ലണ്ടൻ: ഇന്ത്യയിൽ പത്മ പുരസ്‌ക്കാരങ്ങൾ വാങ്ങാൻ വേണ്ടി ക്യൂ നിൽക്കുന്നവരാണ് ഇവിടുത്തെ പ്രാഞ്ചിയേട്ടന്മാർ. അതിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ വൃന്ദവുമുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ആദരവ് അർഹിക്കുന്നവർ പലപ്പോഴും പിന്തള്ളപ്പെട്ട് പോകുകയാണ് ചെയ്യാറ്. എന്നാൽ, അർഹിക്കുന്നവരെ ആദരിക്കാൻ ബ്രിട്ടീഷ് രാജ്ഞി തീരുമാനിച്ചപ്പോൾ അതിൽ മലയാളികൾക്ക് അഭിമാനമായ ഒരു വ്യക്തി കൂടി ഇടംപിടിച്ചു.

ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ അതിനിർണായകമായ നേട്ടങ്ങളിൽ ഒന്നുകൂടി രേഖപ്പെടുത്തിയാണ് പത്മ അവാർഡിന് തുല്യമാണ് ഒബിഇ പുരസ്‌ക്കാര പട്ടികയിൽ മലയാൡും ഇടംപിടിച്ചത്. അരപതിറ്റാണ്ടിലേറെ നീണ്ട കുടിയേറ്റത്തിന്റെ ഭാഗമായി രൂപപ്പെട്ട ഈ സമൂഹത്തിൽ ഒരാൾക്കു ഇന്ത്യയിലെ പത്മ അവാർഡിന് തുല്യമായ രാജ്ഞിയുടെ പുരസ്‌ക്കാരം ലഭിച്ചിരിക്കുകയാണ്. പുതുവർഷാഘോഷത്തോട് അനുബന്ധിച്ചു രാജ്ഞി അവാർഡ് പ്രഖ്യാപിച്ചപ്പോൾ ബ്രിട്ടനിലെ ക്രോയ്‌ഡോണിൽ താമസിക്കുന്ന കൊല്ലം ആറ്റിങ്ങൽ സ്വദേശിയായ പ്രതിഭ രാംസിഗും പട്ടികയിൽ കയറിപ്പറ്റി. ഡിപ്പാർട്ട്‌മെന്റ് ഓഫ് വർക്ക് ആൻഡ് പെൻഷൻസിൽ പ്രവർത്തിക്കുന്ന പ്രതിഭ പാവപ്പെട്ടവരെ കൈപിടിച്ച് ഉയർത്താൻ നടത്തിയ ശ്രമങ്ങൾക്കുള്ള ആദരവാണ് ഈ പുരസ്‌ക്കാരം.

ന്യൂഹാം കൗൺസിലിലെ സിവിക് അംബാസിഡറായി ഓമന ഗംഗാധരനും ക്രോയ്‌ഡോൺ മേയറായി മഞ്ജു ഷാഹുൽ ഹമീദും ഹണ്ടിങ്ടൺ ജില്ലാ കൗൺസിൽ മെംമ്പറായി ലിഡോ ജോർജിയും നേടിയ നേട്ടങ്ങളെ ഒക്കെ പിന്നിലാക്കുന്ന അപൂർവ നേട്ടമാണ് പ്രതിഭയിലൂടെ മലയാളത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പത്മശ്രീക്കു തുല്യമായ ഈ പുരസ്‌ക്കാരം വഴി ഒട്ടേറെ ആനുകൂല്യങ്ങളും വലിയ തോതിലുള്ള പരിഗണനയും ഈ മലയാളി വനിതയ്ക്ക് ലഭിക്കും.

തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും രൂക്ഷമായ ലണ്ടൻ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളവരുടെ പ്രശ്‌നങ്ങൾ പഠിച്ചു പരിഹാരം കണ്ടെത്തുന്നതിലും നിർധനകുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും യുവജനങ്ങളിൽ സാമൂഹികാവബോധം വളർത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള സമഗ്രമായ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിലും വിജയം കൈവരിച്ചതാണ് പ്രതിഭയെ യുകെയിലെ പരമോന്നത ബഹുമതികളിൽ ഒന്നായ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ (ഒബിഇ) പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.

ഇതോടൊപ്പം തന്നെ സിംഗിൾ പേരന്റായിട്ടുള്ളവർക്കും മാനസിക വൈകല്യമുള്ള കുട്ടികൾക്കും ജയിൽ വിമോചിതർക്കും സാമൂഹിക നീതി ഉറപ്പാക്കുന്നതുൾപ്പെടെയുള്ള വിവിധ കർമപദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കാൻ പ്രതിഭയ്ക്കായി. രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗമനത്തിനും, അഭിവയോധികിക്കും വേണ്ടി വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ച വെക്കുന്നവർക്കായി എല്ലാ വർഷവും പുതു വർഷ ദിനത്തിൽ പ്രഖ്യാപിക്കുന്ന ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ പുരസ്‌കാരം ജൂൺ മാസത്തിൽ രാജ്ഞിയുടെ ജന്മദിനത്തിൽ ബക്കിങ് ഹാം കൊട്ടാരത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ വച്ചു സമ്മാനിക്കും.

