സെൽഫിയെ വ്യത്യസ്തമാക്കുവാൻ ഏതറ്റം വരെയുള്ള റിസ്‌കുമെടുക്കാൻ തയ്യാറാകുന്നവരെ പറ്റി നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ വിക്കി ഓഡിന്റ്കോവ എന്ന 23കാരിയായ ഈ റഷ്യൻ മോഡലിന്റെ അത്ര സാഹസികത ഇതുവരെ ആരും സെൽഫിയെടുക്കാനായി പ്രകടിപ്പിച്ചിട്ടുണ്ടാകില്ല. ദുബായിലെ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്നിന്റെ മുകളിൽ ബാൽക്കണിയിൽ കയറി നിന്ന് ഒരാളുടെ കൈയിൽ തൂങ്ങി ഇൻസ്റ്റാഗ്രാം ആരാധകർക്കായി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണീ മോഡൽ. ഇത്തരത്തിൽ പോസ് ചെയ്തിരിക്കുന്ന അർധനഗ്‌നയായ റഷ്യൻ മോഡലിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള അംബരചുംബികളിലൊന്നായ ദുബായിലെ കായൻ ടവറിന് മേൽ കയറി നിന്നാണീ വിക്കി ഈ അഭ്യാസം നടത്തിയിരിക്കുന്നത്. 1004 അടി ഉയരത്തിൽ കയറിയാണീ കൈ വിട്ട കളി ഇവർ കളിച്ചിരിക്കുന്നത്.

ഇത്തരത്തിൽ പോസ് ചെയ്യുമ്പോൾ തനിക്കൽപം പേടി തോന്നിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ മൂന്ന് മില്യൺ ഫോളോവേഴ്സുള്ള ഈ ഇൻസ്റ്റാഗ്രാം രാജ്ഞി വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ആ സാഹസം നിർവഹിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് വിക്കി പറയുന്നത്. ഓരോ പ്രാവശ്യം ഈ വീഡിയോ കാണുമ്പോഴും താൻ ചെറിയ തോതിൽ വിയർക്കാറുണ്ടെന്നാണ് സെന്റ് പീറ്റേഴ്സ്ബർഗ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ സുന്ദരി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ വിക്കി പോസ്റ്റ് ചെയ്ത് അധികം വൈകാതെ ഇത് വൈറലാവുകയായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയുടെ ഏറ്റവും മികച്ച വക്താക്കളിലൊരാളാണ് വിക്കി. തന്റെ ഫിറ്റ്നെസ് കാത്ത് സൂക്ഷിക്കുന്നതിനെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് അവർ പലവട്ടം വെളിപ്പെടുത്തിയിരുന്നു.

യാതൊരു വിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതെ ഇത്ര ഉയരത്തിൽ നിന്നും വിക്കി നടത്തിയ ഈ അഭ്യാസം കണ്ട് അവരുടെ ആരാധികർ സ്തംബ്ധരായി നിന്ന് പോയിട്ടുണ്ട്. ഈ പ്രകടനത്തിനിടെ എന്തെങ്കിലും അബദ്ധം പറ്റിയിരുന്നുവെങ്കിൽ വിക്കിയുടെ പൊടിപോലും കണ്ടെത്താൻ സാധിക്കില്ലെന്നുറപ്പായിരുന്നു. മറ്റൊരു റഷ്യൻ മോഡലായ 23കാരി ഏൻജെലീന നിക്കോലൗവിനെ അനുകരിച്ചാണ് വിക്കി ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ഇത് അപകടകരമാണെന്നും ചില സോഷ്യൽ മീഡിയ യൂസർമാർ മുന്നറിയിപ്പേകുന്നു. അംബരചുംബികൾക്ക് മുകളിൽ കയറി അപകടകരമായി സെൽഫിയെടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുകയും വാർത്തകളിൽ നിറയുകയും ചെയ്യുന്ന സുന്ദരിയാണ് ഏൻജെലീന നിക്കോലൗ. 90 ഡിഗ്രി ചെരിവുള്ള ലോകത്തിലെ ഏറ്റവും വലിയ ടവറായിരുന്നു ഒരിക്കൽ കായൻ ടവർ. എന്നാൽ ഷാൻഗായ് ടവർ ഈ റെക്കോർഡിനെ പിന്നീട് മറികടക്കുകയായിരുന്നു.