ണ്ട് എം കൃഷ്ണൻ നായർ തന്റെ പ്രസിദ്ധമായ സാഹിത്യവാരഫലം കോളത്തിൽ ഒരു കഥയെ വിമർശിച്ച് എഴുതിയതാണ് ഒടിയൻ കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത്. 'ഈ കഥയെഴുതിയ നേരത്ത് ടിയാൻ രണ്ട് ഇഡ്ഡലി ഉണ്ടാക്കുകയായിരുന്നെങ്കിൽ ചമ്മന്തിയിൽ മുക്കി കഴിക്കാമായിരുന്നു.'- ഇവിടെ കഥയെഴുതിയ നേരത്ത് എന്നത് സിനിമയെടുത്ത നേരത്ത് എന്നാക്കണം.

അമ്പമ്പോ! എന്തൊരു തള്ളായിരുന്നു, 37 രാജ്യങ്ങളിലെ റിലീസ്, മലയാള സിനിമയുടെ ആഗോള വിപണി, റിലീസിനുംമുമ്പേ കിട്ടിയ നൂറുകോടി , ലോകോത്തര ക്യാമറ, ലാലേട്ടന് ഇനിയുള്ള എല്ലാ അവാർഡുകളും കിട്ടൽ ...മലപ്പുറം കത്തി, അമ്പും വില്ലും, ഒലക്കേടെ മൂട്. മോഹൻലാലിനെ നായകനാക്കി ശ്രീകുമാരമേനോൻ സംവിധാനംചെയ്ത ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ കണ്ടിറങ്ങിയപ്പോൾ സംവിധായകനെ ചതിയൻ എന്ന് വിളിക്കാനാണ് തോന്നിയത്. കാരണം അത്രക്ക് വലിയ ചതിയും നുണപ്രചരണവുമാണ് അദ്ദേഹം ഈ ശരാശരി മാർക്ക് മാത്രം കൊടുക്കാൻ കഴിയുന്ന ഈ ചിത്രത്തിനായി നടത്തിയത്. ഹർത്താലിനെപ്പോലും പരാജയപ്പെടുത്തി പുലർച്ചെ നാലുമണി മണിമുതൽ 'നെഞ്ചിനകത്ത് ലാലേട്ടൻ, മീശപിരിച്ച് ലാലേട്ടൻ' എന്ന മുദ്രാവാക്യം മുഴക്കി തീയേറ്റിലേക്ക് ഓടിക്കയറിയ പാവം മോഹൻലാൽ ഫാൻസിന്റെ മുഖത്തേക്കുള്ള കാറിത്തുപ്പായിപ്പോയി ഈ നിലവാരമില്ലാത്ത ചിത്രം. നോക്കണം, നാട്ടുഭാഷയിൽ പറഞ്ഞാൽ, യെവനൊക്കെയാണ് എംടിയുടെ രണ്ടാമൂഴം ഉണ്ടാക്കാൻ പോവുന്നത്. എംടി കേസുകൊടുത്തത്‌ എത്ര നന്നായി. രണ്ടാമുഴം പോയിട്ട് തുണ്ടുപടം പിടിക്കാനുള്ള പ്രതിഭ പോലും ഈ മേനോനില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

ഇതുവരെ കേട്ടിട്ടില്ലാത്തതും സിനിമാറ്റിക്കായി ഫിക്ഷനും റിയാലിറ്റിയുമായി ഇടകലർത്തി എടുക്കാവുന്ന നല്ല വൺലൈൻ ആയിരുന്നു ഒടിയൻ മാണിക്യന്റെത്. കുട്ടിസ്രാങ്ക്, സ്വപാനം തുടങ്ങിയ ഷാജി എൻ കരുണിന്റെ ചിത്രങ്ങൾ എഴുതിയ ഹരികൃഷണന്റെ തൂലികയിൽ വിരിഞ്ഞ ഒടിയൻ പ്രതിഭയുള്ളവർക്ക് വലിയ സാധ്യതയുള്ള പ്രമേയമായിരുന്നു. പക്ഷേ തിരക്കഥാ രചനയിൽ ഹരികൃഷ്ണനും പിഴച്ചു. ഒടിയൻ എന്ന പുതുമ ഒഴിവാക്കിയാൽ, ബാക്കിയുള്ള കഥ അത്രയും പതിവ്‌ ക്ലീഷേകളിൽ സമ്പന്നം. ഏത് കാണിപ്പയ്യൂരിനും പ്രവചിക്കാം ക്ലൈമാക്സിൽ എന്തു സംഭവിക്കുമെന്ന്.