1978 മുതൽ യു.കെയിൽ സ്ഥിര താമസമാക്കിയിട്ടുള്ള പ്രതിഭ, ആറ്റിങ്ങൽ അവനവഞ്ചേരി വിശ്വപ്രകാശിൽ കെ വിശ്വംഭരൻ-ദമയന്തി ദമ്പതികളുടെ മകളാണ്. കൊല്ലം പാലസ് വാർഡിൽ പത്മ ഭവനിലെ റാംസിങ് ആണ് ഭർത്താവ്.

പ്രതിഭയ്ക്ക് പുറമെ മറ്റ് നിരവധി ഇന്ത്യക്കാർക്കും ബ്രിട്ടനിൽ ഈ വർഷം ഉന്നത പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. യുകെയിൽ പ്രമുഖ കാൻസേർസ് പ്രഫഷണലായ ഹർപാൽ സിങ് കുമാർ ഇക്കൂട്ടത്തിൽ പ്രമുഖനാണ്. എലിസബത്ത് രാജ്ഞിയുടെ നൈറ്റ്ഹുഡാണ് കുമാറിനെ തേടിയെത്തിയിരിക്കുന്നത്. കാൻസർ രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച് ആന്വൽ ന്യൂ 12 മദേർസ് ഹോണേർസ് ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തേടി ഈ ഉന്നത പുരസ്‌കാരമെത്തിയിരിക്കുന്നത്. നിരവധി ഇന്ത്യൻ ഫൗണ്ടേഷൻ വ്യക്തികൾ ഉൾപ്പെടുന്ന ലിസ്റ്റാണിത്.



കുമാറിന്റെ മാതാപിതാക്കൾ വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരായിരുന്നു. തുടർന്ന് അവർ ബ്രിട്ടനിലേക്കും കുടിയേറി. കേംബ്രിഡ്ജിലും ഹാർവാർഡിലും പഠിച്ച 50 കാരനായ കുമാർ ഔട്ട്സ്റ്റാൻഡിങ് ചാരിറ്റി ഓർഗനൈസേഷന്റെ ചീഫ് എക്‌സിക്യൂട്ടീവാണ്. കാർസേർസ് റിസർച്ച് യുകെ (സിആർയുകെ) എന്നാണീ സംഘടനയുടെ പേര്. കെമിക്കൽ എൻജിനീയറിംഗിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കുമാർ പിന്നീട് മാക്കിൻസെയിൽ ഒരു ഹെൽത്ത്‌കെയർ റപ്രസന്റേറ്റീവായി 1992ൽ ചേരുകയായിരുന്നു. തുടർന്ന് അതിന്റെ ഉന്നത സ്ഥാനങ്ങളിലെത്തുകയും ചെയ്തു. കാൻസർ പ്രതിരോധിക്കുന്നതിനുള്ള പഠനം, മുൻകൂട്ടിയുള്ള ചികിത്സ, കാൻസറിനുള്ള മരുന്നുകളുടെ കണ്ടുപിടിത്തം, കാൻസർ ചികിത്സ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് കുമാറിനെ നൈറ്റ് ഹുഡിന് അർഹനാക്കിയത്.

മെമ്പർ ഓഫ് ദി മോസ്റ്റ് ഇൻക്രഡിബിൾ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംബയർ (എംബിഇ) അവാർഡിന് അർഹനായ രാമീന്ദർ സിങ് റാൻഗെറെയാണ് ഈ ലിസ്റ്റിലുള്ള മറ്റൊരു ഇന്ത്യക്കാരൻ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സോളാർ മാർക്ക് ലിമിറ്റഡ് മികച്ച പ്രവർത്തനത്തിനുള്ള ബ്രിട്ടീഷ് അഥോറിറ്റികളുടെ നിരവധി എക്‌സ്‌പോർട്ട് അവാർഡുകൾ നേടിയിട്ടുണ്ട്. ടാക്‌സ് കവറേജിന് നൽകിയ സംഭാവനകൾ മാനിച്ച് രാജ് നയ്യാറും ചൈൽഡ് കെയർ ബിസിനസ് പ്രോത്സാഹിപ്പിക്കാൻ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കല പട്ടേലിനും ഒബിഇ അവർഡ് നൽകിയിട്ടുണ്ട്. ഗുരുമുഖ് സിങ് ( നെറ്റ് വർക്ക് കോഹെൻഷൻ ആൻഡ് ചാരിറ്റി), മീന ഉപാധ്യായ (സയന്റിഫിക്ക് ജെനെറ്റിക്‌സ് ആൻഡ് ദി വെൽഷ് ഏഷ്യൻ കമ്മ്യൂണിറ്റി), ഭാരത് ഹിന്ദു സമാജ് പ്രസിഡന്റ്് ഡോ. ജയശ്രീ മേത്ത, ഗുർമീത് കൽസിസിങ് (ബിൽഡിങ് സർവീസ് എൻജിനീയർ), അഫ്താബ് അഹ്മദ്, രേഖ മെഹർ, അയേഷ ഹസാരിക, യാസ്മിൻ ഷേക്ക്, ഡാൽജിത്ത് ലാലി, ഫയാസ് അഹ്മദ് എന്നീ ഇന്ത്യൻ വംശജരും പുരസ്‌കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.