കണ്ണൂർ: മതപരമായ അനാചാരങ്ങൾക്കെതിരെ വാട്‌സ്ആപ്പിൽ പ്രതികരിച്ച യുവാവിന്റെ സ്റ്റുഡിയോ കത്തിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചെന്നു പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെക്കുറിച്ച് സൂചന നൽകിയത്.

പർദ്ദ ധരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാട്‌സ്ആപ്പിൽ തളിപ്പറമ്പ് സ്വദേശിയായ റഫീഖ് പരാമർശം നടത്തിയത്. ഇതിനു പ്രതികാരമെന്നോണം റഫീഖിന്റെ ടമസ്ഥതയിലുള്ള ഒബ്‌സ്‌ക്യുറ സ്റ്റുഡിയോ അക്രമികൾ കത്തിക്കുകയായിരുന്നു. 

സ്റ്റുഡിയോ കത്തിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

ഡിസംബർ 12നാണ് റഫീഖിന്റെ സ്റ്റുഡിയോ കത്തിച്ചത്. കമ്പ്യുട്ടറുകളും ഫർണിച്ചറുകളും അടക്കം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരെയാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്.

സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് ശേഷം ഒന്നും അറിഞ്ഞില്ലെന്ന് മൊഴി നൽകിയ സെക്യൂരിറ്റി ജീവനക്കാരൻ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ചില വിവരങ്ങൾ കൈമാറാൻ തയ്യാറായിട്ടുണ്ട്. ആദ്യം ഭയം കൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നാണ് ഇയാൾ പറയുന്നത്.