ലണ്ടൻ: അവധിക്ക് നാട്ടിലെത്തിയാൽ പ്രവാസികൾക്ക് പാറേൽ പള്ളിയിൽ പോയി ധ്യാനം കൂടാൻ പറ്റുമോ? പോട്ടെ ശബരിമലയ്ക്കു പോയാൽ പണിയാകുമോ? സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരം ചോദ്യങ്ങളുടെ പ്രളയമാണ്. വിഷയം ഒസിഐ കാർഡുള്ള വിദേശ പൗരന്മാരുടെ അവകാശത്തിൽ കൈവയ്ക്കാൻ ഉള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തന്നെ.

ഇരട്ട പൗരത്വം എന്നത് അവകാശമല്ല, ഔദാര്യമാണ് എന്ന് പറയാതെ പറയുകയാണ് ഇന്ത്യൻ സർക്കാർ എന്ന് പ്രയാസപ്പെടുന്നവരും ഏറെയുണ്ട്. കാരണം ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്തു വിദേശ പൗരത്വം സ്വീകരിക്കുമ്പോൾ ജന്മനാടിനോടുള്ള പൊക്കിൾ കൊടി ബന്ധം കൂടിയാണ് മുറിഞ്ഞു പോകുന്നത് എന്ന് ഓർമ്മിപ്പിക്കുകയാണ് ഒരിക്കൽ കൂടി ഒസിഐ കാർഡിന്റെ പേരിലുള്ള ആശങ്കകൾ.

ഇതുപക്ഷേ മിക്ക രാജ്യങ്ങളുടെയും നയം ഒന്നുപോലെയാണ് എന്നതിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. ഏതാനും വർഷം മുൻപ് യുകെയിൽ നിന്നും കേരളത്തിലേക്ക് നാടുകടത്തപ്പെട്ട ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശം ഉണ്ടായിരുന്ന മലയാളിയോട് കോടതി വ്യക്തമാക്കിയത് ബ്രിട്ടീഷ് പൗരത്വം നിങ്ങളുടെ അവകാശമല്ല, മറിച്ചു ഈ രാജ്യം നൽകുന്ന ഔദാര്യം ആണെന്നായിരുന്നു. ഇപ്പോൾ ഏറെക്കുറെ സമാനമായ തരത്തിലാണ് ഡൽഹിയിൽ നിന്നും വിദേശ ഇന്ത്യക്കാരെ തേടി കേന്ദ്ര സർക്കാർ സംസാരിക്കുന്നതും.

പ്രകോപനമായത് പൗരത്വ, കർഷക സമരങ്ങൾ

ഏറെ അവകാശങ്ങൾ അനുവദിച്ചാണ് ഇന്ത്യ പ്രവാസികൾക്ക് ഇരട്ട പൗരത്വം നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തുണ്ടായ പൗരത്വ സമരം, കർഷക സമരം എന്നിവയിൽ പ്രതീക്ഷിക്കാത്ത വിധം വിദേശ ഇന്ത്യക്കാരുടെ ഇടപെടൽ ഉണ്ടായി എന്നതാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. സമര മുഖങ്ങളിൽ ആളും അർത്ഥവും ഒഴുകുന്നത് പലപ്പോഴും കേന്ദ്ര സർക്കാരിന് കണ്ടുനിൽകേണ്ടിയും വന്നു. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തദ്ദേശീയ സർക്കാരുകളിൽ തങ്ങൾ ഇരട്ട പൗരത്വം ഉള്ളവരാണ് എന്ന ന്യായത്തോടെ സമ്മർദ്ദ ശക്തികളായി പ്രവാസികൾ മാറിയതും മാറിചിന്തിക്കാൻ കേന്ദ്ര സർക്കാരിന് മതിയായ കാരണമായിരുന്നു.