കുറ്റം മാത്രം പറയരുതല്ലോ. പ്രതീക്ഷ ഉയർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. പക്ഷേ ആദ്യത്തെ 20 മിനുട്ടിലെ ഉദ്വേഗം കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് ഡ്രൈ ആവുകയാണ്. ചത്ത സംഭാഷണങ്ങളും, ഇടക്കുള്ള ലാഗിങ്ങും, ഉറക്കം തൂങ്ങിപ്പോവുന്ന സീനുകളും, ആർക്കോവേണ്ടിയെന്നോണമുള്ള 'സാ...സാ.'..പാട്ടുകളും ചേർന്ന് ചിത്രത്തെ നശിപ്പിച്ചിരിക്കുന്നു. ഷാജികുമാറിന്റെ ഛായാഗ്രാഹണം പോലും മുൻ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. സൗണ്ട് ട്രാക്കും മോശം. പീറ്റർ ഹെയിനിന്റെ സംഘട്ടനവും പുലിമുരുകൻ പോലെ എവിടെയും ത്രില്ലടിപ്പിക്കുന്നില്ല. ക്ലൈക്സിലെ തീവെപ്പൊക്കെ കണ്ടാൽ കരഞ്ഞുപോവും. ഒരു നാടോടി ലുക്കുള്ള ഈ പടത്തിൽ പീറ്റർ ഹെയിനെ കൊണ്ടുവന്നത് മനസ്സിലാവുന്നില്ല. ( മൈക്കിൾ ജാക്സൻ നാടൻപാട്ടുപാടിയാൽ എങ്ങനെയിരിക്കും) സംഘട്ടനം മാത്രമല്ല മൊത്തത്തിൽ ഒരു ത്രില്ലുമില്ല. മോഹൻലാൽ ഫാൻസുപോലും ചില ചത്ത സംഭാഷണങ്ങളിൽ പൂച്ച കരഞ്ഞ് സമയംപോക്കുകയാണ്.

ഇങ്ങനെയാക്കെയാണെങ്കിലും ഈ സിനിമയെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ നിന്ന് നമ്മെ തടയുന്നത് മോഹൻലാലിന്റെ അപാരമായ കരിസ്മയാണ്. മീശവടിച്ച് സുറുമയെഴുതി തൂക്കം കുറച്ച് ചുള്ളനായ ഒടിയന്റെ യൗവനവും, ജരാനരകൾക്കിടയിലും നിശ്ചയദാർഢ്യത്തിന്റെ കനലെരിയുന്ന കാഷായ വേഷവും ഭംഗിയാക്കുന്നുണ്ട് ലാലേട്ടൻ. മൈനസ് മോഹൻലാൽ ഒരു ബിഗ് സീറോയാണ് ഈ ചിത്രം. ലാൽ അല്ലാതെ ഒരു നടനും ഇതുപോലെ ചെയ്യാനാവില്ല. പക്ഷേ എന്തുചെയ്യാം സിനിമ ഇങ്ങനെയായിപ്പോയി. വെണ്ണക്കൽ പതിച്ച വിസർജ്ജനാലയം എന്നപോലെ.

