- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൻഡൊറ രേഖകളിൽ കുടുങ്ങി ഐപിഎൽ; രണ്ട് ടീമുകളിലേക്ക് പണമെത്തിയത് വിദേശത്തു നിന്ന്; രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളിലേക്ക് കുരുക്കിൽ; പണമെത്തിയത് ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നും; ടീം ഉടമകൾക്ക് ലളിത് മോദിയുമായി ബന്ധം
ന്യൂഡൽഹി: പൻഡൊറ രേഖകളിൽ കുടുങ്ങി ഐപിഎല്ലും. അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് (ഐ.സിഐ.ജെ) പുറത്തുവിട്ട പാൻഡൊറ രേഖഖളിൽ ഐപിഎല്ലിലേക്ക് വിദേശത്ത് നിന്ന് ഫണ്ട് ഒഴുകിയതിന്റെ വിവരങ്ങളും പുറത്തുവന്നു. ഐ.പി.എല്ലിലെ രണ്ട് ടീമുകൾക്കാണ് പാൻഡൊറയുമായി ബന്ധമുള്ളത്. പാൻഡൊറ രേഖകൾ പ്രകാരം ഐ.പി.എല്ലിലെ രണ്ട് ടീമുകളിലേക്കുള്ള പണം എത്തിയത് വിദേശത്തുനിന്നാണ്.
രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളിലേക്കാണ് വിദേശപണം ഒഴുകിയിരിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്. ബ്രിട്ടീഷ് പൗരന്മാരായ ഇന്ത്യൻ വംശജരാണ് ടീം ഉടമകളെന്ന് പാണ്ടോറ രേഖകൾ സൂചിപ്പിക്കുന്നു. ടീം ഉടമകൾക്കെല്ലാം ഐ.പി.എല്ലിന്റെ ബുദ്ധികേന്ദ്രമായ ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ട്.
വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുള്ള ഇന്ത്യക്കാരുടെ പേരുകൾ ഈയിടെയാണ് ഐ.സിഐ.ജെ പുറത്തുവിട്ടത്. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും ഭാര്യ അഞ്ചലിയും ഭാര്യാപിതാവ് ആനന്ദ് മേത്തയുമെല്ലാം പട്ടികയിലുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കേന്ദ്രസർക്കാർ അന്വേഷണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ടി) ചെയർമാനായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക.
ഇന്ത്യൻ പൗരത്വമുള്ള 380 പേരെങ്കിലും പാൻഡോര രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. റിസർവ് ബാങ്ക്, ഇഡി ,ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് പ്രതിനിധികളും അന്വേഷണ സംഘത്തിൽ ഉണ്ടാകും. ഉന്നതരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള 'പാൻഡോറ പേപ്പർ' വെളിപ്പെടുത്തലിൽ അന്വേഷണം നടത്താനാണ് തീരുമാനം. വിവിധ രാജ്യങ്ങളിലെ നേതാക്കൾ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ തുടങ്ങിയവർ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണു വെളിപ്പെടുത്തലിനു പിന്നിൽ.
ഇന്ത്യയിൽനിന്ന് ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, വ്യവസായി അനിൽ അംബാനി, വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ബയോകോൺ മേധാവി കിരൺ മജുംദാർ ഷായുടെ ഭർത്താവ് എന്നിവരുടെ പേരുകളുണ്ട്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട് . ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലന്റിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു.
ദ്വീപിലെ സാസ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കന്പനയിലെ ഡയറക്ടർമാരാണ് മൂവരുമെന്നാണ് റിപ്പോർട്ട്. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് മുൻപ് പനാമ പേപ്പർ വെളിപ്പെടുത്തലുണ്ടായപ്പോൾ സാസ് ഇന്റർനാഷണൽ ലിമിറ്റഡിൽ നിന്ന് സച്ചിൻ അടക്കമുള്ളവർ നിക്ഷേപം പിൻവലിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സച്ചിന്റെ നിക്ഷേപമെല്ലാം നിയമപരമാണെന്നും സച്ചിന്റെ അഭിഭാഷകന്റെ പ്രതികരണം.
