ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷം മാത്രം ശേഷിക്കെ, നരേന്ദ്ര മോദി സർക്കാർ വികസനത്തിനൊപ്പം സംവരണവും തിരഞ്ഞെടുപ്പിൽ ആയുധമാക്കാനൊരുങ്ങുന്നു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിനുള്ള പരിധിയായ ക്രീമിലെയർ ഉയർത്താൻ കേന്ദ്രം തയ്യാറെടുക്കുകയാണ്. വാർഷിക വരുമാനം എട്ടുലക്ഷം രൂപയായാണ് പരിധി ഉയർത്തുക. ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹികക്ഷേമ വകുപ്പ് അയച്ച കുറിപ്പ് വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണ്.

ഒരുവർഷംമുമ്പാണ് ഇത്തരമൊരു നിർദ്ദേശം സാമൂഹിക ക്ഷേമ വകുപ്പ് മുന്നോട്ടുവെച്ചത്. വിവിധ വകുപ്പുകൾ പരിഗണിച്ച നിർദ്ദേശം ഇപ്പോൾ അനുമതികാത്തിരിക്കുകയാണ്. ക്യാബിനറ്റിന്റെ പരിഗണനയ്ക്കുവിടുന്നതിന് മുമ്പ് മുതിർന്ന മന്ത്രിതലസംഘം ഒരുവട്ടംകൂടി നിർദ്ദേശത്തെ വിശദമായി പഠിക്കും. അതിനുശേഷം മാത്രമേ മന്ത്രിസഭ ഇത് പരിഗണിക്കൂ.

നിലവിൽ ആറുലക്ഷം രൂപയാണ് ക്രീമിലെയർ പരിധി. വർഷത്തിൽ ആറുലക്ഷം രൂപയിൽത്താഴെ വരുമാനമുള്ള ഒബിസി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവർക്ക് മണ്ഡൽ കമ്മീഷൻ ശുപാർശകളനുസരിച്ചുള്ള സംവരണാനുകൂല്യങ്ങൾ കിട്ടും. ആ പരിധിയാണ് എട്ടുലക്ഷമായി ഉയർത്തുന്നത്.

നിലവിൽ നാലുതവണ ക്രീമിലെയർ പരിധി വർധിപ്പിച്ചിട്ടുണ്ട്. 1993-ൽ ഒരുലക്ഷമായിരുന്നു പരിധിയായി നിശ്ചയിച്ചത്. 2004-ൽ അത് രണ്ടരലക്ഷമായി ഉയർത്തി. 2008-ൽ നാലരലക്ഷമായും 2013-ൽ ആറുലക്ഷമായും ഉയർത്തി. ഇപ്പോൾ പരിഗണനയിലുള്ള എട്ടുലക്ഷമെന്ന പരിധിയും ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ നിർദ്ദേശിച്ചതിലും ഏറെ താഴെയാണ്. 2015-ൽ കമ്മീഷൻ സമർപ്പിച്ച ശുപാർശയിൽ ക്രീമിലെയർ പരിധി 15 ലക്ഷമായി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

2013-ൽ അന്നത്തെ യു.പി.എ. സർക്കാർ ക്രീമിലെയർ പരിധി നാലരലക്ഷത്തിൽനിന്ന് ആറരലക്ഷമായി ഉയർത്തിയപ്പോഴും ദേശീയ പിന്നോക്ക കമ്മീഷന്റെ ശുപാർശ നടപ്പിലായിരുന്നില്ല. 12 ലക്ഷമായിരുന്നു കമ്മീഷന്റെ ശുപാർശ. പിന്നീട് സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തിയ കമ്മീഷൻ, പരിധി പത്തരലക്ഷമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പിന്നോക്ക വിഭാഗക്ഷേമത്തിനായുള്ള പാർലമെന്ററി സമിതിയിൽനിന്ന് വിമർശനമുയർന്നതോടെ, പരിധി 15 ലക്ഷമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.