റിയാദ്: സൗദിയിൽ രാജകുടുംബങ്ങൾ പല സൗകര്യങ്ങളും ആസ്വദിച്ചിരുന്നു. വെള്ളവും വൈദ്യുതിയും സൗജന്യം. കടുത്ത സാമ്പത്തിക കമ്മി നേരിടുന്നതിന് സർക്കാർ നടപ്പാക്കിയ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സബ്സിഡികൾ വെട്ടിക്കുറയ്ക്കുകയും മൂല്യവർധിത നികുതികൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ രാജ കുടുംബാംഗങ്ങൾക്ക് നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങളിലും സർക്കാർ കുറവു വരുത്തിയിരുന്നു.

കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം പാവങ്ങൾക്ക് താങ്ങും തണലുമാവുക. എന്നാൽ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് രാജകുടുംബാഗങ്ങളെ തന്നെ ചൊടിപ്പിച്ചു. ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധിച്ച 11 സൗദി രാജകുമാരന്മാർ എത്തി. ഇവരെ അറസ്റ്റ് ചെയ്ത് തടവിലിടാനായിരുന്നു മുഹമ്മദ് ബിൻ സൽമാൻ നിർദ്ദേശിച്ചത്.

രാജകുടുംബാംഗങ്ങൾക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിനെതിരെ റിയാദിലെ ഒരു കൊട്ടാരത്തിൽ ഒത്തുചേരുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടിയുണ്ടായതെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. വെള്ളം, വൈദ്യുതി തുടങ്ങിയ ദൈനംദിനാവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെയാണ് 11 രാജ കുടുംബാംഗങ്ങൾ സർക്കാരിന്റെ അധീനതയിലുള്ള കൊട്ടാരത്തിൽ ഒത്തുചേർന്നത്. ഇവർ തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും കൊട്ടാരം വിട്ടുപോകാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇവരെ തടവിലാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു.

ഇവർക്കെതിരായി വിചാരണ നടപടികൾ ആരംഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തടവിലായവർ ആരൊക്കെയന്നതു സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമല്ല. ദി ഭരണത്തിലെ പിന്തുടർച്ചാവകാശത്തിൽ മാറ്റം വരുത്തിയ സൽമാൻ രാജാവിന്റെ നീക്കം അഭിപ്രായ ഭിന്നതകൾക്കൊടുവിലായിരുന്നു. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ മാറ്റി മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി സൽമാൻ രാജാവ് പ്രഖ്യാപിച്ചത് അസ്വാഭാവിക നടപടിയാണ്. ഇതിന് ശേഷം വമ്പൻ പരിഷ്‌കാരങ്ങളാണ് സൽമാൻ രാജകുമാരൻ കൊണ്ടുവന്നത്. അഴിമതിക്കാരായ രാജകുടുംബാഗങ്ങളെ ജയിലിൽ അടയ്ക്കുകയും ചെയ്തു.

സൗദിയുടെ സാമ്പത്തിക രംഗത്ത് നിർണായക ഇടപെടലുകളാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് മാത്രം സാമ്പത്തിക വളർച്ച എന്ന സൗദിയുടെ സാമ്പ്രദായിക രീതി മാറ്റാനാണ് രാജകുമാരന്റെ പ്രധാന നീക്കം.