തിരുവനന്തപുരം: കേരളം ലോകത്തിനു നൽകിയ പുതിയ സ്ത്രീശാക്തീകരണ സംരഭമായ ഷീ ടാക്‌സിയെക്കുറിച്ചു പഠിക്കാൻ ഒഡീഷയിൽ നിന്നു ജനപ്രതിനിധി സംഘം എത്തുന്നു. കേരളത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇവരുടെ സന്ദർശനം. നാലു  മുതൽ 25 വരെ നാലു ഘട്ടങ്ങളായി ഒഡീഷയിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ' കമ്യൂണിറ്റി ഓർഗനൈസർമാരുടെ' നാലു സംഘങ്ങളാണ് എത്തുന്നത്.

സ്ത്രീശാക്തീകരണ രംഗത്ത് കേരളത്തിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള പരിശീലന പ്രദർശന സംഗമങ്ങളാക്കി ഇവരുമായുള്ള ഒത്തുചേരലുകൾ മാറ്റാനാണ് സംസ്ഥാന സാമൂഹ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. സംസ്ഥാന വനിതാ വികസന കോർപറേഷനും ജെൻഡർ പാർക്കുമായിരിക്കും ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതും ഇവർക്ക് കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രായോഗികവും താത്വികവുമായ വിശദാംശങ്ങൾ നൽകുന്നതും.

2013 നവംബറിൽ തിരുവനന്തപുരത്ത് ആരംഭിച്ച് കൊച്ചിയിലും തുടർന്ന് കോഴിക്കോട്ടും പ്രവർത്തനം ആരംഭിച്ച ഷീ ടാക്‌സിയെയും അതിനു ചുക്കാൻ പിടിക്കുന്ന ജെൻഡർ പാർക്കിനെയും പരിചയപ്പെടുക എന്നതാണ് ഒഡീഷ സംഘത്തിന്റെ മുഖ്യ ലക്ഷ്യം.
ഫെബ്രുവരി നാലിനും11നും 18നും 25നുമായാണ് ഒഡീഷ സംഘത്തിന്റെ കേരള സന്ദർശനം.