കൊല്ലം: ആതുര സേവന രംഗത്തെ മാലാഖമാർക്ക് ഓച്ചിറ പരബ്രഹ്മ ഹോസ്പ്പിറ്റലിൽ കടുത്ത അവഗണന. തുടർച്ചയായി 16 മണിക്കൂർ നൈറ്റ് ഡ്യൂട്ടി. ഇടയ്ക്ക് ഉറങ്ങാതിരിക്കാൻ സെക്യൂരിറ്റി സ്റ്റാഫുകളുടെ ഒപ്പിടീൽ. പ്രതിഷേധിക്കുന്നവരുടെ ലീവ് വെട്ടിക്കുറയ്ക്കുക അധിക നൈറ്റ് ഡ്യൂട്ടി കൊടുക്കുക. കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് ഇവിടുടെ നഴ്‌സുമാർ. ഇത് സംബന്ധിച്ച് കൊല്ലം  ജില്ലാ ഓഫീസർക്ക് പരാതി നൽകിയിരിക്കുകയാണ് യു.എൻ.എ.

ഹോസ്പിറ്റലിൽ നഴ്‌സുമാർക്ക് കടുത്ത അവഗണനയും അധിക ജോലി ഭാരവുമാണ്. വേണ്ടത്ര ശമ്പളമില്ല കൂടാതെ ഇന്ത്യൻ നഴ്‌സിങ്ങ് കൗൺസിൽ പറഞ്ഞിരിക്കുന്ന ജോലി സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്യേണ്ട അവസ്ഥയാണ്. നിലവിൽ രണ്ട് ഷിഫ്റ്റ് മാത്രമേ ഇവിടെയുള്ളൂ. പകൽ ഡ്യൂട്ടി 9 മണിക്കൂറും രാത്രി ഡ്യൂട്ടി 16 മണിക്കൂറുമാണ്. പതിനാറു മണിക്കൂറിൽ അൽപ്പ സമയം പോലും വിശ്രമിക്കാൻ അനുവദിക്കില്ല.

ഓരോ മണിക്കൂർ ഇടവിട്ട് ഹോസ്പിറ്റലിലെ സുരക്ഷാ ജീവനക്കാർ മാനേജ്‌മെന്റിന്റെ നിർദ്ധേശ പ്രകാരം സ്റ്റാഫുകൾ ഉണർന്നിരിക്കുകയാണ് എന്ന് ഉറപ്പു വരുത്താനായി രജിസ്റ്ററിൽ എല്ലാ വാർഡിലേയും നഴ്‌സുമാരുടെ ഒപ്പു വാങ്ങാറുണ്ട്. കൂടാതെ ഒരു മാസം 6 നൈറ്റ് മാത്രമേ ഇന്ത്യൻ നഴ്‌സിങ്ങ് കൗൺസിൽ പറഞ്ഞിട്ടുള്ളു. നൈറ്റ് ഓഫും മറ്റൊരവധിയും നിഷ്‌ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഇവിടെ പാലിക്കുന്നില്ല. ഒരു നഴ്‌സിനെ പല ഡിപ്പാർട്ട്‌മെന്റുകളിലേക്ക് മാറ്റി നിയമിക്കുന്നത് ജോലിയെ സാരമായി ബാധിക്കുന്നുണ്ട്. വാർഡിൽ ഡ്യൂട്ടി നോക്കുന്നയാളെ നാളെ ഒപിയിലായിരിക്കും നിയമിക്കുക.

അടുത്ത ദിവസം ലേബർ റൂമിൽ. പിന്നെ ഐ.സി.യുവിൽ ഇങ്ങനെ പോകുന്നു. ശമ്പളം നൽകുന്നതിന് കൃത്യമായ രസീതോ രേഖകളോ തരാറില്ല. അനാവശ്യമായി നഴ്‌സുമാരെ സൂപ്രണ്ടുമാർ പീഡിപ്പിക്കുന്നുണ്ട്. യാതൊരു തൊഴിൽ നിയമവും പാലിക്കാതെ നിയമങ്ങളൊക്കെ കാറ്റിൽ പറത്തി മുന്നോട്ട് പോകുന്ന ഹോസ്പ്പിറ്റൽ മാനേജ്‌മെന്റിനെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണ്. മുന്ന് ഷിഫ്റ്റ് നിലവിൽ കൊണ്ടുവരേണ്ടതും ആവശ്യമാണ്.

യു.എൻ.എയുടെ യൂണിറ്റുള്ള ആശുപത്രിയാണ് പരബ്രഹ്മ. ന്യായമായ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങ് നേടിത്തരുമെന്നാണ് വിശ്വാസം എന്നും ജില്ലാ ലേബർ ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു. അഞ്ച് ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ യുഎൻ.എയുടെ നേതൃത്വത്തിൽ പണി മുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യു.എൻ.എ കൊല്ലം നേതൃത്വം മറുനാടൻ മലയാളിയോട് പറഞ്ഞു.

