തളിപറമ്പ് : വാഹനാപകടത്തിൽ തളിപറമ്പിലെ പ്രശസ്തനായ ഫോട്ടോ - വീഡിയോഗ്രാഫർ മരിച്ചു. കാർ നിയന്ത്രണം വിട്ട് റോഡരികിലെ വീടിന്റെ ഗെയിറ്റിനിടിച്ച് തകർന്നാണ് കാർ ഓടിച്ചിരുന്ന ഫോട്ടോഗ്രാഫർ മരണമടഞ്ഞത്. പട്ടുവം കാവുങ്കലിലെ പി.തിലകനാ (51)ണ് മരിച്ചത്. തളിപ്പറമ്പിൽ സൂം എന്ന പേരിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു.

തളിപ്പറമ്പിലെ അറിയപ്പെടുന്ന ഫോട്ടോ - വീഡിയോ ഗ്രാഫർ ആയിരുന്നു തിലകൻ. ചൊവ്വാഴ്‌ച്ച ഉച്ചക്ക് 2.30 ഓടെ മുറിയാത്തോട് റേഷൻ കടക്ക് സമീപമായിരുന്നു അപകടം. തളിപ്പറമ്പിൽ നിന്നും കാവുങ്കലിലെക്ക് പോകുകയായിരുന്ന തിലകൻ ഓടിച്ചിരുന്ന കാർ സജീഷ് എന്നയാളുടെ വീടിന്റെ ഇരുമ്പ് ഗെയിറ്റ് ഇടിച്ച് തകർക്കുകയായിരുന്നു.

സജീഷിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേട് പറ്റിയിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ തിലകനെ തകർന്ന കാറിൽ നിന്നെടുത്ത് തളിപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെക്ക് മാറ്റി തളിപറമ്പ് പൊലിസ് ഇൻ ക്വസ്റ്റ് നടത്തി.