരുന്നപ്പോൾ മിഷേൽ ഷിക്കാഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കമ്യൂണിറ്റി ആൻഡ് എക്സ്റ്റേണൽ അഫയേഴ്സ് വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്നു. 2005ൽ 3,17,000 ഡോളറും 2006ൽ 2,74,000 ഡോളറും മിഷേൽ സമ്പാദിച്ചിരുന്നു.

പ്രസിഡന്റ് പദവി ഒഴിഞ്ഞെങ്കിലും കോടികളാണ് ഒബാമയെ കാത്തിരിക്കുന്നത്. കടവുമായി വൈറ്റ്ഹൗസ് വിട്ട ബിൽ ക്ലിന്റണും ഹിലരിയും അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ 240 ദശലക്ഷം ഡോളറിൽ കൂടുതലാണ് സമ്പാദിച്ചത്. പുസ്തക ഇടപാടുകളിൽനിന്നും പ്രസംഗങ്ങൾക്കുള്ള പ്രതിഫല ഇനത്തിലുമാണ് ഇരുവരുടെയും വരുമാനം കുതിച്ചുയർന്നതെന്നും ഫോബ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.