കൊച്ചി: മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയൻ ഡിസംബർ 14 ന് ലോകകമൊട്ടാകെ തിയറ്ററുകളിലെത്തുകയാണ്. 'ഒടിയൻ ഒരു നല്ല സിനിമയയായി മാറട്ടെ എന്ന് നമുക്ക് എല്ലാവർക്കും ചേർന്നുനിന്ന് പ്രാർത്ഥിക്കാം. ഞാൻ ഇതുവരെ സിനിമ കണ്ടിട്ടില്ല. ഏകദേശം ഒന്നരവർഷത്തോളം ഈ സിനിമയുടെ പുറകെ സഞ്ചരിച്ചു. എല്ലാവരുടെയും അനുഗ്രഹത്തോടെ വലിയ വിജയമായി ഒടിയൻ മാറട്ടെ.'-രണ്ട് ദിവസം മുമ്പ് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇത്. ഇത്രയധികം ഭാഷകളിൽ ഒരേ സമയം റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതി ഒടിയനു ലഭിച്ചിട്ടുണ്ട്. എന്നാൽ പുതിയൊരു അവകാശവാദവുമായി ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയത് മലയാള സിനിമാ ഇൻഡസ്ട്രിയെ തന്നെ ഞെട്ടിച്ചു. ഒടിയൻ തിയേറ്ററിൽ എത്തും മുമ്പേ 100 കോടിയുടെ കച്ചവടം ലഭിച്ചുവെന്നാണ് ശ്രീകുമാർ മേനോന്റെ ട്വീറ്റ്. ഇത് എങ്ങനെ സാധ്യമാകുമെന്ന് മൂക്കിൽ കൈവിച്ച് ചോദിക്കുന്നവരിൽ ലാൽ ഫാൻസുകാരും ഉണ്ട്. പക്ഷേ കണക്ക് പുറത്തുവിട്ട് എല്ലാം ന്യായീകരിക്കുകയാണ് ശ്രീകുമാർ മോനോൻ.

ബാഹുബലി പോലെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം നേടാൻ ഒടിയന് കഴിയുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നു. ഈ ചിത്രം കൂടുതൽ വലിയ സിനിമകളെടുക്കാൻ പ്രചോദനമാകുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മോഹൻലാലിനെ എങ്ങനെ സ്‌ക്രീനിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ അതിന്റെ ഉത്തരമാണ് ഒടിയൻ. അന്യഭാഷ ചിത്രങ്ങൾക്കുള്ള മറുപടിയാണ് ഒടിയൻ. രജനികാന്ത് ചിത്രങ്ങളുടെ റിലീസ് പോെലയാകും ഒടിയന്റെ റിലീസുമെന്നും പറഞ്ഞിരുന്നു. അതിന് ശേഷമാണ് 100 കോടിയുടെ കണക്കുമായി ശ്രീകുമാർ മേനോൻ എത്തിയത്. ഇത് ഒരിക്കലും സംഭവിക്കില്ലെന്നാണ് മലയാള സിനിമാ ലോകം പറയുന്നത്. ശ്രീകുമാർ മേനോൻ 100 കോടി എങ്ങനെ കിട്ടിയെന്ന് പറയുന്നില്ല. അതുകൊണ്ട് തന്നെ 100 കോടിയുടേത് വ്യാജ പ്രചരണമാണെന്ന് സിനിമാ ലോകം അഭിപ്രായപ്പെട്ടു. ലാൽ ആരാധകരും ഇതേ അഭിപ്രായം പങ്കുവച്ചു. ഇനി 100 കോടി കിട്ടിയിട്ടുണ്ടെങ്കിൽ അത് ഏതെല്ലാം രീതിയിൽ കിട്ടിയെന്ന് കൂടി പറയണമെന്നാണ് ലാൽ ഫാൻസിന്റേയും നിലപാട് എടുത്തു. അല്ലാത്ത പക്ഷം ലാലേട്ടന്റെ പേരു കൂടി ചീത്തയാകുമെന്ന് അവർ പറയുന്നു. ഇതോടെയാണ് കണക്കുമായി ഒടിയൻ ടീം എത്തിയത്.

