- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു; വിട പറഞ്ഞത് ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരിയിൽ മൃദംഗത്തിൽ താളലയം തീർത്ത മൃദംഗ വിദ്വാൻ
തൃശൂർ/പാലക്കാട്: ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരിയിൽ മൃദംഗത്തിൽ താളലയം തീർത്തിരുന്ന പ്രശസ്ത മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി (90)അന്തരിച്ചു. കോവിഡ് രോഗത്തെ തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആകാശവാണിയിൽ ജീവനക്കാരനായിരുന്നു. പാലക്കാട് മകൾക്കൊപ്പമായിരുന്നു താമസം.
ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിൽ പരമേശ്വരൻ നമ്പൂതിരിയുടേയും പാർവതി അന്തർജനത്തിന്റെയും മകനായാണ് ജനനം. ചെറുപ്രായത്തിലുള്ള സംഗീത താൽപര്യം മണക്കുളം കോവിലകത്തെ മുകുന്ദ രാജാവിന്റെ സമീപമെത്തിച്ചു.
കുഞ്ചുണ്ണി രാജയുടെ നിർദേശപ്രകാരം മണക്കുളത്ത് സരോജിനി നേത്യാരമ്മയുടെ ശിക്ഷണത്തിൽ സംഗീതമഭ്യസിച്ചു. പ്രിയ ശിഷ്യനെ സരോജിനി നേത്യാരമ്മയാണ് മൃദംഗത്തിലേക്ക് വഴിതിരിച്ചുവിട്ടു. തുടർന്ന് മൃദംഗ വിദ്വാന്മാരായ എരനെല്ലൂർ നാരായണപ്പിഷാരടി, മൂത്തിരിങ്ങോട് നാരായണൻ നമ്പൂതിരിപ്പാട്, പാലക്കാട് അപ്പു അയ്യർ എന്നിവരുടെ കീഴിൽ മൃദംഗം അഭ്യസിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതതുടെ സംഗീതക്കച്ചേരികളിൽ ഇരുപത് വർഷത്തോളം മൃദംഗം വായിച്ചു.
ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. . ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനാലാപാനം തുടങ്ങുന്നതിനും ചെമ്പൈ സംഗീതോൽസവത്തിന് തുടക്കം കുറിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
ആകാശവാണിയിൽ ചെമ്പൈ സംഗീതോൽസവം ആദ്യമായി തൽസമയം സംപ്രേഷണം ചെയ്തതിലും മുഖ്യ പങ്കുവഹിച്ചു. ഉപരാഷ്ട്രപതിയായിരുന്ന ഡോ.എസ് രാധാകൃഷ്ണനു മുന്നിൽ രാഷ്ട്രപതിഭവനിൽ ചെമ്പൈ അവതരിപ്പിച്ച കച്ചേരിയിൽ മൃദംഗവാദകനായിരുന്നു.
പരേതയായ നന്ദിനിയാണ് ഭാര്യ. മകൻ: ബാബു പരമേശ്വരൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാണ്. ഇപ്പോൾ യുഎസിലാണ്. മകൾ: ഡോ.പാർവതി. (പാലക്കാട് ശ്രീകൃഷ്ണപുരം വിടിബി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ). മരുമക്കൾ: ഇന്ദുമതി, സജു നാരായണൻ.
മറുനാടന് മലയാളി ബ്യൂറോ