ന്ത്യയിൽ നിന്ന് ഗാർഹിക ജോലിക്കായി സ്ത്രീകളെ റിക്രൂട്ട്‌ചെയ്യാൻ സ്‌പോൺസർ 720 ദിനാറിന്റെ ബാങ്ക് ഗ്യാരണ്ടി ഹാജരാക്കണമെന്ന ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശം ഇന്ത്യക്കാർക്ക് തന്നെ വിനയാകുന്നു. ഈ നിർദ്ദേശത്തിനെതിരെ കുവൈത്ത് പാർലമെന്റിൽ എംപിമാർ ഒന്നടങ്കം പ്രതിഷേധ സ്വരമുയർത്തിയിരിക്കുകയാണ്.ഇന്ത്യൻ എംബസിയുടെ പുതിയ തീരുമാനം ചൊടിപ്പിച്ച പാർലമെന്റംഗങ്ങൾ ഇന്ത്യക്കാർക്കു ലേബർ വിസ നൽകുന്നതു നിർത്തണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ സെപ്റ്റംബർ 11നാണ് എംബസി ഇന്ത്യയിൽ നിന്നു വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിന് ബാങ്ക് ഗാരന്റി ഏർപ്പെടുത്തിയത്. 2008ൽ ജി.സി.സി. തലത്തിൽ നടപ്പിലാക്കാനായി കേന്ദ്രതലത്തിൽ എടുത്ത തീരുമാനം നടപ്പിലാക്കുകമാത്രമാണ് ഇപ്പോൾ ചെയ്തത് എന്നാണ് എംബസിയുടെ വിശദീകരണം.ഫൈസൽ അൽ കന്ദരി എംപിയാണ് ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിർത്തണമെന്നും ഇന്ത്യക്കാർക്ക് വർക്ക് പെർമിറ്റ് അനുവദിക്കരുതെന്നു മാവശ്യപ്പെട്ട് രംഗത്തെത്തിയത്. കുവൈത്തിലെ നിയമങ്ങളും വ്യവസ്ഥകളും അട്ടിമറിക്കാൻ ഇന്ത്യൻ എംബസ്സിയെ അനുവദിക്കരുതെന്നും എംപി അഭ്യർത്ഥിച്ചു.അതിന് മുമ്പ് കമാൽ അൽ അവാദി എംപിയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്നു തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് വിദേശകാര്യ സെക്രട്ടറി ഖാലിദ് അൽ ജാറല്ല ഇന്ത്യൻ സ്ഥാനപതി സുനിൽ കെ. ജയിനു കത്തയച്ചിരുന്നു.

തീരുമാനം പുനപ്പരിശോധിക്കാൻ ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കൊണ്ട് വരുന്നത് താൽകാലികമായി നിർത്തിവെക്കണമെന്നും നിലവിൽ രാജ്യത്തുള്ള ഇന്ത്യക്കാർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കരുതെന്നും ഫൈസൽ അൽ കന്ദരി കുവൈത്ത് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇന്ത്യൻ വീട്ടു വേലക്കാരികളുടെ ക്ഷേമം മുൻനിർത്തിയുള്ള നടപടിയുമായി മുന്നോട്ടു പോകും എന്ന് തന്നെയാണ് ഇന്ത്യൻ എംബസ്സിയുടെ നിലപാട്. ജന പ്രതിനിധികൾ നിബന്ധനക്കെതിരെ വിമർശങ്ങളുമായി രംഗത്ത് വരുന്നുണ്ടെങ്കിലും സർക്കാർ തലത്തിൽ ഇത് വരെ ബാങ്ക് ഗ്യാരണ്ടി നിബന്ധനക്കെതിരെ എതിർപ്പുകളൊന്നും ഉണ്ടായിട്ടില്ല എന്നാണു വിവരം.

കുവൈത്തിൽ 7.6 ലക്ഷം ഇന്ത്യക്കാരുള്ളതിൽ മൂന്ന് ലക്ഷം ഗാർഹിക മേഖലയിലാണുജോലിയെടുക്കുന്നത്. ഗാർഹിക ജോലിക്കായി സ്ത്രീതൊഴിലാളികളെ ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്നതിന് ബാങ്ക് ഗാരന്റി ഏർപ്പെടുത്താനുള്ള തീരുമാനം റിക്രൂട്ട്‌മെന്റിനെ ബാധിച്ചിട്ടുണ്ട്. ആഴ്ചയിൽ 1500ൽ അധികം ഇന്ത്യക്കാർ വിവിധതരം വിസകളിൽ കുവൈത്തിൽ എത്തിയിരുന്നു. അതിലേറെയും ഗാർഹിക തൊഴിലാളികളായിരുന്നു. ദിനംപ്രതി നൂറിലധികം സാക്ഷ്യപ്പെടുത്തലുകൾ നടന്നിരുന്ന എംബസിയിൽ നിയമം പ്രാബല്യത്തിൽ വന്നശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് അഞ്ചും ആറുമായി ചുരുങ്ങി.