പാലാരിവട്ടം: കൊച്ചിയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ ഓബറോണിൽ അപ്രതീക്ഷിതമായ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. മാളിന്റെ നാലം നില പൂർണമായും കത്തിനശിച്ചു. പൊള്ളലടക്കമുള്ള ഒരുവിധ പരിക്കും ആർക്കുമേറ്റിട്ടില്ല.

ദേശീയപാത ബൈപ്പാസിൽ അഞ്ചുമനയിൽ പ്രവർത്തിക്കുന്ന മാളിൽ രാവിലെ 11. 15നാണ് തീപിടുത്തം ഉണ്ടായത്. ഭക്ഷണക്കടകൾ പ്രവർത്തിക്കുന്ന നാലംനിലയിൽനിന്ന് പുക ഉയരുകയും പടരുകയുമായിരുന്നു. പുക ശ്രദ്ധിയിൽപ്പെട്ട മാളിലെ സുരക്ഷാ ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചതാണ് വൻ ദുരന്തം ഒഴിവാക്കിയത്. സുരക്ഷാ ജീവനക്കാർ ഫയർ ഫോഴ്‌സിനെ വിവരംഅറിയിക്കുയും മാളിലുണ്ടായിരുന്നവരെ ദ്രുതഗതിയിൽ പുറത്തിറക്കുകയും ചെയ്തു.

മാൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാൽ ഷോപ്പിംഗിനായി കൂടുതൽ പേർ ഉണ്ടായിരുന്നില്ല. എന്നാൽ മാളിലെ മൾട്ടിപ്ലക്‌സുകളിലെല്ലാം സിനിമാ പ്രദർശനം നിറഞ്ഞ സദസുകളിലായിരുന്നു. പുക ഉയരുന്നതുകണ്ടപ്പോൾത്തന്നെ ഇവരെയെല്ലാവരെയും ഒഴിപ്പിച്ചു. ഫയർഫോഴ്‌സിന്റെ തീവ്ര ശ്രമം മൂലം തീ മറ്റു നിലകളിലേക്കു പടരുന്നതും തടയാനായി.

തീ നിയന്ത്രണവിധേയമായെന്നും അപകടത്തിൽ ആർക്കും പൊള്ളലേറ്റിട്ടില്ലെന്നും ഫയർഫോഴ്‌സും പൊലീസും അറിയിച്ചു. മാളിലെ സുരക്ഷാ ജീവനക്കാരുടെയും ഫയർഫോഴ്‌സിന്റെയും തീവ്രപ്രയത്‌നമാണ് വൻ ദുരന്തം ഒഴിവാക്കിയത്. പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ സുരക്ഷാ ജീവനക്കാർ വയർലെസിലൂടെ സന്ദേശം കൈമാറുകയും അപായ സൈറൺ മുഴക്കുകയും ചെയ്തു.

തീ ആദ്യം കണ്ടത് മുകളിലെ ഫുഡ് കോർട്ടിലാണ്. ഉടൻ തന്നെ ഉദ്യോഗസ്ഥർ ആളുകളെ ഒഴിപ്പിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു. എങ്കിലും മുകളിലെ നിലയിലേക്ക് വെള്ളം എത്തിക്കാൻ തക്ക വണ്ണം സംവിധാനങ്ങൾ ഇല്ലാത്തത് തീ അണക്കാനുള്ള പ്രവർത്തനങ്ങളെ ആദ്യം സാരമായി ബാധിച്ചു. നാലാം നിലയിൽ ആരെങ്കിലും കുടുങ്ങിയോയെന്ന സംശയവും രക്ഷാപ്രവർത്തകർക്കുണ്ടായിരുന്നു.

ഫുട്‌കോർട്ടിലെ ഭക്ഷണക്കടകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുമോ എന്ന ആശങ്കയും ഇതിനിടെ ഉയർന്നു. എന്നാൽ ഫയർഫോഴ്‌സ് കൂടുതൽ വെള്ളം എത്തിച്ച് മുൻകരുതലോടെ പ്രവർത്തിച്ചു. കറുത്ത കട്ടിയുള്ള പുകയാണ് മാളിൽനിന്ന് ഉയർന്നത്. ഇതു ശ്വസിച്ചവർക്ക് ശ്വസതടസം നേരിട്ടു. മാളിൽ തീടിപിടുത്തം ഉണ്ടായതോടെ പൈപ്പ്‌ലൈൻ ജംഗ്ഷനിൽനിന്ന് ഇടപ്പള്ളി വരെയുള്ള ബൈപ്പാസിലെ ഗതാഗതം സ്തംഭിച്ചു.

കൊച്ചി മേയർ സൗമിനി ജെയ്ൻ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു. അപകടത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.