സാറ്റലൈറ്റ്, ഓഡിയോ-വിഡിയോ, ഡിജിറ്റൽ, അന്യാഭാഷാ റൈറ്റ് എന്നിങ്ങനെയാണ് സാധാരണയായി റിലീസിന് മുമ്പ് പണം കിട്ടാനുള്ള വഴികൾ. ഇതിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് കായംകുളം കൊച്ചുണ്ണിയാണ്. മോഹൻലാലും നിവിൻ പോളിയും ഒരുമിച്ച് അഭിനയിച്ച ഈ ചിത്രത്തിന് 20 കോടിയോളം രൂപയാണ് ഇങ്ങനെ കിട്ടിയത്. അതായത് ലാലിന്റേയും നവിൻ പോളിയുടേയും താരമൂല്യമുള്ള കായംകുളം കൊച്ചുണ്ണിക്ക് കിട്ടിയത് പോലും വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ 100 കോടി ഒടിയന് കിട്ടുമെന്നതാണ് ഉയർന്ന ചോദ്യം. കായംകുളം കൊച്ചുണ്ണിക്ക് സാറ്റലൈറ്റ് റൈറ്റിലൂടെ 12 കോടി കിട്ടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോന്റെ 100 കോടി കണക്ക് അവിശ്വസനീയമെന്നാണ് സിനിമാ ലോകവും ആരോപിച്ചത്.

സാറ്റലൈറ്റ് റൈറ്റിലൂടെ ഒടിയന് പരമാവധി 15 കോടി വരെ കിട്ടിയേക്കും. ഓഡിയോ വിഡീയോ റൈറ്റിലൂടെ അഞ്ച് കോടിയും കിട്ടാം. ഇനി അത് 15 കോടിയായാലും ആകെ 30 കോടിയാകും. ഡിജിറ്റൽ റൈറ്റിലൂടെ 10 കോടി കിട്ടിയാലും 40ലേ എത്തൂ. അന്യഭാഷാ റൈറ്റിലൂടെ പരമാവധി 15 കോടി. ഇതെല്ലാം കൂട്ടിയാലും 50 കോടി കിട്ടും. മുകളിലെ കണക്ക് പോലും അതിയശോക്തിയാണ്. ഇതുപോലും സംഭവ്യമല്ല. ഈ സ്ഥിതിക്ക് എങ്ങനെ 100 കോടി കിട്ടിയെന്ന ചർച്ച സജീവമാക്കി. ഇതോടെയാണ് കണക്കുമായി ശ്രികുമാർ മേനോൻ എത്തിയത്. മലയാളസിനിമാ ബോക്‌സ്ഓഫീസ് ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച് ഒടിയൻ എന്നാണ് അവകാശ വാദം. ചിത്രം പ്രി-ബിസിനസ്സ് കലക്ഷനിൽ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ ആണ് ട്വിറ്ററിലൂടെ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയൻ.

റിലീസിനെത്തുന്നതിനും മൂന്നുദിവസം മുമ്പെയാണ് ചിത്രം നൂറുകോടി ക്ലബിൽ ഇടംനേടിയിരിക്കുന്നത്. സിനിമയുടെ റീമെയ്‌ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാർ മേനോൻ പറയുന്നു. ഈ റെക്കോർഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യൻ സിനിമയും പതിനൊന്നാമത്തെ ഇന്ത്യൻ സിനിമയുമാണ് ഒടിയൻ.