ബ്രിട്ടനിൽ ഇന്ത്യയിൽ നടക്കുന്ന കർഷക സമരം പാർലമെന്റിൽ വരെ ചർച്ച ആയ സാഹചര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഭരണത്തിൽ മറ്റു രാജ്യങ്ങൾക്കു അഭിപ്രായം പറയാൻ വേദി ഒരുക്കുന്ന ചാലക ശക്തികളായി പ്രവാസി സമൂഹം മാറുന്നുവെന്ന തിരിച്ചറിവ് കേന്ദ്ര സർക്കാരിന് ലഭിച്ചതും ഒസിഐ സംബന്ധിച്ച പുതിയ നിയമ മാറ്റത്തിൽ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. വോട്ടവകാശം വരെ പ്രവാസി ഇന്ത്യക്കാർക്കായി ആലോചന നടത്തുന്ന സർക്കാരാണ് ഇപ്പോൾ കൂടുതൽ കടുപ്പമുള്ള നിയമ നിർമ്മാണവുമായി രംഗത്ത് വരുന്നത് എന്നും നിരീക്ഷിക്കപ്പെടുന്ന വസ്തുതയാണ്.

കെ പി യോഹന്നാൻ മുതൽ സ്വർണ കള്ളക്കടത്തു വരെ

അടുത്തയിടെ കേരളത്തിൽ നടന്ന കെപി യോഹന്നാന്റെ ആസ്ഥാനത്തു കള്ളപ്പണ വേട്ട മുതൽ ഇപ്പോഴും അടങ്ങാത്ത സ്വർണക്കള്ളക്കടത്തു വരെയുള്ള സംഭവങ്ങളിൽ പ്രവാസികൾ പല തരത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നതാണ് കേന്ദ്ര സർക്കാരിന് അന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ടിലെ വിവരങ്ങളിൽ ഒന്ന്. വിദേശത്തു ജീവിച്ചു ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വരെ നിയന്ത്രിക്കുന്ന കറുത്ത ശക്തികളായി പ്രവാസികളിൽ ചിലർ മാറുന്നു എന്നതാണ് ഇതിനു അടിസ്ഥാനം.

എന്നാൽ ഇത്തരക്കാർ വളരെ കുറവാണെങ്കിലും അവരെ നിയന്ത്രിക്കാൻ കടുത്ത നിയമം ഏർപ്പെടുത്തുകയേ വഴിയുള്ളൂ എന്ന അവസ്ഥയിൽ എത്തപ്പെട്ടതോടെ ശരിക്കും വെള്ളം കുടിക്കുക സാധാരണക്കാരായ പ്രവാസികളായിരിക്കും. ഇക്കാര്യത്തിൽ സർക്കാർ വീണ്ടു വിചാരം നടത്തണമെങ്കിൽ ഏറെക്കാലത്തെ കാത്തിരിപ്പും സമ്മർദ്ദവും വേണ്ടിവരും. അതല്ലെങ്കിൽ ഒസിഐ കാർഡ് ഉടമകളുടെ അവകാശത്തിനു വേണ്ടി അമേരിക്കയിൽ നിന്നെത്തിയ ഇന്ത്യൻ ഡോക്ടർ ഡൽഹി കോടതിയിൽ നടത്തിയത് പോലുള്ള നിയമ പോരാട്ടം വേണ്ടിവരും.

സമരവും സമ്മേളനവും ഒന്നും വിദേശ പൗരത്വം ഉള്ള പ്രവാസിക്ക് വേണ്ട

വിദേശ പൗരത്വം ഉള്ള പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ സമരത്തിലും മത സമ്മേളനത്തിലും ഒക്കെ പങ്കെടുക്കുന്നത് വിലക്കുന്ന സർക്കാർ ഇക്കാര്യങ്ങൾ ഒക്കെ നോക്കാൻ നാട്ടുകാർ തന്നെ ധാരാളം എന്ന നിലപാടിലേക്കാണ് നീങ്ങുന്നത്. ഒസിഐ കാർഡ് ഉടമകൾക്ക് വോട്ടവകാശം ഇല്ലെങ്കിലും ഇത്തരം കാർഡ് കൈവശം വയ്ക്കുന്ന അമേരിക്കൻ, യൂറോപ്യൻ മലയാളികൾ പോലും പതിവായി തിരഞ്ഞെടുപ്പ് കാലത്തു കേരളത്തിലെത്തി ഇലക്ഷൻ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് പതിവ് കാഴ്ചയാണ്. പുതിയ നിയമമാറ്റത്തോടെ ഇതിനെല്ലാം പരിമിതികൾ ഉണ്ടായേക്കും എന്നാണ് പൊതു വിലയിരുത്തൽ.