യുകെ കോടതിയിൽ പാപ്പരാണെന്ന് അപേക്ഷ നൽകിയ അനിൽ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നാണ് പാൻഡോര പേപ്പറിലുള്ളത്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുൻപ് ഒരു മാസം മുൻപ് സഹോദരി പൂർവി മോദി ഒരു ട്രസ്റ്റ് രൂപീകരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി 2018 ൽ ബ്രിട്ടീഷ് വിർജിൻ ഐലന്റിലെ കമ്പനിയുടെ ഡയറക്ടറും അൻപതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും പാൻഡോര പേപ്പർ പറയുന്നു. സിനിമ താരം ജാക്കി ഷ്റോഫ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി അടുപ്പമുള്ളവർ, റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ, ജോർദാൻ രാജാവ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ തുടങ്ങിയവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻഡോര പേപ്പറിൽ വെളിപ്പെടുത്തലുണ്ട്.
വിവരങ്ങൾ പുറത്തുവിട്ട ഇന്ത്യൻ എക്സ്പ്രസ് ഇതുവരെ അറുപതോളം പ്രമുഖ വ്യക്തികളുമായും കമ്പനികളുമായും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പണക്കാരും പ്രശസ്തരും കുപ്രസിദ്ധരുമായ പലരും ഇതിനകം തന്നെ അന്വേഷണ ഏജൻസികളുടെ റഡാറിലായിരുന്നു എന്ന വിവരമാണ് പാൻഡോര രേഖകൾ വെളിപ്പെടുത്തന്നത്. ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ആസ്തി കൈമാറുന്നതിനുള്ള (എസ്റ്റേറ്റ് പ്ലാനിങ്) സങ്കീർണമായ ബഹുതല (മൾട്ടി-ലെയേഡ്) ട്രസ്റ്റ് ഘടനകളാണ് സ്ഥാപിച്ചിട്ടുള്ളത്.
പനാമ, പാരഡൈസ് രേഖകൾ യഥാക്രമം വ്യക്തികളും കോർപ്പറേറ്റുകളും സ്ഥാപിച്ച ഓഫ്ഷോർ സ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണമായിരുന്നു. കള്ളപ്പണം വെളിപ്പിക്കൽ, ഭീകരവാദ ഫണ്ടിങ്, നികുതി വെട്ടിപ്പ് എന്നിവ ഉയർത്തുന്ന ആശങ്കകളുടെ പേരിൽ അത്തരം ഓഫ്ഷോർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ കർശനമാക്കാൻ രാജ്യങ്ങൾ നിർബന്ധിതരായതിന് ശേഷം ബിസിനസുകൾ എങ്ങനെ ഒരു പുതു സാധാരണത്വം (ന്യൂ നോർമൽ) സൃഷ്ടിച്ചുവെന്ന് പാൻഡോര രേഖകൾ അന്വേഷണം വെളിപ്പെടുത്തുന്നു.
കോർപ്പറേറ്റ് മൂടുപടം അഴിച്ചുമാറ്റുകയും , ബിസിനസ്സ് കുടുംബങ്ങളുടെയും അതിസമ്പന്നരായ വ്യക്തികളുടെയും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്ക്കുക എന്ന ഏക ലക്ഷ്യത്തിനായി സ്ഥാപിച്ചിട്ടുള്ള ഓഫ്ഷോർ കമ്പനികളുമായി ചേർന്ന് എങ്ങനെയാണ് ട്രസ്റ്റുകളെ അതിനുള്ള മാധ്യമമായി അഥവാ വാഹനമായി ഉപയോഗിക്കുന്നത് എന്ന് പണ്ടോര രേഖകൾ വെളിപ്പെടുത്തുന്നു.
സമോവ, ബെലിസ്, പനാമ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, അല്ലെങ്കിൽ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂർ അല്ലെങ്കിൽ ന്യൂസിലാൻഡ്, അല്ലെങ്കിൽ ഏറ്റവും വലിയ, ശക്തമായ സമ്പദ്വ്യവസ്ഥയായ യുഎസിലെ സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ ട്രസ്റ്റുകൾ സ്ഥാപിക്കപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദേശ ട്രസ്റ്റുകൾ അവർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ കർശനമായ സ്വകാര്യതാ നിയമങ്ങൾ കാരണം സവിശേഷമായ രഹസ്യാത്മകത വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇത്തരം ' രഹസ്യ നിക്ഷേപങ്ങൾ'ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം.
മറുനാടന് ഡെസ്ക്