ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമല്ല ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമാണ് ഈ നിമിഷം. ഒരു പക്ഷേ നെഹ്‌റുവിനും ഇന്ദിരയ്ക്കും പോലും സാധിക്കാത്ത നേട്ടമാണ് മോദിയിലൂടെ അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ഇന്ത്യ നേടുന്നത്. മോദിയുടെ തിളക്കത്തിൽ അവേശം കയറിയ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ തന്നെ മോദിയെ കുറിച്ച് ലേഖനം എഴുതിയിരിക്കുന്നു. അതും ലോക പ്രശസ്തമായ ടൈം മാഗസീനിൽ. ഇതിൽ കൂടിയ അംഗീകാരം മോദിക്കോ ഇന്ത്യയ്‌ക്കോ ഇനി ലഭിക്കാനുണ്ടോ?

ഇന്ത്യയുടെ ഉയർച്ചയുടേയും ചലനാത്മകതയുടേയും തെളിവാണ് ദാരിദ്ര്യത്തിൽ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്രയെന്നാണ് സാക്ഷാൽ ഒബാമയുടെ വിലയിരുത്തൽ. കുട്ടിക്കാലത്ത് അച്ഛനെ ചായക്കടയിൽ മോദി സഹായിച്ചിരുന്നു. കുടുംബത്തെ സഹായിക്കാനായിരുന്നു അത്. ഇന്ന് അയാൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ്. ഇത് ഇന്ത്യയുടെ ഉയർച്ചയുടേയും ചലനാത്മകതയുടേയും തെളിവാണെന്ന് ഒബാമ വിശദീകരിക്കുന്നു. ഇന്ത്യാസ് റിഫോർമർ ഇൻ ചീഫ് എന്നാണ് മോദിക്ക് ഒബാമ നൽകിയിരിക്കുന്ന വിശദീകരണം.

കൂടുതൽ ഇന്ത്യാക്കാരെ തന്റെ പാത പിന്തുടരുന്നതിന് സജ്ജമാക്കാനും മോദിക്ക് കഴിഞ്ഞു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റേയും വിദ്യാഭ്യാസ നിലവാര ഉയർച്ചയുടേയും സ്ത്രീ ശാക്തീകരണത്തിന്റേയും പ്രതീക്ഷകൾ പകർന്ന് നൽകി. രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തിക കരുത്തിനേയും സ്വതന്ത്രമാക്കി പ്രതീക്ഷ നൽകുന്ന കാഴ്ച അവർക്ക് മുന്നിൽ വച്ചു. കാലാവസ്ഥാ വ്യതിയാനത്തിനോടുള്ള പോരാട്ടത്തിനിടെയാണ് ഇതെന്ന ഓർമ്മപ്പെടുത്തലും ഒബാമ നടത്തുന്നു. ഒബാമയുടെ നല്ല വാക്കുകൾക്ക് മോദി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

ഇന്ത്യയെ പോലെ മോദിയും പാരമ്പര്യത്തിലൂന്നി ആധുനികതയ്‌ക്കൊപ്പം നീങ്ങുന്നു. യോഗയെ നെഞ്ചിലേറ്റുമ്പോൾ തന്നെ ട്വിറ്ററിലൂടെ രാജ്യത്തെ പൗരന്മാരുമായി ബന്ധപ്പെടുന്നു. ഇതിനൊപ്പം ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്‌നവും മുന്നോട്ട് വയ്ക്കുന്നു-മോദിയെന്ന ഈ വ്യക്തിത്വത്തെ പുകഴ്‌ത്താൻ അമേരിക്കൻ പ്രസിഡന്റ് എല്ലാ സീമകളും കടന്ന് മുന്നോട്ട് പോകുന്നു.

മോദിയുടെ അമേരിക്കൻ സന്ദർശനത്തേയും ലേഖനത്തിൽ ഉയർത്തിക്കാട്ടുന്നു. മാർട്ടിൻ ലൂഥർ കിങ്ങ് സ്മാരകത്തിൽ നടന്ന സംഭാഷണങ്ങളും ഒബാമ ഇതിനായി ചൂണ്ടിക്കാട്ടുന്നു. ഗാന്ധിജിയുടേയും മാർട്ടിൻ ലൂഥർ കിങ്ങിന്റേയും വാക്കുകളെ മുൻനിർത്തി ചുറ്റുപാടുകളിലേയും വിശ്വാസങ്ങളേയും വൈവിധ്യങ്ങളേയും ഇന്ത്യയും അമേരിക്കയും സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ചയെന്നും ഓർത്തെടുത്ത് ലേഖനത്തിൽ കുറിക്കുന്നു.

ടൈം മാഗസീനിന്റെ 100 സ്വാധീന ശക്തിയുള്ള നേതാക്കളുടെ പട്ടികയിൽ മോദിയും ഇടം നേടിയിരുന്നു. ഈ പട്ടികയ്‌ക്കൊപ്പമാണ് ബരാക് ഒബായുടെ ബൈലൈനിൽ മോദിയെ കുറിച്ചുള്ള ലേഖനമുള്ളത്. ബരാക് ഒബാമയും ഈ പട്ടികയിലുണ്ട്. ടൈം മാഗസീന്റെ പൊളിട്ടിക്കൽ കോളമിസ്റ്റാണ് ഒബാമയെ കുറിച്ച് ലേഖനമെഴുതുന്നത്. അതാണ് പതിവും. ഇതെല്ലാം തെറ്റിച്ചാണ് മോദിയെ കുറിച്ച് അമേരിക്കൻ പ്രസിഡന്റിന്റെ ലേഖനം.