ഒടിയൻ ടീം പുറത്തുവിട്ട കണക്കുവിവരങ്ങൾ

സാറ്റലൈറ്റ് റൈറ്റ്‌സ്-21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)
ജിസിസി -2.9 കോടി
അല്ലാതെയുള്ള ഓവർസീസ്-1.8 കോടി
കേരളത്തിനു പുറത്തുള്ള അവകാശം-2 കോടി
തെലുങ്ക് റൈറ്റ്‌സ്(ഡബ്ബ്)-5.2 കോടി
തമിഴ് റൈറ്റ്‌സ്(ഡബ്ബ്)-4 കോടി
ഓഡിയോ വിഡിയോ-1.8 കോടി
തിയറ്റർ അഡ്വാൻസ്-17 കോടി
ഹിന്ദി തിയറ്റർ അവകാശം(ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്‌സ് -4 കോടി
തമിഴ് സാറ്റലൈറ്റ് റൈറ്റ്‌സ്-3കോടി
തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്‌സ്-3കോടി
ഫാൻസ് ഷോ ഉൾപ്പടെ അഡ്വാൻസ് ബുക്കിങിൽ നിന്നും-5 കോടി
അഡ്വാൻസ് ബുക്കിങ് യുഎഇ-ജിസിസി-5.5 കോടി
അഡ്വാൻസ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും -1 കോടി
തമിഴ് റീമെയ്‌ക്ക് റൈറ്റ്‌സ്-4 കോടി
തെലുങ്ക് റീമെയ്‌ക്ക് റൈറ്റ്‌സ്-5 കോടി
എയർടെൽ ബ്രാൻഡിങ്-5 കോടി
കിങ്ഫിഷർ ബ്രാൻഡിങ്-3 കോടി
മൈജി, ഹെഡ്ജ് ബ്രാൻഡിങ്-2 കോടി
കോൺഫിഡന്റ് ഗ്രൂപ്പ് ബ്രാൻഡിങ്-3 കോടി
മറ്റു പരസ്യങ്ങളിൽ നിന്നും-2 കോടി
ആകെ-101.2 കോടി

നേരത്തെ മോഹൻലാലിന്റെ പുലിമുരുകൻ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ഒടിയന്റെ അഡ്വാൻസ് ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിവസ ടിക്കറ്റുകൾ മിക്ക തിയേറ്ററുകളിലും വിറ്റുതീർന്നു. 37 വിദേശ രാജ്യങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും. വൻ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിലെ വിവരണഭാഗത്തിന് ശബ്ദം നൽകിയിരിക്കുന്നത് മമ്മൂട്ടിയാണ് എന്നത് നേരത്തെതന്നെ വാർത്തകൾ ഇടം പിടിച്ചിരിക്കുന്നു. . ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായാണ് 'ഒടിയൻ' റിലീസിനെത്തുന്നത്. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്മാരെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങുന്നത് ഭയത്തോടെയാകും. ഈ പ്രതീക്ഷകളാണ് ഒടിയനെ ശ്രദ്ധേയനാക്കുന്നത്.

പുഷ് എന്ന പരസ്യ കമ്പനിയുടെ നടത്തിപ്പായിരുന്നു ശ്രീകുമാർ മേനോൻ മുമ്പ് പ്രധാനമായും ചെയ്തിരുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തി. ഈ പരസ്യ കമ്പനിയെ കൈവിട്ടാണ് സിനിമാ നിർമ്മാണത്തിന് ശ്രീകുമാർ മേനോൻ എത്തിയത് പുഷ് കമ്പനി പാപ്പർ സ്യൂട്ട് പോലും കൊടുത്തു. അതുകൊണ്ട് തന്നെ ഒടിയന്റെ വിജയം ശ്രീകുമാർ മേനോന് അതിനിർണ്ണായകമാണ്. രണ്ടാമൂഴം സിനിമയുടെ വിവാദങ്ങളും ശ്രീകുമാർ മേനോനെ തളർത്തിയിട്ടുണ്ട്. എംടിയുമായുള്ള കേസും മറ്റും വിവാദത്തിലാക്കിയ ശ്രീകുമാർ മേനോന് സംവിധാനത്തിലെ പ്രതിഭ തെളിയിക്കാൻ ഒടിയനിലെ വിജയം അനിവാര്യമാണ്.