തിരുവനന്തരപുരം; ലോകമെമ്പാടുമായി മോഹൻലാൽ ചിത്രം ഒടിയൻ നാളെ പ്രദർശനത്തിന് എത്താനിരിക്കെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മരണം രാഷ്ട്രീയ കേരളത്തിനും കേരള ജനതയ്ക്കും നാണക്കേടുണ്ടാക്കുന്നതെന്ന് ബിജെപി. അയ്യപ്പ ഭക്തരുടെ പൊതു വികാരമാണ് ഇത്. അയ്യ ഭക്തരുടെ വികാരം വൃണപ്പെടുത്തുന്ന രീതിയിൽ ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതിന്റെ ഫലമാണ് ഈ ആത്മഹത്യയെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തുന്നു.

എന്നാൽ ഹർത്താൽ പ്രഖ്യാപിച്ചത്തോടെ സോഷ്യൽ മീഡിയയിൽ ബിജെപിക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. മോഹൻലാൽ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് കാത്തുകാത്തിരുന്ന ആ ദിവസമാണ് നാളെ. ഇതോടെ സംഘപരിവാറുകാരായ ആരാധകർ പോലും ഇതിനെ വിഡ്ഡിത്തത്തിൽ പ്രഖ്യാപിച്ച ഹർത്താലെന്നാണ് വിലയിരുത്തുന്നത്. സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ ചൂടപ്പം പോലെയായിരുന്നു വിറ്റുതീർന്നിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടിനും ഗംഭീര സ്വീകരണം സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നു.

അതേസമയം താൻ ആത്മഹത്യ ചെയ്തത് തുടർന്ന് ജീവികാൻ താൽപര്യമില്ലാത്തതിനാലാണെന്ന് വേണുഗോപാലൻ നായർ മരണമൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ജീവിതം തുടരാൻ താൽപ്പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത്. രാത്രി വീട്ടിൽ നിന്നിറങ്ങി സ്റ്റാച്യൂവിലെത്തി ആത്മഹത്യ ചെയ്തു. മണ്ണെണ്ണയാണ് ഉപയോഗിച്ചത്. ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. ശബരിമല വിഷയമോ പ്രതിഷേധമോ സമരമോ ഒന്നും മൊഴിയിൽ പറഞ്ഞിട്ടില്ല. മൊഴികൊടുത്ത് അധികം കഴിയാതെ വേണുഗോപാലൻ നായർ മരിക്കുകയും ചെയ്തു. എന്നാൽ ബിജെപിയുടെ ഹർത്താലാകട്ടെ മരണം രാഷ്ട്രീയ കേരളത്തിനും കേരള ജനതയ്ക്കും നാണക്കേടുണ്ടാക്കുന്നു എന്ന് പറഞ്ഞാണ്.

ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ഒടിയൻ തീയേറ്ററുകളിലെത്തുന്ന ദിവസം. ലോകമാകമാനം ഒരേദിവസം തീയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാവും ഫ്രാൻസ്, ഉക്രെയ്ൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ 3500 ഓളം തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യപ്പെടും. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദർശനത്തിനെത്തുക.ലാലേട്ടന്റെ ലോകമെമ്പാടുമുള്ള ആരാധകർ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഡിസംബർ നാളെ റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേൽക്കാനുള്ള തയ്യറെടുപ്പുകളെല്ലാം നേരത്തെ തുടങ്ങിയിരുന്നു. കേരളത്തിലും വിദേശത്തുമുള്ള തിയ്യേറ്ററുകളിലെല്ലാം തന്നെ ഒടിയൻ പ്രതിമകൾ സ്ഥാപിച്ചിരുന്നു.

കേരളത്തിലും റെക്കോർഡ് റിലീസ് ആവുമായിരുന്നു ചിത്രം. തിരുവനന്തപുരത്ത് മാത്രം 139 പ്രദർശനങ്ങളാണ് നാളെ ഒടിയന് ഒരുക്കിയിരുന്നത്. ഇതിൽ പകുതിയിലധികം ഷോകളും ഓൺലൈൻ ബുക്കിങ് വഴി ഇതിനകം ഹൗസ്ഫുൾ ആയിട്ടുണ്ട്. മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ മൾട്ടിപ്ലെക്സിലാണ് ഏറ്റവുമധികം പ്രദർശനങ്ങൾ. റിലീസ്ദിനം 27 പ്രദർശനങ്ങളാണ് ചിത്രത്തിന്. ന്യൂ തീയേറ്ററിലെ മൂന്ന് സ്‌ക്രീനുകളിലായി 21 പ്രദർശനങ്ങളുണ്ട് നാളെ. പുലർച്ചെ 4.30 മുതൽ രാത്രി 11.59 വരെയാണ് 21 ഷോകൾ. ഇതിൽ മിക്ക പ്രദർശനങ്ങൾക്കും കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. ഒരു മലയാളചിത്രത്തിന് തിരുവനന്തപുരത്ത് ഇത്രയധികം ഇനിഷ്യൽ പ്രദർശനങ്ങൾ ആദ്യമായാണ്. ഇതിനിടയിലേക്കാണ് ബിജെപിക്കാർ ഹർത്താലുമായി എത്തിയത്.

പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിർവ്വഹിക്കുന്നത്.

ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാൽ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പുലിമുരുകന് ശേഷമെത്തുന്ന ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രം കൂടിയാണ് ഒടിയൻ..