- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുസരണയില്ലെന്ന പേരിൽ ആറുവയസുകാരിയുടെ കണ്ണിൽ മുളകുതേച്ച് ശിക്ഷിച്ച സംഭവം: മാതാപിതാക്കൾക്കെതിരെ കേസ്; കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പീഡനമെന്നും ആരോപണം; കേസെടുത്തത് സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
വെള്ളരിക്കുണ്ട്: അനുസരണയില്ല എന്ന് പറഞ്ഞ് ആറുവയസുകാരിയുടെ കണ്ണിൽ മുളക് തേച്ച് ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കൾക്കെതിരേ കേസെടുത്തു. ചിറ്റാരിക്കാൽ പറമ്പ കോളനിയിലെ ദമ്പതികളുടെ ആറുവയസുള്ള മകൾക്കാണ് ക്രൂര പീഡനം ഏൽക്കേണ്ടിവന്നത്. ദമ്പതികൾ കുട്ടിയുടെ കണ്ണിൽ മുളക് തേക്കുന്നതു കണ്ട പരിസരവാസികൾ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കുട്ടിയെ അയൽപക്കത്തെ വീട്ടിലേക്ക് മാറ്റിയശേഷം മാതാപിതാക്കൾക്കെതിരേ പൊലീസിൽ വിവരമറിയിച്ച് കേസെടുപ്പിക്കുകയായിരുന്നു. എസ്‌ഐ.കെ പ്രശാന്തിനാണ് കേസന്വേഷണ ചുമതല. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാതാപിതാക്കൾക്കെതിരേ കേസെടുത്തത്. ഇരുവരെയും റിമാൻഡ് ചെയ്യുമെന്ന് വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു.
കുട്ടിയുടെ സഹോദരിയെയും മുൻപ് ഇത്തരത്തിൽ മാതാപിതാക്കൾ പീഡിപ്പിച്ചിട്ടുണ്ട്. അതിനാൽ ആ കുട്ടി നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണയിൽ കഴിയുകയാണ്. കോളനിയിൽ കുട്ടികൾക്ക് നേരെ നിരന്തരം ബാല പീഡനം നടക്കുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ദളിത് വിഭാഗത്തിൽപ്പെട്ടവർ കുട്ടികളെ സർക്കാർ ഏറ്റെടുക്കണം എന്ന ഉദ്ദേശത്തോടെയാണ് പീഡിപ്പിക്കുന്നതെന്നാണ് വിവരം. അതിനാൽ മാതാപിതാക്കൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകർ നിർദ്ദേശം നൽകിയിരിക്കുകയാണ്. മുൻപുള്ള പരാതികളിൽ ഇതുവരെയും പൊലീസ് കേസെടുത്തിരുന്നില്ല. ഇനി കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ഒരു താക്കീത് എന്ന നിലയിലാണ് മാതാപിതാക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.