പോകുന്ന പോക്കിൽ തന്റെ സ്വന്തക്കാർക്ക് പരമാവധി നേട്ടമുണ്ടാക്കിക്കൊടുത്തിട്ടാണ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പടിയിറങ്ങിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് രാജി വയ്ക്കുന്നതിന് മുമ്പ് ഭാര്യ സാമന്തയുടെ ബ്യൂട്ടീഷ്യനെയും മുൻ ചാൻസലർ ജോർജ് ഒസ്ബോണിന്റെ ഡയറ്റീഷ്യനെയും വരെ ഒബിഇ അഥവാ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാമറോൺ ശ്രദ്ധിച്ചിരുന്നുവത്രെ. കഴിഞ്ഞ ദിവസം ചോർന്ന ഒരു രേഖയിലൂടെയാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ഇതറിയുമ്പോൾ പ്രാഞ്ചിയേട്ടന്മാർക്ക് പത്മശ്രീ കൊടുക്കുന്ന നമ്മുടെ സംവിധാനം ഇതിനേക്കാൾ എത്രയോ ഭേദമാണെന്ന് മനസിലാകും. റഫറണ്ട വേളയിൽ തനിക്കൊപ്പം റിമെയിൻ ക്യാംപയിന് വേണ്ടി മുന്നിട്ടിറങ്ങിയവരെയും തന്റെ ഉറ്റ ചങ്ങാതിമാരെയും ഈ ബഹുമതിക്കുള്ള ലിസ്റ്റിൽ തിരികിക്കയറ്റാൻ കാമറോൺ അത്യധികമായ കുടില തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്.

തന്റെ 48 സഹായികൾക്കും സുഹൃത്തുക്കൾക്കും ഡോണർമാർക്കും കാമറോൺ നൈറ്റ്ഹുഡുകളും മറ്റ് ബഹുമതികളും വളഞ്ഞ മാർഗത്തിലൂടെ നേടിക്കൊടുക്കാൻ വഴിയൊരുക്കിയെന്നറിഞ്ഞതോടെ നിരവധി ടോറി എംപിമാർ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കാമറോണിന്റെ സ്വജനപക്ഷപാതം വെളിപ്പെടുത്തുന്ന പ്രസ്തുത ലിസ്റ്റ് കണ്ട് തങ്ങൾ ഞെട്ടിത്തരിച്ച് പോയെന്നാണ് മുതിർന്ന ഗവൺമെന്റ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കാമറോണിന്റെ ഭാര്യയുടെ ബ്യൂട്ടീഷ്യനായ ഇസബെൽ സ്പിയർമാൻ, ഒസ്ബോണിന്റെ ഡയറ്റീഷ്യനായ തിയ റോഗേർസ് എന്നിവരുടെ പേരടക്കം നിരവധി സ്വന്തക്കാരെയാണീ ലിസ്റ്റിൽ കാമറോൺ തിരുകിക്കയറ്റിയിരിക്കുന്നത്.

കാമറോണിന്റെ ഈ റിസൈഗ്‌നേഷൻ ഹോണേർസ് ലിസ്റ്റ് തയ്യാറാക്കുന്നതിൽ അദ്ദേഹത്തിന്റെ മുൻ യൂണിവേഴ്സിറ്റി സഹപാഠിയും മുൻ പാർട്ടി ചെയർമാനുമായ ലോർഡ് ഫെൽഡ്മാൻ മുഖ്യ പങ്ക് വഹിച്ചിരുന്നുവെന്നാണ് ടോറി ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ഇത് കടുത്ത ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നും തന്നോട് വ്യക്തിപരമായി കൂറ് പുലർത്തുന്നവരെ മാത്രമാണ് കാമറോൺ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും എന്നാൽ പാർട്ടിയോടും രാജ്യത്തോടും വിശ്വസ്തത പ്രകടിപ്പിച്ച് കഠിനമായി അധ്വാനിച്ച മന്ത്രിമാരെയും മറ്റും ഒബിഇ ലിസ്റ്റിലേക്ക് പരിഗണിക്കാതെ കാമറോൺ അവഗണിക്കുകയായിരുന്നുവെന്നുമാണ് ഒരു മുൻ കാബിനറ്റ് മിനിസ്റ്റർ പ്രതികരിച്ചിരിക്കുന്നത്.കൂടാതെ ഭയം ജനിപ്പിച്ച് ബ്രിട്ടനെ യൂണിയനിൽ നിലനിർത്താനുള്ള തന്റെ പാഴായിപ്പോയ പ്രചാരണത്തിന് കൂട്ട് നിന്നവരെയും ഈ ലിസ്റ്റിൽ പെടുത്തിയിട്ടുണ്ടെന്നും മുൻ മന്ത്രി ആരോപിക്കുന്നു.

ലേബർ നേതാവാകാൻ മത്സര രംഗത്തുള്ള ഓവൻ സ്മിത്തടക്കമുള്ള അർഹതപ്പെട്ട നിരവധി രാഷ്ട്രീയക്കാരെയും മറ്റും ഈ ലിസ്റ്റിൽ നിന്നും കാമറോൺ മാറ്റി നിർത്തിയെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. ഈ ലിസ്റ്റിൽ ബഹുമതിക്കായി പരിഗണിച്ചവരിൽ മിക്കവരും അനർഹരാണെന്നാണ് മുൻ യുകിപ് നേതാവായ നിഗെൽ ഫെരാഗ് ആരോപിക്കുന്നത്.ലേബർ എംപിയും ഷാഡോ നേതാവുമായ പോൾ ഫ്ലൈനും ഈ ലിസ്റ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കാമറോണിന്റെ തികഞ്ഞ സ്വജനപക്ഷപാതമാണിതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ലിബറൽ ഡെമോക്രാറ്റ് നേതാവായ ടിം ഫാറൻ പ്രതികരിച്ചിരിക്കുന്നത്.കാമറോണിന്റെ ഈ നെറികെട്ട നീക്കത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെയും രംഗത്തെത്തിയിട്ടുണ്ട്.

അത് സംബന്ധിച്ച ലിസ്റ്റ് ചോർത്തിയെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത് സൺഡേ ടൈംസിലാണ്. ഈ ലിസ്റ്റിൽ മുകളിലുള്ള ഒരാളാണ് ലാൻ ടൈലർ. കോൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി 1.6 മില്യൺ പൗണ്ടിലധികം സംഭാവന ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ബഹുമതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് പുറമെ റിമെയിൻ ക്യാമ്പയിനായി അദ്ദേഹം മൂന്നര ലക്ഷം പൗണ്ട് കൂടി കാമറോണിന് സംഭാവന ചെയ്തിരുന്നു. ലോകത്തിലെ പ്രമുഖ എണ്ണ ട്രേഡിങ് കമ്പനിയായ വിറ്റോളിന്റെ സിഇഒയും പ്രസിഡന്റുമാണ് ടൈലർ. ഇതിന് പുറമെ എൻജിനീയറിങ് സ്ഥാപനമായ വില്യം കുക്കിന്റെ ചെയർമാനായ കുക്കും ലിസ്റ്റിൽ മുൻനിരയിലുണ്ട്.