- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ് പരീക്ഷ എഴുതാൻ വന്ന പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചു; ഒരുവിദ്യാർത്ഥിനി പൊട്ടിക്കരഞ്ഞപ്പോൾ പരീക്ഷയാണോ ഡ്രസ് അഴിച്ചുപരിശോധിക്കുന്നതാണോ നിനക്ക് വലുതെന്ന് ഉദ്യോഗസ്ഥയുടെ അപമാനിക്കലും; പരീക്ഷ ശരിക്കും എഴുതാനും ആയില്ല; ആയൂർ സംഭവത്തിൽ റൂറൽ എസ്‌പിക്ക് പരാതി
കൊല്ലം: നീറ്റ് പരീക്ഷ എഴുതാൻ വന്ന പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. ശൂരനാട് സ്വദേശിനി റൂറൽ എസ്‌പിക്ക് പരാതി നൽകി. അടിവസ്ത്രം ഊരിയ ശേഷം മാത്രമാണ് വിദ്യാർത്ഥിനിയെ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവദിച്ചത്.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച പരിശോധനയിലാണ് ദുരനുഭവം. അടിവസ്ത്രത്തിൽ മെറ്റൽ വസ്തുവുള്ളതിനാൽ ഊരിമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് വിദ്യാർത്ഥിനിക്ക് വലിയ മാനസികബുദ്ധിമുട്ട് നേരിട്ടതോടെ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ഇവർ പറയുന്നു.
പരീക്ഷയ്ക്കെത്തിയ ഭൂരിഭാഗം വിദ്യാർത്ഥിനികൾക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.
18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടർന്ന് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. പരീക്ഷയാണോ ഡ്രസ് അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുത് എന്നായിരുന്നു വിദ്യാർത്ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. മാറി നിന്ന് കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥൻ എത്തിയ ശേഷം കാര്യം തിരക്കി. കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റിൽ എത്താൻ പറയുകയും ഷോൾ വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് അമ്മയുടെ ഷാൾ നൽകുകയുമായിരുന്നു.
പിന്നീടാണ് ഭൂരിഭാഗം വിദ്യാർത്ഥിനികൾക്കും ഇതേ അനുഭവമുണ്ടായി എന്ന് മനസ്സിലാക്കാൻ സാധിച്ചതെന്ന് രക്ഷിതാവ് പറയുന്നു. നീറ്റ് പരീക്ഷയ്ക്ക് എത്തുന്നവർ ലോഹം കൊണ്ടുള്ള വസ്തുക്കൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. അതിനാലാണ് സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. സംഭവത്തെ തുടർന്ന് കുട്ടിക്ക് പരീക്ഷ ശരിയായ രീതിയിൽ എഴുതാൻ കഴിഞ്ഞില്ലെന്നും അറിയാവുന്ന ഉത്തരങ്ങൾ പോലും എഴുതുന്നതിന് കഴിയാതെ വന്നുവെന്നും രക്ഷിതാവ് പറയുന്നു.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ കാറിൽവെച്ച് പരീക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴാണ് കുട്ടി പൊട്ടിക്കരയുകയും പരീക്ഷയെഴുതുന്നതിനിടെ തനിക്കുണ്ടായ മാനസിക സംഘർഷം വീട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തത്. തനിക്ക് നേരിട്ട മാനസികാഘാതത്തിൽ നിന്ന് കുട്ടി ഇനിയും മുക്തയായിട്ടില്ല. ശൂരനാട് സ്വദേശിനിയായ മറ്റൊരു വിദ്യാർത്ഥിനിക്കും സമാനമായ അനുഭവമുണ്ടായി എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
പരാതി നൽകിയ വിദ്യാർത്ഥിനിയുടെ പിതാവിന്റെ പ്രതികരണം
നീറ്റ് പരീക്ഷയ്ക്ക് ഞാൻ കുട്ടിക്കൊപ്പം പോകുന്നത് ആദ്യമായിട്ടല്ല. എന്റെ മൂത്തമകൾ നീറ്റ് പരീക്ഷയിൽ റാങ്ക് നേടിയിരുന്നു. ഭാര്യ ഹയർസെക്കണ്ടറി അദ്ധ്യാപികയാണ്. നിർദ്ദേശങ്ങളെല്ലാം കൃത്യമായി പഠിച്ച്, പാലിച്ചാണ് പരീക്ഷയ്ക്ക് പോയത്. ഇത് ഒരു കുട്ടിയുടെ അനുഭവം മാത്രമല്ല. പരീക്ഷക്കെത്തിയ 90 ശതമാനം പെൺകുട്ടികളും അടിവസ്ത്രം ഊരിമാറ്റിയാണ് പരീക്ഷ എഴുതിയത്. കരഞ്ഞുകൊണ്ടാണ് പെൺകുട്ടികൾ പുറത്തേക്ക് വന്നത്. എട്ടാം ക്ലാസ് മുതൽ നീറ്റിന് വേണ്ടി തയ്യാറെടുക്കുന്നതാണ് എന്റെ മകൾ. സംഭവത്തിൽ കോളേജ് അധികൃതർക്ക് പങ്കില്ല, ചടയമംഗലത്തെ ഏജൻസിക്കാണ് ചുമതല നൽകിയതെന്നാണ് എസ്‌പി പരാതി അന്വേഷിച്ച ശേഷം പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