തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിന്റെ പേരിൽ താൻ മോഷണം നടത്തിയെന്ന മട്ടിലാണു ചിലരുടെ പ്രചാരണമെന്നും ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നു. അപ്പോഴും നാണക്കേട് മാറുന്നില്ലെന്ന് മുഖ്യമന്ത്രിക്കും പാർട്ടിക്കും അറിയാം. അതുകൊണ്ട് തന്നെ ചെലവ് സിപിഎം ഏറ്റെടുക്കും. പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ നാണക്കേടാണ് ഇതെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.

ഓഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കിൽ അതിന്റെ പേരിലാകും പിന്നീട് ആക്ഷേപം. ഹെലികോപ്റ്ററിൽ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറിൽ യാത്രചെയ്താലും ചെലവു വഹിക്കുന്നതു സർക്കാരാണ്-ഇതാണ് വിഷയത്തിൽ പിണറായിയുടെ വിശദീകരണം. അതിനിടെ ഓഖി ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്രസംഘത്തിനായി സംസ്ഥാന സർക്കാർ ആകെ ചെലവിട്ടതു പത്തര ലക്ഷം രൂപയാണെന്നും വ്യക്തമായി. എന്നാൽ, ഇതേ സംഘത്തെ കാണാനായി എത്തിയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്കു മാത്രമായി വേണ്ടിവന്നത് എട്ടു ലക്ഷം രൂപയും. ഒരേ ഉദ്യോഗസ്ഥനാണ് ഈ രണ്ടു തുകയും ദുരന്തനിവരണ വകുപ്പിൽനിന്ന് അനുവദിച്ച് ഉത്തരവിറക്കിയതെന്നതും വിചിത്രം.

കഴിഞ്ഞ 26 മുതൽ 29 വരെയായിരുന്നു കേന്ദ്ര ദുരന്തനിവാരണ അഡീഷനൽ സെക്രട്ടറി വിപിൻ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അഞ്ചു ജില്ലകളിലെ ദുരന്ത മേഖലകൾ സന്ദർശിച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു സന്ദർശനം. ഇവർക്കു താമസം, ഭക്ഷണം, യാത്ര എന്നിവ ഒരുക്കാൻ തിരുവനന്തപുരം കലക്ടർക്കു മൂന്നര ലക്ഷം രൂപ സർക്കാർ നൽകി. കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകൾക്ക് ഒരു ലക്ഷം രൂപ വീതവും എറണാകുളത്തിനു രണ്ടര ലക്ഷവും മലപ്പുറത്തിന് ഒന്നര ലക്ഷവും ചെലവിട്ടു. സംഘം തലസ്ഥാനത്തെത്തി ജില്ലകളിലേക്കു തിരിക്കുംമുൻപായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇതിനായി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ തലസ്ഥാനത്ത് എത്തിയതുൾപ്പെടെയുള്ള ചെലവുകൂടി ചേർത്താൽ കേന്ദ്ര സംഘത്തിനായി ആകെ ചെലവിട്ടതു പതിനെട്ടര ലക്ഷം രൂപമാത്രമാണ്. എന്നാൽ പിണറായിയുടെ ഒറ്റയാത്രയ്ക്ക് എട്ട ലക്ഷവും. തൃശൂരിൽ സിപിഎം ജില്ലാ സമ്മേളനമായിരുന്നു. ഇതിൽ പങ്കെടുക്കേണ്ടതുള്ളതു കൊണ്ടാണ് ഹെലികോപ്ടറിൽ മുഖ്യമന്ത്രി പറന്നെത്തിയത്. അന്ന് മന്ത്രിസഭാ യോഗവും ചേർന്നിരുന്നു.

മുഖ്യമന്ത്രിയെ ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽനിന്നു രക്ഷിക്കാൻ പാർട്ടി രംഗത്തെത്തുമെന്നാണ് സൂചന. ഓഖി ദുരന്തത്തെക്കുറിച്ചു പഠിക്കാൻ തലസ്ഥാനത്തെത്തിയ കേന്ദ്രസംഘത്തെ കാണാൻ സിപിഎം തൃശൂർ ജില്ലാ സമ്മേളനവേദിയിൽനിന്നും തിരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കോപ്റ്റർ യാത്രയ്ക്കു ചെലവായ എട്ടു ലക്ഷം രൂപ സിപിഎമ്മിന്റെ ഫണ്ടിൽനിന്നു നൽകിയേക്കും. വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് ലത്തീൻ സഭ ഉയർത്തിയത്. ബോണക്കാട്ടെ കുരിശ് മല വിഷയത്തിൽ സർക്കാർ ലത്തീൻ സഭയ്‌ക്കെതിരെ നിലപാട് എടുത്തിരുന്നു. അതിനിടെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ആയുധം സഭയ്ക്ക് കിട്ടിയത്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് സിപിഎം നീക്കം.

ഇന്നു സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ചചെയ്യുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായ തുക നൽകാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. അക്കാര്യം പാർട്ടി നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ദുരന്തനിവാരണ ഫണ്ടിൽനിന്നു ഹെലികോപ്റ്റർ വാടക അനുവദിക്കാനുള്ള ഉത്തരവു വിവാദമായതിനെത്തുടർന്നു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനോടു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ വിശദീകരണം തേടി. പിണറായിയുടെ യാത്രയ്ക്കു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഹെലികോപ്റ്റർ ഏർപ്പാടു ചെയ്തതെന്നാണു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.

കമ്പനി 13.09 ലക്ഷം രൂപ ചോദിച്ചുവെന്നും ബെഹ്‌റ നടത്തിയ വിലപേശലിനൊടുവിൽ എട്ടു ലക്ഷം രൂപയെന്നു നിശ്ചയിച്ചെന്നും വിശദീകരിച്ചു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്താൻ ബെഹ്‌റ തയാറായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാകാര്യങ്ങളുടെ ചുമതല നിറവേറ്റിയെന്നു മാത്രമായിരുന്നു പ്രതികരണം. ശനിയാഴ്ചയാണു കോപ്റ്റർ കമ്പനിക്കു പണം നൽകാൻ കുര്യൻ ഉത്തവിട്ടത്. അതിന്റെ പകർപ്പു തിങ്കളാഴ്ച ഉച്ചയ്ക്കാണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറി ഡി.സാജുവിനും ലഭിച്ചത്.

ഈ വിഷയം സിപിഎമ്മിനും മുഖ്യമന്ത്രിക്കും തീരാകളങ്കമാവുകയും ചെയ്തു. സിപിഎം സൈബർ പോരാളികൾക്ക് പോലും വിഷയത്തിൽ പ്രതിരോധം തീർക്കാൻ കഴിഞ്ഞിട്ടില്ല.