മലപ്പുറം: മകന്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. അടുത്ത ആഴ്‌ച്ച നടക്കാനിരിക്കുന്ന മകന്റെ വിവാഹ ചടങ്ങിന്റെ ഒരുക്കത്തനിടെ ഇന്നലെയായിരുന്നു പിതാവ് കുഴഞ്ഞ് വീണു മരിച്ചത്. തിരൂർ കൂട്ടായിയിലെ പരേതനായ രായിൻ മരക്കാരകത്ത് മുഹമ്മദ് ഹാജിയുടെ മകനും വാക്കാട് താമസക്കാരനുമായ മുഹമ്മദ് ബഷീർ (50) ആണ് മരിച്ചത്.

അബുദാബിയിലെ യൂനിവേഴ്‌സൽ ആശുപത്രിയിലെ ജീവനക്കാരനായ ബഷീർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പത്തു വർഷത്തിനു മുകളിൽ നീണ്ട പ്രവാസത്തിനൊടുവിൽ മകന്റെ വിവാഹ ചടങ്ങിനായി ബഷീർ നാട്ടിലെത്തിയത് നിരവധി സ്വപ്നങ്ങളുമായിട്ടായിരുന്നു.

ശനിയാഴ്‌ച്ച രാവിലെ സഹോദരൻ റഷീദിനോടൊപ്പം ചെമ്മാട് വിവാഹം ക്ഷണിക്കാൻ പോയി വീട്ടിലെത്തിയിരുന്നു. ഉച്ചക്ക് ശേഷം കൂടുതൽ ബന്ധുവീടുകളിൽ പോകാനുള്ള തയ്യാറെടുപ്പിനിടെ 2 മണിയോടെയാണ് കുഴഞ്ഞ് വീണത്. സഹോദരനും മകനും ചേർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെയ് 4 നാണ് മകൻ ദിൽഷാദിന്റെ വിവാഹ സൽക്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹ ചടങ്ങ് എത്തും മുമ്പേ സ്വപ്നങ്ങൾ ബാക്കിയാക്കി ബഷീർ യാത്രയായി തിരിച്ചുവരാത്ത ലോകത്തേക്ക്.

അബുദാബി കെ എം സി സി വെട്ടം പഞ്ചായത്ത് കമ്മിറ്റി അംഗമാണ് ബഷീർ. മയ്യത്ത് ഖബറടക്കം ഞായറാഴ്‌ച്ച രാവിലെ 9 ന് വാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

ഭാര്യ: സൈനബ. മക്കൾ: ദിൽഷാദ്, മുഫ് ലിഹ, മുബശിറ, മിൻഹ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ബാവ, റഷീദ്, സക്കരിയ്യ, ഖദീജ, നഫീസ, ഖൈറുന്നീസ.