- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നും ചന്ദന വിഗ്രഹങ്ങൾ കാണാതായ സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; പരിശോധനകൾ നടത്തുന്നതിനും കൂടുതൽ ജാഗ്രത പാലിക്കുന്നതിനും എല്ലാ ഡി.എഫ്.ഒമാർക്കും വൈൽഡ് ലൈഫ് വാർഡന്മാർക്കും നിർദ്ദേശം
തിരുവനന്തപുരം: തിരുവനന്തപുരം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നും തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പരുത്തിപ്പള്ളി മുൻ റെയ്ഞ്ച് ഓഫീസർ ദിവ്യ എസ്.എസ് റോസ്, നിലവിലെ റേഞ്ച് ഓഫീസർ ആർ വിനോദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ നിലവിലുള്ള കേസിൽ കോടതി ആവശ്യപ്പെട്ട പ്രകാരം തൊണ്ടി മുതൽ ഹാജരാക്കാൻ സാധിക്കാതെ വന്ന സംഭവത്തിൽ വനം മേധാവിയുടെ റിപ്പോർട്ട് ലഭിച്ചതായും റിപ്പോർട്ടിൽ പരാമർശിച്ച പ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
റിപ്പോർട്ട് പ്രകാരം കേസിലെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ മുൻ റേയ്ഞ്ച് ഓഫീസർ ദിവ്യ എസ് എസ് റോസ്, ഇപ്പോഴത്തെ റേഞ്ച് ഓഫീസർ ആർ വിനോദ് എന്നിവരെ അച്ചടക്ക നടപടിക്ക് വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യാനാണ് വനം ഉപ മേധാവിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രസ്തുത ഉദ്യോഗസ്ഥർ കേരള ഫോറസ്റ്റ് കോഡ് അനുശാസിക്കും പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിക്കുന്നതിലും ചുമതല ഒഴിയുമ്പോഴും ഓരോ വർഷവും നടത്തേണ്ടതുമായ പരിശോധനകളിലും വീഴ്ച വരുത്തിയിട്ടുണ്ട്. പരുത്തിപ്പള്ളി റേയ്ഞ്ചിലെ പ്രസ്തുത കേസിലെ തൊണ്ടിമുതൽ നഷ്ടമായത് സംബന്ധിച്ച് കാട്ടാക്കട പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾ പരിശോധിച്ച് അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തത്തക്ക വിധം പരിശോധനകൾ നടത്തുന്നതിനും കൂടുതൽ ജാഗ്രത പാലിക്കുന്നതിനും എല്ലാ ഡി.എഫ്.ഒമാർക്കും വൈൽഡ് ലൈഫ് വാർഡന്മാർക്കും സർക്കിൾ ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തൊണ്ടിമുതലുകൾ ഹാജരാക്കാൻ വിചാരണ ആരംഭിച്ച ശേഷം കോടതി ആവശ്യപ്പെട്ടെങ്കിലും ആയത് കാൺമാനില്ല എന്നാണ് കോടതിയെ അറിയിച്ചത്.
ഇത്തരം വീഴ്ചകൾ നിസ്സാരമായി കാണാൻ പറ്റില്ല എന്നും കോടതിയിൽ നൽകേണ്ട തെളിവ് നശിപ്പിക്കുന്നതിന് സമാനമാണ് ഇത് എന്നും പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ ഇത് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. അനധികൃതമായി ചന്ദന തടികൾ കൈവശം വെച്ച് ഉപയോഗിച്ച് വിഗ്രഹങ്ങൾ പണിത് വിൽക്കാൻ ശ്രമിച്ച കുറ്റത്തിന് 2016-ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഒൻപത് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ വിഗ്രഹവും ഉൾപ്പെടെയുള്ള വിവിധ തൊണ്ടിമുതലുകളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