ഒടിയന്റെ ലോകം; ഇരുട്ടിന്റെയും

കാശിയിലെ ചില ദൃശ്യങ്ങൾക്കുശേഷം നായകനെ കാണിച്ച്, മമ്മൂട്ടിയുടെ വോയ്സ് ഓവറിൽ പ്രതീക്ഷയുണർത്തിയാണ് ചിത്രം തുടങ്ങുന്നത്. ആരാണ് ഒടിയൻ എന്ന ലഘുവിവരണം മമ്മൂട്ടി നൽകുന്നു. ഇരുട്ടു സൃഷ്ടിച്ച യക്ഷി, ഭൂത, പ്രേത പിശാചുക്കളെ ഒക്കെ വൈദ്യുതിയുടെ കാലം എങ്ങനെ അപ്രത്യക്ഷമാക്കി അതുപോലെതന്നെയാണ് ഇരുട്ടിനെ ഉപാസകരാക്കി മനുഷ്യന്റെ ഭീതിയെ മുതലെടുത്തു ജീവിച്ച ഒടിയനും സംഭവിച്ചത്. ഒടിയനെ ഫാന്റസിയാക്കാതെ റിയലിസ്റ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. കാളയുടെയേും പോത്തിന്റെയും തലയെടുത്ത് വേഷംകെട്ടി ഒടിയനാവുന്ന മനുഷ്യനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഒടിവിദ്യകൊണ്ട് ആളുകളെ പണ്ടുകാലത്ത് പേടിപ്പിച്ചിരുന്ന, മറ്റുള്ളവർക്ക് വേണ്ടി പേടിപ്പിക്കാൻ 'ക്വട്ടേഷൻ' എടുക്കുന്ന ഒടിയൻ.

ആദ്യത്തെ ഒരു ഇരുപതുമിനുട്ട് ഒരു ത്രില്ലറിൽ എന്ന പോലെ ചിത്രം പായുന്നുണ്ട്. തേൻകുറുശ്ശി എന്ന വികസനം ഇനിയും കാര്യമായി എത്തിനോക്കിയിട്ടില്ലാത്ത പാലക്കാടൻ കുഗ്രാമത്തിലെ അവസാനത്തെ ഒടിയനാണ് മാണിക്യൻ. ചില പ്രശനങ്ങളെ തുടർന്ന് നാടുവിട്ട് കാശിക്കുപോയ അയാൾ പതിനഞ്ചുവർഷത്തെ ഇടവേളക്കുശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കയാണ്. ഇന്ദുചൂഡൻ മോഡലിൽ ചില പുതിയ കളികൾക്കായി.

തുടർന്നങ്ങോട്ട് പഴയ മാണിക്യന്റെയും പുതിയ മാണിക്യന്റെയും ജീവിതം മാറിമാറി കാണിക്കുന്നുണ്ട്. മാണിക്യൻ ഒടിവെക്കുന്ന രംഗങ്ങളൊക്കെ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ അപ്പോഴും കഥയിൽ പഴഞ്ചനും കേട്ടുമടുത്തതുമായ ഘടകങ്ങൾ ഒരുപാടുണ്ട്. പ്രണയം-വിവാഹം-ചതി തുടങ്ങിയ ഒരു ട്രയാംഗിളിൽ സേഫായി കഥയുണ്ടാക്കി അതിലേക്ക് ഒടിയനെ പ്ലേസ് ചെയ്യുന്ന സർഗാത്മക ഷണ്ഡത്വമായിപ്പോയി തിരക്കഥാകൃത്തിന്റെത്. അതായത് പുതുമ ഒടിയൻ എന്ന മിത്തിനും സത്യത്തിനും ഇടയിലെ സംഭവത്തിൽ മാത്രം ഒതുങ്ങുന്നു.

പലപ്പോഴും തേൻകുറിശ്ശിയെന്നത് നിയമസംവിധാനങ്ങളൊന്നുമില്ലാത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തെയാണ് ഓർമ്മിപ്പിക്കുന്നത്. തിരക്കഥാ കൃത്തിന്റെയും സംവിധായകന്റെയും മനസ്സിലുള്ള രാഷ്ട്രീയം ഫ്യൂഡൽ ഗൃഹാതുരത്വങ്ങളിൽ അഭിരമിക്കുന്ന ഒരു കിണാശ്ശേരി തന്നെയാണെന്ന് വ്യക്തമാണ്. ഒരു രംഗം നോക്കുക. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന്റെയും ആളെ പേടിപ്പിക്കുന്നതിന്റെ പേരിലും ഒരുകാരണവുമില്ലാതെ മാണിക്യനെ നെഞ്ചത്ത് ചവിട്ടുകയും തന്തയ്ക്ക് വിളിക്കയുമാണ്. അതിന്റെ പ്രതികാരമായ ഒടിയൻ ഒടിവെച്ചതിനാൽ കഴുത്ത് തിരിക്കാൻ കഴിയാതെ ആ കമ്യൂണിസ്റ്റ് നേതാവ് ഇപ്പോഴും നാട്ടിലുണ്ട്! ഫാൻസിഡ്രസ്സിൽ വന്ന് ചെയ്തത് മാണിക്കനാണണെന്ന് നേതാവ് അറിഞ്ഞിട്ടും പൊലീസ് നടപടിയൊന്നുമില്ല. അതവിടെ ഇരിക്കട്ടെ. മന്ത്രവാദികളെയും പൂജാരികളെയും ഒടിയന്മാരുടെയുമൊക്കെ തന്തയ്ക്ക് വിളിച്ചും നെഞ്ചത്ത് ചവിട്ടിയും ഒന്നുമല്ല കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വേരുപിടിച്ചതും അന്ധവിശ്വാസങ്ങളെ എതിരിട്ടതെന്നും നവോത്ഥാനം ചർച്ചയാകുന്ന ഈ വേളയിൽ ഓർമ്മിപ്പിക്കാതെ വയ്യ. പക്ഷേ ഒടിയനെ ഒരു വിശ്വാസ പ്രശ്നമാക്കി മാറ്റി മിത്തിഫൈ ചെയ്യാതെ മനുഷ്യനാക്കിയതിന് ശ്രീകുമാരമേനോനോട് നന്ദിയുണ്ട്. അല്ലെങ്കിൽ ഒടിയനെയും ദൈവമാക്കാൻ ആളുണ്ടാകുമായിരുന്നു.