നിയമ ഭേദഗതിയുടെ പ്രായോഗിക തലം എപ്രകാരം ആയിരിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണെന്നും നിയമകാര്യ വിദഗ്ദ്ധർ പറയുന്നു. അതേസമയം നേരിട്ട് സമരങ്ങളിൽ പങ്കെടുക്കുകയോ സമര സഹായം നൽകുകയോ ചെയ്താൽ സർക്കാർ കണ്ണുംപൂട്ടി നടപടി സ്വീകരിക്കാൻ ഉള്ള സാധ്യതയും ഏറെയാണ്. ഇതോടൊപ്പം മതസമ്മേളനങ്ങളിലും മറ്റും പങ്കെടുത്താൽ അവിടെ പാസാക്കുന്ന പ്രമേയങ്ങളിൽ സർക്കാർ വിരുദ്ധത ഉള്ളതാണെങ്കിൽ പ്രവാസി മലയാളിക്ക് നേരെ കേസെടുക്കുന്ന പക്ഷം വീണ്ടുമൊരിക്കൽ വിസ നിഷേധം ഉൾപ്പെടെയുള്ള ദയാരഹിത നടപടികളും പ്രതീക്ഷിക്കാം. ഇക്കാര്യത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇപ്പോൾ തന്നെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്.

സ്വത്തു കൈമാറ്റത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്, കേരളത്തിന് കനത്ത തിരിച്ചടിയാകും

മിക്ക പ്രവാസി മലയാളികളും ഇപ്പോൾ ആശങ്കയിൽ ആയിരിക്കുന്നത് തങ്ങളുടെ പൈതൃക സ്വത്തിന് എന്ത് സംഭവിക്കും എന്നതാണ്. യുദ്ധാനന്തര ശ്രീലങ്കയിൽ ആയിരക്കണക്കിന് ബ്രിട്ടീഷ് ശ്രീലങ്കൻ അഭയാർത്ഥികൾക്കു ജന്മനാട്ടിലെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടുന്നത് കണ്ണും പൂട്ടി കണ്ടുനിൽക്കേണ്ടി വന്നത് ഇത്തരം നിയമ പിൻബലത്തോടെയാണ്. ഇന്ത്യയിൽ പക്ഷെ വസ്തു കൈമാറ്റവും വിൽപ്പനയും റിസർവ് ബാങ്ക് അറിഞ്ഞിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവരുന്നത് കൃത്യമായി നികുതി പിടിച്ചെടുക്കാൻ വേണ്ടിയാകണം.

റിസർവ് ബാങ്ക് എന്നതുകൊണ്ട് കേന്ദ്ര ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റിനെയും അറിയിച്ചേ ഇനി വാങ്ങലും വിൽപനയും നടത്താനാകൂ എന്നതാകാം പ്രായോഗികമായി നടപ്പിലാക്കപ്പെടുക. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടായാൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ കേരളം കനത്ത വില തന്നെ നൽകേണ്ടി വരും. ഈ രംഗത്ത് വിദേശ മലയാളികൾ നേരിട്ടും അല്ലാതെയും ഒഴുക്കുന്ന പണമാണ് വസ്തു വിപണിയെ നിയന്ത്രിച്ചിരുന്നത് എന്നും പറയാം. ഈ പണവരവ് ഇല്ലാതായാൽ പ്രളയവും കോവിഡും തകർത്ത കേരളത്തിലെ ഭൂ വിൽപന രംഗത്ത് ഉണർവുണ്ടാകാൻ അനേക വർഷങ്ങളുടെ കാത്തിരിപ്പു തന്നെ വേണ്ടി വരും. കെട്ടിട നിർമ്മാണം, ഫ്‌ളാറ്റ് വിൽപന എന്നിവയിലൊക്കെ നിയമമാറ്റം ബാധിക്കാൻ തുടങ്ങിയാൽ എവിടെ ചെന്ന് നിൽക്കും എന്ന് കണ്ടറിയേണ്ടത് കൂടിയാണ്.