3500 രൂപയാണ് ഇവിടുത്തെ അടിസ്ഥാന ശമ്പളം. പത്ത് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് 10000 രൂപ വരെയാണ് ഇവിടെയും ശമ്പളം. പെർമനന്റ് സ്റ്റാഫുകൾക്ക് മാത്രം13000 രൂപ കിട്ടുന്നുണ്ട്. 18 രോഗികൾക്ക് ഇവിടെ ഒരു നേഴ്‌സ് നെയാണ് നൈറ്റ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. ഇത് മൂലം രോഗികൾക്ക് വേണ്ട രീതിയിൽ കെയർ നൽകാൻ പലപ്പോഴും നഴ്‌സുമാർക്ക് കഴിയുന്നില്ല. എങ്കിലും വിശ്രമമില്ലാതെ ഓരോ രോഗിയുടെ അടുത്തും ഇവർ ഓടിയെത്താറുണ്ട്.

ഏറ്റവും തിരക്കുള്ള അത്യാഹിത വിഭാഗത്തിലും വേണ്ടത്ര സ്റ്റാഫ് നേഴ്‌സുമാർ ഇല്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ളവരുടെ നടു ഒടിയും. രണ്ട് ഷിഫ്റ്റ് മാത്രമാണ് ഇവിടെ. രാവിലെ 8.30 നാണ് ഡേ ഡ്യൂട്ടി ആരംഭിക്കുന്നത്. അഞ്ച് മണിക്കാണ് ഡ്യൂട്ടി തീരുന്നതെങ്കിലും 18 രോഗികളുടെ കേസ് ഷീറ്റ് ഹാൻഡ് ഓവർ ചെയ്തു കഴിയുമ്പോഴേക്കും ആറു മണിയാകും. നൈറ്റ് 5 മണിക്ക് തുടങ്ങും 8.30 ന് കഴിയുമെങ്കിലും പത്ത് മണിയാകും ഇറങ്ങുമ്പോൾ. പന്ത്രണ്ട് മണിക്കൂർ നൈറ്റും 9 മണിക്കൂർ ഡേയും ചെയ്യുന്ന സ്റ്റാഫുകൾക്കാണ് പിച്ചക്കാശ് എന്ന രീതിയിൽ 3500 രൂപ വച്ചുനീട്ടുന്നത്.

ഇവിടെ 5000 രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം നൽകുക. മറ്റുള്ളവർക്ക് ക്യാഷായി കൈയിൽ കൊടുക്കുകയാണ്. ഇങ്ങനെ കൊടുക്കുന്ന ശമ്പളത്തിന് യാതൊരു റസീപ്‌റ്റോ വൗച്ചറോ നൽകാറില്ലെന്ന് നേഴ്‌സുമാർ പറയുന്നു. നേഴ്‌സിങ്ങ് ചാർജ്ജ് ഇനത്തിൽ ദിവസം ഒരു രോഗിയുടെ പക്കൽ നിന്നും 300 മുതൽ 1000 രൂപ വരെ വാങ്ങുന്നുണ്ട്. നേഴ്‌സിങ്ങ് സൂപ്രണ്ട് മാനേജ്‌മെന്റുമായി അടുത്ത ബന്ധമുള്ളതിനാൽ നേഴ്‌സുമാരുടെ ആവശ്യങ്ങൾ ഇവർ ചെവിക്കൊള്ളാറില്ല. മാനേജ്‌മെന്റിനെതിരെ സംസാരിക്കുന്നവരെ നേരിടുന്നത് കൂടുതൽ നൈറ്റ് ഡ്യൂട്ടി നൽകിയും ലീവ് വെട്ടിക്കുറച്ചുമാണ്.

നിർദ്ധന രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി സ്ഥാപിച്ചതാണ് പരബ്രഹ്മ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ. എന്നാൽ ഇവിടെയെത്തുന്ന രോഗികളുടെ പക്കൽ നിന്നും അമിത തുകയാണ് പല ഇനത്തിൽ നിന്നും ഈടാക്കുന്നത്. 1990 കാലഘട്ടത്തിൽ തുടർച്ചയായി 45 വർഷം ഓച്ചിറ ഭരണ സമിതി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അഡ്വ: ഭാർഗ്ഗവനാണ് ഹോസ്പിറ്റൽ സ്ഥാപിക്കാൻ മുൻകൈയെടുത്തത്. എന്നാൽ ഇവിടെ ഇപ്പോൾ നടക്കുന്നത് മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത സംഭവ വികാസങ്ങളാണ്.