മായുന്ന മഞ്ജു ഭാവം; തനി ടൈപ്പ് വേഷത്തിൽ പ്രകാശ് രാജ്

ഈ സിനിമകൊണ്ട് എറ്റവും ദോഷം ഉണ്ടായത് മോഹൻലാൽ ഒഴികെയുള്ള നടീ നടന്മാർക്കാണ്. തെന്നിന്ത്യ മുഴുവൻ തിളങ്ങിനിൽക്കുന്ന പ്രകാശ് രാജിന്റെ വില്ലനൊക്കെ തനി രാജാപാർട്ട് സ്വഭാവത്തിലാണ്. കണ്ണുതള്ളിനോക്കുന്നതിനെയും മുഖം കൊണ്ട് ഗോഷ്ടികാട്ടുന്നതിനെയും അഭിനയമെന്ന് വിളിക്കരുതെന്നാണ് പ്രസംഗിക്കാറുള്ളത്‌ സാക്ഷാൽ
പ്രകാശ് രാജ് തന്നെയാണ്. ഇനി നമ്മുടെ പ്രിയപ്പെട്ട മഞ്ജുവാര്യരും നന്നായി ബോറടിപ്പിക്കുന്നുണ്ട്. 'ഊണ് കാലായി'..എന്ന് നീട്ടിപ്പറഞ്ഞ് മിമിക്രിക്കാർ കളിയാക്കുന്ന തനി ഓട്ടുരുളി വള്ളുവനാടൻ ഭാഷയിൽ നന്നായി ലാഗടിപ്പിക്കുന്നുണ്ട് ലേഡി സൂപ്പർസ്റ്റാറും. ഒരു ഇളിഭ്യച്ചിരി മുഖത്തൊട്ടിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കിനിന്നാൽ ഭാവാഭിനയം എന്നൊക്കെ പറയുന്ന കാലം കഴിഞ്ഞുവെന്ന് മഞ്ജുവും ഓർക്കേണ്ടതാണ്.

ആറാം തമ്പുരാൻ പോലുള്ള ചിത്രങ്ങളിലെ കുറിക്കുകൊള്ളുന്ന ലാൽ- മഞ്ജുവാര്യർ ഡയലോഗ് കണ്ടവർ ഈ ചിത്രത്തിലെ നാടക-അച്ചടി ഭാഷയും അടൂർ ഗോപാലകൃഷ്ണനോട് കിടപിടിക്കുന്ന മന്ദതയ്യാർന്ന രംഗങ്ങളും കാണുമ്പോൾ ചിരിച്ചുപോവും. ഇവിടെയൊക്കെ എഡിറ്ററുടെ കത്തി വെക്കുകയാണെങ്കിൽ പ്രേക്ഷകർക്ക് അത്രയും ആശ്വാസം കിട്ടിയേനെ. സിദ്ദീഖും ഇന്നസെന്റുമടുക്കമുള്ള ഒട്ടുമിക്ക താരങ്ങളും ഈ പടത്തിൽ കൃത്രിമവും നാടകച്ഛായ കലർന്ന ഡയലോഗുമാണ് പറയുന്നത്. ഇന്നസെന്റിന്റെ ഭാവാഭിനയം മാരകം! ഫാൻസിനെ കൊണ്ട് കൈയടിപ്പിക്കാൻ ഒറ്റ സീനിൽ ആന്റണി പെരുമ്പാവൂരിനെ ഇറക്കിയും, മേനോൻ വെറുപ്പിക്കുന്നുണ്ട്. ( ഇനി എപ്പോഴാണ് ആന്റണി കഥയും തിരക്കഥയും എഴുതി നായകനാവുക എന്നേ അറിയാനുള്ളൂ)