കേരളത്തിൽ നിന്നും പണം എത്തിക്കുന്നത് സർക്കാരിനെ അറിയിക്കേണ്ടി വരും

നിക്ഷേപത്തിന്റെ കാര്യത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ വിൽപനയുടെ കാര്യത്തിൽ അതിലും ഗതികേടാണ് വരാനിരിക്കുന്നത് എന്ന് അടുത്തിടെ യുകെ മലയാളികളിൽ ചിലരെ തേടിയെത്തിയ എച്ച്എംആർസിയുടെ മുന്നറിയിപ്പ് നോട്ടീസും കേന്ദ്ര സർക്കാരിന്റെ നിയമ മാറ്റത്തിനു ഒപ്പം ചേർത്ത് വായിക്കണം. നാട്ടിലെ സ്വത്തുവകകൾ സംബന്ധിച്ച വിശദാംശം ചോദിച്ചു അടുത്തിടെ ഒന്നിലേറെ പേർക്ക് കത്തുകൾ എത്തിയത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.

നാട്ടിൽ സ്വത്തു വിറ്റുകിട്ടിയ പണം യുകെയിൽ എത്തിച്ചാൽ അതിനു നികുതി നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ സാധാരണക്കാരായ ഒട്ടേറെ യുകെ മലയാളികളുടെ ചങ്കത്ത് അടിക്കുന്നതിനു തുല്യമാകും. പൈതൃക സ്വത്തു വിറ്റുകിട്ടുന്ന പണമാണ് ഇങ്ങനെ എത്തിക്കുന്നതെങ്കിൽ ആനുപാതികമായി യുകെയിലും നികുതി നൽകണം എന്നാണ് നിയമം അനുശാസിക്കുന്നത്.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാറുകളിൽ ഇത്തരം കാര്യങ്ങൾ ഇതിനകം ഉൾപ്പെടുത്തിയതിനാൽ വാങ്ങലും വിൽപനയും ഒക്കെ അതാതു സമയം രണ്ടു രാജ്യത്തും അറിയാൻ സംവിധാനം ഉണ്ടെന്നതും വസ്തുതയാണ്. ഇത്തരം കാര്യങ്ങൾ അറിവില്ലായ്മ കൊണ്ട് സംഭവിച്ചു എന്ന് വാദിച്ചാൽ പോലും ക്രിമിനൽ നിയമ നടപടി നേരിടേണ്ടി വരുന്ന സാഹചര്യമാണ് യുകെയിൽ നിയമം അനുശാസിക്കുന്നത്.

ബാങ്ക് വഴി എത്തുന്ന പണം ആയതിനാൽ കൃത്യമായ ട്രാൻസാക്ഷൻ വിവരങ്ങൾ എച്ച്എംആർസിക്ക് ലഭിക്കുകയും ചെയ്യും. പലരും വീട് വാങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വലിയ തുകകൾ എത്തിക്കുന്നത്. ഇയ്യിടെയായി മിക്ക ബാങ്കുകളും പണത്തിന്റെ ഉറവിടം കൃത്യമായി ചോദിച്ചു മനസിലാക്കുകയും അത് രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ ഉത്തരം പറയേണ്ട പണത്തിന്റെ വരുമാന സ്രോതസ് തന്നെയാണ് പൈതൃക സ്വത്തു വിൽപനയും പണകൈമാറ്റവും എന്നത് വ്യക്തം.