- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഒബിസി ബിൽ ലോക്സഭ പാസാക്കി; എതിർപ്പുകളില്ല; ഭരണഘടനാ ഭേദഗതി പാസാക്കിയത് സഭയിലുണ്ടായിരുന്ന 385 അംഗങ്ങളുടേയും പിന്തുണയോടെ; ബിൽ ബുധനാഴ്ച രാജ്യസഭയിൽ
ന്യൂഡൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പിന്തുണയോടെയാണ് ഭരണഘടന ഭേദഗതി പാസാക്കിയത്്. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി.
ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ വ്യവസ്ഥകളുള്ള ബില്ല് ബുധനാഴ്ച രാജ്യസഭയിലും കൊണ്ടുവരും.
ഭരണഘടനയുടെ 342എ വകുപ്പിലാണു സംസ്ഥാനങ്ങൾക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതി ഉൾപ്പെടുത്തുക. 2018 ൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് ഏതെങ്കിലും പ്രത്യേക ജാതിയെ പിന്നാക്ക വിഭാഗമാക്കുന്നതിനു രാഷ്ട്രപതിക്ക് അധികാരം നൽകുന്നതിനെക്കുറിച്ചും പട്ടിക മാറ്റാൻ പാർലമെന്റിന് അധികാരം നൽകുന്നതിനെക്കുറിച്ചുമാണ്.
കഴിഞ്ഞ ദിവസം കേരള സർക്കാർ നാടാർ സമുദായത്തെ ഒബിസി പട്ടികയിലുൾപ്പെടുത്താൻ എടുത്ത തീരുമാനം ഹൈക്കോടതി റദ്ദാക്കിയതും ഇതുമായി ബന്ധപ്പെട്ടാണ്. പുതിയ ഭേദഗതി വരുന്നതോടെ സർക്കാരിന് തീരുമാനം നടപ്പാക്കാനാവും.
പെഗസസ് വിവാദത്തിലെ പ്രതിഷേധവും ഏറ്റുമുട്ടലും തൽക്കാലം നിർത്തിവച്ച് ഒബിസി ബിൽ പാസാക്കാൻ ഭരണപ്രതിപക്ഷ അംഗങ്ങൾ ഒന്നിക്കുകയായിരുന്നു. ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ ഒബിസി കമ്മിഷന് കേന്ദ്രസർക്കാർ ഭരണഘടനപദവി നൽകിയ സാഹചര്യത്തിലായിരുന്നു കോടതിയുടെ തീരുമാനം. ഇത് മറികടന്ന് സംസ്ഥാനങ്ങൾക്ക് ഒബിസി പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കാനാണ് പുതിയ ഭരണഘടനഭേദഗതി.
സഭാസ്തംഭനത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്നും ഫോൺ ചോർത്തലിൽ വിവിധ രാജ്യങ്ങൾ അന്വേഷണം പ്രഖ്യാപിച്ചിട്ടും കേന്ദ്രസർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. കാർഷിക പ്രശ്നങ്ങളെക്കുറിച്ച് രാജ്യസഭയിൽ ഹ്രസ്വ ചർച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷം സഹകരിച്ചില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരിൽ നിന്ന് ഫയൽ തട്ടിപ്പറിച്ച് ചെയറിന് നേരെ എറിഞ്ഞു.
ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പാർലമെന്റിൽ ഹാജരാകാത്ത ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വരം കടുപ്പിച്ചത്. സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും ബില്ലുകൾ പാസാക്കുന്നവേളയിൽ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകൾ പ്രധാനമന്ത്രി തേടി. കേരളത്തിലെ വാക്സീൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
ന്യൂസ് ഡെസ്ക്