പക്ഷേ മോഹൻലാൽ സ്‌ക്രീനിൽ വരുമ്പോഴൊക്കെ കളിമാറുന്നുണ്ട്. പോത്തായും മാനായും പന്നിയായുമൊക്കെയുള്ള ഒടിയന്റെ പരകായകപ്രവേശം ഒന്നുകാണേണ്ടതുതന്നെയാണ്. തേൻകുറിശ്ശിയിലെ യുവാവായ മാണിക്യനെ കാണുമ്പോൾ അസൂയ തോന്നുന്നു. ഒരു ആനിമേഷൻ ജീവിയെപ്പോലെ എത്ര പെട്ടന്നാണ് ഈ നടൻ തടികൂട്ടുന്നതും കുറയ്ക്കുന്നതുമൊക്കെ. പത്തിരുപത് ഒടിയന്മാരെ ഇറക്കിക്കൊണ്ടുള്ള ക്ലൈമാക്സിലെ ഗ്രാഫിക്സും മാരകം തന്നെ. ഇഫക്ട്സിന്റെയും ഫോട്ടോഗ്രാഫിയുടെയുമൊക്കെ വൻ സാധ്യതകൾ ഒടിയനിൽ ഉണ്ടെന്നതും ശ്രീകുമാരമേനോന്റെ മറ്റൊരു തള്ളായിട്ടേ ഈ ലേഖകന് തോന്നിയിട്ടുള്ളൂ. സംഗീതമോ പശ്ചാത്തലമോ ഒന്നും തന്നെ ഒരു ശരാശരി മലയാള സിനിമയിൽ നിന്ന് ഉയരുന്നില്ല. പിന്നെന്താണ് ഈ പടത്തിന്റെ ഹോളിവുഡ്ഡ് നിലവാരം. തള്ള്‌ മൊത്തം തള്ള്. മോനോൻ സാറെ, നിങ്ങളെ നമിച്ചിരിക്കുന്നു. മലയാളസിനിമയിലെ തള്ളന്താനം എന്ന് ആവാതിരിക്കട്ടെ താങ്കളുടെ വിളിപ്പേര്.

വാൽക്കഷ്ണം:എന്തൊക്കെ പറഞ്ഞാലും ഈ ലേഖകനൊക്കെ ആഗ്രഹിച്ചതായിരുന്നു ഒടിയന്റെ സാമ്പത്തിക വിജയം. മലയാള സിനിമയുടെ ഗ്ലോബൽ മാർക്കറ്റിങ്ങിന്റെ വിഷയം കൂടിയായിരുന്നു ഇത്. 37 രാജ്യങ്ങളിൽ റിലീസ് എന്നാൽ നിസ്സാരകാര്യമാണോ.നമ്മുടെ വിപണി എത്രമാത്രം വലുതാണ് നമ്മുടെ ബജറ്റ് എത്രമാത്രം പോവാം എന്നതിന്റെയൊക്കെ പരീക്ഷണം കൂടിയായിരുന്നു ഒടിയൻ. പക്ഷേ തള്ളല്ലാതെ കൈയിൽ പ്രതിഭയില്ലാത്ത ശ്രീകുമാരമേനോൻ അതൊക്കെ തകർത്തു. എന്തായാലും രണ്ടാമൂഴത്തിൽ ( അടുത്ത ചിത്രത്തിൽ) തള്ളില്ലാതെ അദ്ദേഹത്തിന് വിജയിക്കാൻ കഴിയട്ടെ.

(ഈ ചലച്ചിത്ര നിരൂപണം ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മറുനാടൻ മലയാളിയുടേതല്ല.)