പത്തനംതിട്ട: കാറും ബസും കൂട്ടിയിടിച്ചു. കാറിന്റെ സുരക്ഷാ ബലൂൺ പ്രവർത്തിച്ചിട്ടും ഓടിച്ചിരുന്ന മുൻ കോൺഗ്രസ് നേതാവ് മരിച്ചു. പുറമറ്റം പുളിമൂട്ടിൽ തോമസ് ജേക്കബ് രാജു പുളിമൂട്ടിൽ (69) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഏഴരയോടെ ടികെ റോഡിൽ മുട്ടുമൺ കവലയ്ക്ക് സമീപമാണ് അപകടം. കോഴഞ്ചേരി-ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ സുരക്ഷാ ബലൂൺ പ്രവർത്തിച്ചെങ്കിലും ഡ്രൈവിങ് സീറ്റിലുണ്ടായ രാജു മരിച്ചു.

സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളോ പരുക്കുകളോ ഇല്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.

സംസ്‌കാരം 15 ന് വൈകിട്ട് നാലിന് കവുങ്ങുംപ്രയാർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ്. മക്കൾ: അരുൺ, അഞ്ജു. മരുമക്കൾ: ടെസു കുര്യൻ വർഗീസ്. ഡോണ എലിസബത്ത് മാത്യു.