മെൽബൺ: യൂബർ ഡ്രൈവർമാർക്കെതിരെ പുതിയ നടപടികളുമായി റോഡ്‌സ് ആൻഡ് മാരിടൈം സർവ്വീസസ് രംഗത്ത്.  ഡ്രൈവർമാരെ കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് റൈഡ് ഷെയറിങ്ങ് സർവ്വീസ് നൽകുന്ന 40 വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് ഏജൻസി സസ്‌പെന്റ് ചെയ്തത്. ഇതു പ്രകാരം മൂന്നു മാസത്തേക്ക് ഡ്രൈവർമാർക്ക് ഈ വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കില്ല.

എൻഎസ്ഡബ്ലു പാസഞ്ചർ ട്രാൻസ്‌പോർട്ട് ആക്ട് അനുസരിച്ച് സ്വകാര്യ കാറുകളിൽ ടാകസി സർവ്വീസുകൾ നടത്തുന്ന യൂബർ സർവ്വീസുകൾ നിയമ വിരുദ്ധമാണ്. ഇത്തരക്കാരിൽ നിന്നും ഗവൺമെന്റ് വൻ തുകയാണ് ഫൈൻ ആയി ഈടാക്കിയിരുന്നത്. റൈഡ് ഷെയറിങ്ങിനായി തങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കുകയോ ഉപയോഗിക്കാൻ നൽകുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആർഎംഎസ് സേഫ്റ്റി ആൻഡ് കംപ്ലൈൻസ് ഡയറക്ടർ പീറ്റർ വെൽസ് പറഞ്ഞു. ഇപ്പോൾ തന്നെ ഇത്തരക്കാരിൽ നിന്നും വലിയ തുകകൾ ഫൈൻ ഈടാക്കുന്നുണ്ടെന്നും ഇനിയും ആവർത്തിച്ചാൽ രജിസ്‌ട്രേഷൻ സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

രജിസ്‌ട്രേഷൻ സസ്‌പെന്റ് ചെയ്തതിനെ നിയമത്തിന്റെ വഴികളിലൂടെ നേരിടുമെന്ന് യൂബർ വക്താവ് പറഞ്ഞു. രജിസ്‌ട്രേഷൻ നഷ്ടപ്പെട്ട ഡ്രൈവർമാർക്ക് അനുകൂലമായി എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്നതിനെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. അതേസമയം സെപ്റ്റംബർ 30 മുതൽ സസ്‌പെൻഷൻ പ്രാബല്ല്യത്തിൽ വരും.